മയക്കുമരുന്ന് കടത്ത്; ഈജിപ്ഷ്യൻ പൗരന്റെ വധശിക്ഷ നടപ്പാക്കി
text_fieldsമക്ക: മയക്കുമരുന്ന് കടത്തിന് പിടിക്കപ്പെട്ട ഈജിപ്ഷ്യൻ പൗരന്റെ വധശിക്ഷ മക്കയിൽ നടപ്പാക്കി. ഔഷധ ഗുളികളെന്ന വ്യാജ്യേന ആംഫറ്റാമിൻ ഗുളികകൾ വിദേശത്തുനിന്നെത്തിച്ച് രാജ്യത്ത് വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട മിസ്ബാഹ് അൽ സൗദി മിസ്ബാഹ് ഇമാം എന്നയാളുടെ ശിക്ഷയാണ് നടപ്പാക്കിയത്. കൃത്യമായ തെളിവുകൾ സഹിതമാണ് നർക്കോട്ടിക് വിഭാഗം പ്രതിയെ പ്രോസിക്യൂഷന് മുമ്പിൽ ഹാജരാക്കിയത്.
കൃത്യമായ വിചാരണക്കും തെളിവുകളുടെ പരിശോധനക്കും ശേഷം പ്രതി കുറ്റകൃത്യം നടത്തി എന്ന് ഉറപ്പാക്കിയാണ് കോടതി വധശിക്ഷ വിധിച്ചത്. പ്രതിഭാഗം പിന്നീട് അപ്പീലുമായി മേൽകോടതിയെയും സുപ്രീം കോടതിയെയും റോയൽ കോർട്ടിനെയും സമീപിച്ചെങ്കിലും കീഴ്കോടതി വിധി ശരിവെക്കുകയായിരുന്നു.
വ്യക്തികളെയും സമൂഹത്തിനാകെ തന്നെയും വിപത്തായ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യം ചെയ്യുന്ന ഏതൊരാളും കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും മയക്കുമരുന്നിനെതിരെ സന്ധിയില്ല സമരമാണ് രാജ്യം തുടരുന്നതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.