നമ്മുടെ കുടുംബവും കുഞ്ഞുങ്ങളും സുരക്ഷിതരോ?
text_fieldsമനുഷ്യന്റെ വിവേക ബുദ്ധിയെ നശിപ്പിക്കുന്ന മയക്കുമരുന്നുപയോഗം കൊലയാളികളെ നമ്മുടെ വീടിനുള്ളിൽതന്നെ സൃഷ്ടിക്കുന്ന ഗുരുതരമായ സ്ഥിതിയിലാണ് ഇന്ന് കേരളസമൂഹം. ഏതു നിമിഷവും അത് സംഭവിക്കാം! മയക്കുമരുന്നിന് അടിമപ്പെടുന്ന ഇക്കൂട്ടർ തനിക്ക് ജന്മം നൽകിയ അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും എല്ലാം ഏതുനിമിഷവും കൊന്നുതള്ളാൻ തയാറാകുന്നു. 23 വയസ്സ് മാത്രമുള്ള യുവാവ് മണിക്കൂറുകൾക്കുള്ളിൽ അര ഡസനോളം പേരെ വിവിധസ്ഥലങ്ങളിലായി കൊലപ്പെടുത്തുന്നു.
അയൽവാസി യുവാവ് തൊട്ടടുത്ത വീട്ടിൽ കയറി കൂട്ടക്കൊല നടത്തുന്നു, കാമുകൻ കാമുകിയെ വീടിനുള്ളിൽ മർദിച്ചുകൊലപ്പെടുത്തുന്നു, മകൻ ഒരിടത്ത് അമ്മയെ കഴുത്തറത്തു കൊല്ലുമ്പോൾ മറ്റൊരിടത്ത് അച്ഛനെ കഴുത്തറുത്തു കൊല്ലുന്നു, വിവാഹം നിശ്ചയിച്ചിട്ടു കാമുകനെ വിഷം കൊടുത്തു കൊല്ലുന്ന കാമുകി, പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊല്ലുന്ന അമ്മ, വിദ്യാലയത്തിൽനിന്ന് വിടപറയും ദിവസം സഹപാഠിയെ അടിച്ചുകൊല്ലുന്ന പ്ലസ്ടു വിദ്യാർഥികൾ... അങ്ങനെ നീളുന്നു കേരളത്തിന്റെ നെഞ്ചകം പൊള്ളിക്കുന്ന പുതുതലമുറയുടെ കുറ്റകൃത്യങ്ങൾ. അയൽവാസികളോ വഴിപ്പോക്കരോ ആരും ഒരു നിലവിളിയോ ഞരക്കമോ പോലും കേൾക്കാതെ വീടുകൾക്കുള്ളിൽ സ്വന്തം ആൾക്കാരാൽ സംഭവിക്കുന്നതാണ് ഈ കൊലപാതകങ്ങൾ എന്നതാണ് കൂടുതൽ ആശങ്കാജനകം.
പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും ജീവിതപരാജയത്തെ നേരിടാനും കഴിയാതെ മയക്കുമരുന്നിന് അടിമപ്പെടുന്ന യുവതലമുറയെ ശരിയായ കൗൺസലിങ്ങിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും അവർക്ക് മനോധൈര്യം വീണ്ടെടുക്കുവാനുമുള്ള അവസരമൊരുക്കേണ്ടിയിരിക്കുന്നു. ഇവിടെ ആദ്യം കൗൺസലിങ് കൊടുക്കേണ്ടത് ഇങ്ങനെയുള്ള കേസുകളിൽനിന്ന് പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുന്ന അധികാര സ്ഥാനത്തിരിക്കുന്നവർക്കാണ് എന്ന് പറയാതിരിക്കാനാവില്ല.
സമൂഹത്തിൽ പിടിപാടുള്ളവരുടെ നേതാക്കളുടെ മക്കൾ ഇങ്ങനെയുള്ള കേസുകളിൽ പിടിക്കപ്പെടുമ്പോൾ അവർക്കുവേണ്ട ശിക്ഷ നൽകാതെ, കസ്റ്റഡിയിലെടുക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നത് അവരുടെ മനോവീര്യം നശിപ്പിക്കുന്നതോടൊപ്പം കൃത്യനിർവഹണത്തിൽനിന്നും പിന്നോട്ടുപോകാൻ ഈ നിർബന്ധിതരാക്കുകയും ചെയ്യുന്നു.
