ലൈസൻസില്ലാതെ വാഹനമോടിച്ചു; മലയാളി നിയമക്കുരുക്കിൽ
text_fieldsറിയാദ്: സൗദിയിൽ ലൈസൻസില്ലാതെ വാഹനമോടിച്ച മലയാളി നിയമക്കുരുക്കിലായി അലയുന്നു. ഒന്നര വർഷം മുമ്പ് ഹൗസ് ഡ്രൈവർ വിസയിലെത്തിയ തിരുവനന്തപുരം നെടുമങ്ങാട് താന്നിമൂട് സ്വദേശി സതീന്ദ്രനാണ് (33) കോടതി കയറിയിറങ്ങുന്നത്.
സൗദിയിൽ എത്തിയ അന്നുതന്നെ വാഹനം ഓടിക്കാൻ വനിത സ്പോൺസർ സതീന്ദ്രനെ നിർബന്ധിക്കുകയായിരുന്നു. ലൈസൻസില്ലാതെ താൻ വാഹനമോടിക്കില്ലെന്ന് അറിയുന്ന ഭാഷയിൽ പറഞ്ഞെങ്കിലും സ്പോൺസർ വഴങ്ങിയില്ല. ഒടുവിൽ തൊട്ടടുത്ത വീട്ടിലെ മലയാളിയായ ഡ്രൈവർ മുഖേന ഗൗരവം സ്പോൺസറെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും എന്തുപ്രശ്നം വന്നാലും ഏറ്റുകൊള്ളാമെന്ന് സ്പോൺസർ നിലപാട് സ്വീകരിക്കുകയായിരുന്നു.
ഇഖാമ ലഭിച്ചാൽ ഉടൻ ലൈസൻസ് ലഭിക്കുമെന്ന് സ്പോൺസർ പറഞ്ഞു പറ്റിക്കുകയായിരുന്നു. അങ്ങനെ ആറു മാസത്തോളം ലൈസൻസില്ലാതെ സതീന്ദ്രൻ വാഹനമോടിച്ചു.ഈ സമയത്താണ് സതീന്ദ്രെൻറ വാഹനത്തിന് പിറകിൽ മറ്റൊരു വാഹനം അമിതവേഗത്തിൽ വന്നിടിച്ച് അപകടം സംഭവിക്കുന്നത്. ട്രാഫിക് പൊലീസും ഇൻഷുറൻസ് വിഭാഗവും അപകടസ്ഥലത്ത് എത്തുകയും പിന്നിൽ വന്നിടിച്ച വാഹനത്തിെൻറ ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവുമാണ് അപകടകാരണമെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ, രേഖകൾ പരിശോധിക്കുമ്പോൾ സതീന്ദ്രൻ ലൈസൻസ് ഇല്ലാതെയാണ് വാഹനം ഒാടിച്ചതെന്ന് കണ്ടെത്തി അപകടത്തിെൻറ പൂർണ ഉത്തരവാദിത്തം സതീന്ദ്രെൻറ പേരിൽ ചുമത്തുകയായിരുന്നു. അപകടത്തിൽപെട്ടതറിഞ്ഞ സ്പോൺസർ തെൻറ അറിവില്ലാതെയാണ് വാഹനമോടിച്ചതെന്ന് പറഞ്ഞു കൈയൊഴിഞ്ഞു.
കോടതി സതീന്ദ്രനിൽനിന്ന് നഷ്ടപരിഹാരം ഇൗടാക്കാൻ ഉത്തരവിറക്കി. ഇതിനിടയിൽ സ്പോൺസർ ഹുറൂബാക്കുകയും ചെയ്തു. എന്തുചെയ്യണമെന്നറിയാതെ സതീന്ദ്രൻ സഹായത്തിനായി ഗൾഫ് പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തകരെ സമീപിക്കുകയായിരുന്നു. ഫെഡറേഷൻ അംഗം റാഫി പാങ്ങോട് വിഷയത്തിൽ ഇടപെട്ട് നിയമക്കുരുക്കുകൾ ഒഴിവാക്കിക്കിട്ടാൻ സതീന്ദ്രനോടൊപ്പം കോടതി കയറിയിറങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.