തേൻ ഇറക്കുമതിയുടെ മറവിൽ മയക്കുമരുന്ന് കടത്ത്; അഞ്ചുപേർ പിടിയിൽ
text_fieldsറിയാദ്: സൗദിയിൽ തേൻ ഇറക്കുമതിയുടെ മറവിൽ മയക്കുമരുന്ന് കടത്തിയ ക്രിമിനൽ സംഘം പിടിയിൽ. നാല് ഈജിപ്ഷ്യൻ പൗരന്മാരും ഒരു സൗദി പൗരനുമടക്കം അഞ്ചുപേരടങ്ങിയ സംഘത്തെയാണ് സാഹസികമായി പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു പ്രാദേശിക തേൻ ഇറക്കുമതി കമ്പനി മുഖേന മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ട ക്രിമിനൽ ശൃംഖലയാണ് അറസ്റ്റിലായത്.
തേൻ ഇറക്കുമതിക്ക് ലൈസൻസുള്ള കമ്പനി മുഖേന തേനീച്ചക്കൂടുകളാണ് സംഘം ഇറക്കുമതി ചെയ്തത്. കൂടുകൾക്കുള്ളിൽ തേനീച്ചകൾക്ക് പകരം ലഹരി ഗുളികകളായ ‘ആംഫെറ്റാമിൻ’ സൗദിയിലേക്ക് കടത്തുകയായിരുന്നു. ഇറക്കുമതി ചെയ്തുകിട്ടിയ സാധനം ഫ്രീസർ സംവിധാനമുള്ള വാഹനത്തിൽ കൊണ്ടുപോയി ജിസാൻ മേഖലയിലെ അൽദർബ് ഗവർണറേറ്റ് പരിധിയിൽ വിൽപന നടത്തി.
ഈ ശൃംഖലയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്നും മന്ത്രാലയം പറഞ്ഞു. രാജ്യത്തിെൻറ സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താനുള്ള ഏത് ശ്രമങ്ങളെയും നേരിടാൻ പഴുതടച്ച നടപടികളാണ് തുടരുന്നതെന്നും രാജ്യത്തെ പൗരന്മാരുടെയും വിദേശ താമസക്കാരുടെയും സുരക്ഷയെ ലക്ഷ്യമിടുന്ന എല്ലാ ക്രിമിനൽ പദ്ധതികൾക്കെതിരെയും, പ്രത്യേകിച്ച് മയക്കുമരുന്ന് കടത്തിനെതിരെയും കടുത്ത ജഗ്രതയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.