മയക്കുമരുന്നിന്റെ ഉപയോഗം സമൂഹത്തിൽ വർധിച്ചുവരുന്നതും കുറ്റകൃത്യങ്ങൾ വർധിക്കുന്നതും പൊലീസിന്റെയും എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെയും തികഞ്ഞ പരാജയം തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. ആത്യന്തികമായി ഈ വിപത്തിനെ തടയാൻ ഭരണസംവിധാനങ്ങൾക്ക് മാത്രമേ കഴിയൂ. ശക്തമായ നിയമനിർമാണം കൊണ്ടുവരണം. അതികഠിനമായ ശിക്ഷ നടപ്പാക്കണം. ഓരോ കേസ് പിടിക്കുമ്പോഴും അതിലെ ചങ്ങലക്കണ്ണികളെ ഏതറ്റം വരെയും പോയി കണ്ടുപിടിക്കണം. കഠിനമായി ശിക്ഷിക്കണം. അവരെ രക്ഷിച്ചെടുക്കാൻ മുന്നോട്ടുവരുന്ന രാഷ്ട്രീയ സാമൂഹിക പ്രവർത്തകരെ ജനാധിപത്യസംവിധാനത്തിൽ നിന്നും അകറ്റിനിർത്തണം.
ഭരണസിരാകേന്ദ്രം ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കണം. പൊതുജന പങ്കാളിത്തത്തോടെ നിയമം നടപ്പാക്കണം. അല്ലാത്തപക്ഷം നമ്മുടെ കേരളം ഒരു ശവപ്പറമ്പായി മാറാൻ അധിക കാലതാമസം വരില്ല. പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്ന് വിളിച്ചുപറയുന്ന ഭരണാധികാരികൾ അവരുടെ കുടുംബത്തിനും സ്വത്തിനും സംരക്ഷണം നൽകാൻ തയാറാകണം.
ഭൂരിഭാഗം പ്രവാസികളും ശരാശരി വരുമാനത്തിലും താഴെ വരുമാനമുള്ളവരാണ്. അവരുടെയെല്ലാം കുടുംബങ്ങൾ നാട്ടിൽ താമസിക്കുന്നവരാണ്. പ്രവാസികൾ വളരെയേറെ ആശങ്കയിലാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. കോളജ് കാമ്പസുകളിൽ വർധിച്ചുവരുന്ന മയക്കുമരുന്നിന്റെ വ്യാപനവും റാഗിങ്ങുമൊക്കെ കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനായി നാട്ടിലേക്കയക്കാൻ പ്രവാസി രക്ഷകർത്താക്കളെ ഭയപ്പെടുത്തുന്നു
കേരളത്തിലെ ദാരുണ കൊലപാതകങ്ങളുടെ അടിസ്ഥാനത്തിൽ മയക്കുമരുന്നിന്റെ വ്യാപനത്തിനെതിരെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ശക്തമായ നടപടികളെടുക്കണം എന്ന ആവശ്യം പ്രവാസലോകത്ത് ശക്തമായി ഉയർന്നുകഴിഞ്ഞിരിക്കുന്നു. വരുംദിവസങ്ങളിൽ ജി.സി.സി രാജ്യങ്ങളിൽ ഈ പ്രതിഷേധം ശക്തമാകേണ്ടതിെൻറ ആവശ്യകത പ്രവാസികൾക്കിടയിൽ ചർച്ചയായിക്കഴിഞ്ഞിരിക്കുകയാണ്. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിദാരുണ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ സ്വന്തം കുടുംബത്തെ, കുഞ്ഞുങ്ങളെ ഓർത്ത് പ്രവാസികൾ ആശങ്കയോടെയാണ് ദിവസങ്ങൾ തള്ളിനീക്കിക്കൊണ്ടിരിക്കുന്നത്.
ഗൾഫ് രാജ്യങ്ങളിൽ ജീവിതച്ചെലവുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലും പ്രവാസികൾ സ്വന്തം കുടുംബങ്ങളെ ഒപ്പം നിർത്താൻ നിർബന്ധിതരാകുന്നതും നാട്ടിലുള്ള കുടുംബങ്ങളെ വിസിറ്റ് വിസയിലെങ്കിലും ഗൾഫിലേക്കെത്തിച്ചു തങ്ങളോടൊപ്പം കഴിയാൻ തീരുമാനിക്കുന്നതും കേരളത്തിലെ ഈ ഭയപ്പെടുത്തുന്ന സാഹചര്യം മൂലമാണ്. ഇതിന്റെ ഫലമായി ഭൂരിഭാഗം പ്രവാസികളും വൻ സാമ്പത്തിക പ്രതിസന്ധിയിലും സാമ്പത്തിക ഭദ്രത നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.