ജിദ്ദ ഇസ്‌ലാമിക് പോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട; മൂന്ന് പേർ അറസ്റ്റിൽ
text_fieldsജിദ്ദ: ജിദ്ദ ഇസ്‌ലാമിക് പോർട്ടിലൂടെ 1.6 മില്യൺ ക്യാപ്റ്റഗൺ മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം സൗദി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി തടഞ്ഞു. യാത്രകൾക്കായി ഒരുക്കിയിരുന്ന കാരവനകത്ത് ചരക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. കാരവനിൽ എത്തിയ ചരക്ക് കസ്റ്റംസ് നടപടിക്രമങ്ങൾക്ക് വിധേയമാക്കുകയും തുറമുഖത്തെ സുരക്ഷാ സാങ്കേതിക വിദ്യകളിലൂടെ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഒരു ട്രെയിലറിന്റെ തറയുടെ അടിയിലായി അറയ്ക്കുള്ളിൽ സാങ്കേതികമായ രീതിയിൽ മറച്ചുവച്ചിരുന്ന ക്യാപ്റ്റഗൺ ഗുളികകൾ കണ്ടത്തിയത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി ഏകോപിപ്പിച്ച് നടന്ന പരിശോധനയിൽ മയക്ക് മരുന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിലായിട്ടുണ്ട്. ഇവരെ മറ്റു നിയമനടപടിക്കായി അധികൃതർക്ക് കൈമാറി.
രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്ന് സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി സ്ഥിരീകരിച്ചു. മയക്ക് മരുന്നിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. സമൂഹത്തെയും സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കാൻ കള്ളക്കടത്തിനെതിരായ പോരാട്ടത്തിൽ രജ്യത്തെ മുഴുവൻ ആളുകളോടും സംഭാവന ചെയ്യാൻ ദേശീയ അതോറിറ്റി ആഹ്വാനം ചെയ്തു.
ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സൗദിക്കകത്ത് നിന്നും 1910 എന്ന നമ്പറിലോ 1910@zatca.gov.sa എന്ന ഇമെയിൽ വഴിയോ അതോറിറ്റിയെ വിവരമറിയിക്കാം. സൗദിക്ക് പുറത്തുനിന്നും 00966 114208417 എന്ന നമ്പറിലും പരാതിപ്പെടാം. അറിയിക്കുന്ന വിവരങ്ങൾ കൃത്യമാണെങ്കിൽ വിവരം നൽകുന്നയാൾക്ക് പ്രതിഫലം നൽകും. അവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.