വസ്ത്രം അഴിപ്പിക്കലല്ല, ഉടുപ്പിക്കലാണ് സാംസ്കാരിക പുരോഗതി -അഹ്മദ് അനസ് മൗലവി
text_fieldsജിദ്ദ: മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളുടെ തട്ടം അഴിപ്പിച്ചത് തങ്ങളെന്ന് അവകാശപ്പെടുന്നവർ യഥാർഥത്തിൽ കുടുംബ സംവിധാനങ്ങളെ തകർക്കാനാണ് ശ്രമിക്കുന്നതെന്ന് അഹ്മദ് അനസ് മൗലവി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ സംഘടിപ്പിച്ച വാരാന്ത്യ ക്ലാസിൽ ‘തട്ടം മാത്രമല്ല ലക്ഷ്യം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈംഗിക വൈകൃതങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവർക്ക് ഭരണപക്ഷത്തിരിക്കുന്നവർ തന്നെ ഒത്താശ ചെയ്തു കൊടുക്കുന്നത് തികച്ചും അപലപനീയമാണ്.
വിവാഹിതരാവുക, കുട്ടികളെ പ്രസവിക്കുക, അവർക്കാവശ്യമുള്ള ജീവിത വിഭവങ്ങളും, വിദ്യാഭ്യാസവും നൽകി അവരെ വളർത്തുക എന്നിവയെല്ലാം വലിയ ബാധ്യതകളാണെന്നും, ആയതിനാൽ അത്തരം ബാധ്യതകൾ ഇല്ലാത്ത സ്വതന്ത്ര ജീവിതമാണ് ഈ കാലഘട്ടത്തിൽ അനുയോജ്യമെന്നും ഇത്തരക്കാർ വളർന്നു വരുന്ന തലമുറക്ക് സോഷ്യൽ മീഡിയ ഉപയോഗിച്ച് തെറ്റായ സന്ദേശങ്ങൾ നൽകുകയാണെന്നും, അതിന്റെ ഫലമായി ലിവിങ് ടുഗെദറുകളും, സ്വതന്ത്ര ലൈംഗികതയും വ്യാപിക്കുമെന്നും കുടുംബ സംവിധാനങ്ങൾ ഇല്ലാതാകുമെന്നും അദ്ദേഹം സദസ്യർക്ക് മുന്നറിയിപ്പ് നൽകി.
ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ ലിംഗ വ്യത്യാസമില്ലാതെ ആൺ പെൺ കൂടിച്ചേരലുകൾക്ക് കളമൊരുക്കി കൊടുക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനെ എതിർത്ത് തോൽപ്പിച്ചില്ലെങ്കിൽ വരും കാലങ്ങളിൽ കേരളീയ സംസ്കാരത്തിന് തന്നെ തീരാക്കളങ്കം വരുത്തിവെക്കുമെന്നതിൽ തെല്ലും സംശയമില്ല. ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്ന ‘തട്ട വിഷയം’ ഒരു മത സമൂഹത്തിന്റെ മാത്രം പ്രശ്നമല്ലെന്നും സാംസ്കാരിക കേരളത്തിന്റെ മൊത്തത്തിലുള്ള പ്രശ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സന്താനങ്ങൾ നല്ലവരായി വളരാൻ സാധ്യമായ മുൻ കരുതലുകൾ സ്വീകരിക്കാൻ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏവരും മുന്നോട്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അമാന്തിച്ചാൽ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം സദസ്യരെ ഉദ്ബോധിപ്പിച്ചു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി സ്വാഗതവും നൂരിഷാ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.