മയക്കുമരുന്ന് കൈവശം: സ്വദേശിക്ക് 15 വർഷം തടവ്
text_fieldsയാംബു: സൗദി അറേബ്യയിൽ മയക്കുമരുന്നിനെതിരെ നടക്കുന്ന ശക്തമായ കാമ്പയിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് തുടരുന്നു. മയക്കുമരുന്ന് കൈവശം വെച്ചതിന് ജിദ്ദയിൽനിന്ന് പിടികൂടിയ സൗദി പൗരന് 15 വർഷത്തെ തടവുശിക്ഷ പ്രത്യേക കോടതി വിധിച്ചു.
ശിക്ഷാ കാലാവധിയിൽ പ്രതിക്ക് യാത്രാവിലക്കും കോടതി ഏർപ്പെടുത്തിയതായി പബ്ലിക്ക് പ്രോസിക്യൂഷൻ അറിയിച്ചു. പ്രതിയുടെ അപ്പാർട്മെൻറിൽ നടത്തിയ റെയ്ഡിൽ എട്ട് ബാഗുകളിലായി ‘മെത്താം ഫിറ്റാമൈൻ’ എന്ന ഉത്തേജക മരുന്നും മറ്റ് മയക്കുമരുന്നുകളും കണ്ടെത്തിയിരുന്നു.
മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ, തൂക്കാനുള്ള യന്ത്രങ്ങൾ, മയക്കുമരുന്ന് പൊതിയുന്നതിനുള്ള ഒഴിഞ്ഞ ബാഗുകൾ എന്നിവയും ഒളിത്താവളത്തിൽനിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. മയക്കുമരുന്ന് കൈവശം വെച്ച കുറ്റത്തിന് പൗരനെതിരെ നാർക്കോട്ടിക് പ്രോസിക്യൂഷൻ വിങ് അന്വേഷണ നടപടിക്രമങ്ങൾ പൂർത്തിയാക്കി.
ജിദ്ദയിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണത്തിൽ ഏർപ്പെടുന്നവരെ നിരീക്ഷിക്കുന്നതായും നേരത്തെ ചിലരെ അറസ്റ്റ് ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തിയതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടിട്ടും ബന്ധപ്പെട്ട അധികൃതരെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയ ചിലർക്ക് കഴിഞ്ഞദിവസം കോടതി വിവിധ കാലയളവിലുള്ള ജയിൽ ശിക്ഷയും പിഴയും വിധിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു. മയക്കുമരുന്നുകളുടെ വ്യാപനത്തെ ചെറുക്കുക, യുവതലമുറയെ ലക്ഷ്യമിടുന്ന ഈ മഹാവിപത്തിന് സാമ്പത്തിക സഹായം നൽകുന്ന ഉറവിടങ്ങൾ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച കാമ്പയിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ പരിശോധന തുടരുകയാണ്.
കാമ്പയിനുമായി ബന്ധപ്പെട്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിവിധ പ്രദേശങ്ങളിൽ നിന്നായി വിവിധ തരം മയക്കുമരുന്നുകൾ പിടികൂടുകയും അവ വിപണനം ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് ശിക്ഷാനടപടികൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. ഈ വിപത്തിനെതിരെ സമൂഹ മാധ്യമങ്ങൾ വഴിയും കാമ്പയിൻ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.