മയക്കുമരുന്ന് വേട്ട: സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേർ അറസ്റ്റിൽ
text_fieldsഅൽ ഖോബാർ: സൗദിയുടെ വിവിധ ഭാഗങ്ങളിൽ നടന്ന മയക്കുമരുന്ന് വേട്ടയിൽ നിരവധി പേർ അറസ്റ്റിലായി. വൻതോതിൽ ലഹരിവസ്തുക്കൾ കണ്ടുകെട്ടി. റിയാദിൽ സ്വന്തം താമസസ്ഥലത്ത് കൊക്കെയിൻ, കഞ്ചാവ്, മെത്താഫെറ്റാമൈൻ എന്നിവ വിതരണം ചെയ്തതിന് ജോർദാൻ പൗരനെയും സൗദി പൗരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൈവശമുണ്ടായിരുന്ന ലഹരിവസ്തുക്കളും തോക്കുകളും പണവും പിടികൂടിയിട്ടുണ്ട്. ഹഷീഷും 44,878 ആംഫെറ്റാമിൻ ഗുളികകളും വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വദേശി പൗരനെ മദീനയിൽനിന്ന് പിടികൂടി. ഇയാളുടെ കൈവശമുണ്ടായിരുന്ന കണക്കിൽപ്പെടാത്ത പണവും പിടിച്ചെടുത്തു. ജനറൽ ഡയറക്ടറേറ്റ് ഫോർ നാർക്കോട്ടിക് കൺട്രോൾ തബൂക്കിൽ ആംഫെറ്റാമൈൻ, കഞ്ചാവ്, മെത്താഫെറ്റാമൈൻ എന്നിവ വിറ്റതിന് രണ്ട് സൗദി പൗരന്മാരെ അറസ്റ്റ് ചെയ്തു. അസീറിലെ ബോർഡർ ഗാർഡ് ലാൻഡ് പട്രോളിങ് 49 കിലോ ഹഷീഷ് കടത്ത് തടഞ്ഞു.
ജിദ്ദയിൽ 10.7 കിലോ മെത്താഫെറ്റാമൈൻ കൈവശംവെച്ച മൂന്ന് പാകിസ്താനികളെ നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 21 കിലോ ഹഷീഷ് കൈവശംവെച്ച യമനിയെ ജീസാനിൽ പൊലീസ് പിടികൂടി. കിഴക്കൻ പ്രവിശ്യയിൽ കഞ്ചാവും ടാബ്ലെറ്റും വിൽപന നടത്തിയതിന് രണ്ട് സൗദി പൗരന്മാർ പിടിയിലായി. അറസ്റ്റിലായവർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മയക്കുമരുന്ന് കടത്തലോ വിൽപനയോ സംബന്ധിച്ച എല്ലാ വിവരങ്ങളും മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ 911 എന്ന നമ്പറിലും രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിൽ 999 എന്ന നമ്പറിലും വിളിച്ചറിയിക്കാൻ സുരക്ഷാ അധികാരികൾ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.