അതിവിദഗ്ധമായ രീതിയിൽ മയക്കുമരുന്ന് കടത്ത്, അതിർത്തിയിൽ തടഞ്ഞ് സൗദി കസ്റ്റംസ്
text_fieldsറിയാദ്: അതിവിദഗ്ധമായ രീതിയിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ രാജ്യാതിർത്തികളിൽവെച്ചു തന്നെ അതിലും വൈദഗ്ധ്യത്തോടെ തടഞ്ഞ് സൗദി കസ്റ്റംസ്. വാഹനങ്ങളുടെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഭാഗങ്ങളിലും അറകളിലുമെല്ലാം ഒളിപ്പിച്ച് സൗദിയിലേക്ക് കടത്താൻ പത്തൊമ്പതാമത്തെ അടവും പയറ്റുന്ന മയക്കുമരുന്ന് കടത്തുകാരെ വെട്ടിലാക്കുന്ന ഇടപെടലാണ് നാർകോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ നടത്തിയത്. നിരോധിത ലഹരി ഗുളികകൾ രാജ്യത്തേക്ക് കടത്താൻ നടത്തിയ മൂന്ന് ശ്രമങ്ങളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പരാജയപ്പെടുത്തിയത്. രണ്ട് പ്രതികളെ പിടികൂടുകയും ചെയ്തു.
മൂന്ന് സംഭവങ്ങളിലും കൂടി ആകെ 2,20,000 നിരോധിത ഗുളികകളാണ് പിടികൂടിയത്. ദമ്മാമിനെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേ, വടക്കൻ അതിർത്തി പോസ്റ്റായ അൽ ഹദീത, ചെങ്കടലിലെ ദുബ തുറമുഖം എന്നിവിടങ്ങളിലാണ് കടത്ത് തടഞ്ഞത്. കോസ്വേ വഴി എത്തിയ കാറിൽനിന്നാണ് 1,46,000 ലഹരി ഗുളികകൾ പിടികൂടിയത്. കാറിന്റെ നാല് ഡോറുകളിലെ വിവിധ അറകളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഈ ഗുളികകൾ. ജോർഡനിൽനിന്ന് വന്ന യാത്രക്കാരന്റെ ബാഗിനുള്ളിൽ വസ്ത്രങ്ങൾക്കിടയിൽ സമർഥമായി ഒളിപ്പിച്ച നിലയിൽ 21,000 ലഹരി ഗുളികകളാണ് അൽ ഹദീത ചെക്ക്പോസ്റ്റിൽ വെച്ച് കണ്ടെത്തിയത്. ദുബ തുറമുഖത്ത് ഒരു ട്രക്കിന്റെ ഡ്രൈവർ സീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 34,000 ഗുളികകൾ. പ്രതികളെ കൈയോടെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി പബ്ലിക് പ്രോസിക്യൂഷന് അനന്തര നടപടികൾക്കായി കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.