ദുൽഹജ്ജ് ആദ്യ വെള്ളിയാഴ്ച : മസ്ജിദുൽ ഹറാമിൽ എത്തിയത് ഒന്നരലക്ഷം ഇന്ത്യൻ തീർഥാടകർ
text_fieldsമക്ക: ദുൽഹജ്ജിലെ ആദ്യ വെള്ളിയാഴ്ച ആയിരുന്നു ഇന്നലെ. ഹജ്ജിന് ഇനി ബാക്കിയുള്ളത് ഒരാഴ്ച മാത്രം. ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ 1,31,652 ഹാജിമാരും പ്രൈവറ്റ് ഗ്രൂപ്പ് വഴിയെത്തിയ 38,000 ഹാജിമാരും അടക്കം ഒന്നര ലക്ഷത്തിനു മുകളിൽ തീർഥാടകരാണ് ജുമുഅയിലും പ്രാർഥനയിലും പങ്കെടുക്കാൻ മസ്ജിദുൽ ഹറാമിൽ എത്തിയത്. ഹജ്ജിന് മുമ്പുള്ള അവസാന വെള്ളിയാഴ്ചയായിരുന്നു ഹാജിമാർക്ക്. തിരക്ക് ഒഴിവാക്കാൻ പുലർെച്ച മുതൽ ഇന്ത്യൻ ഹജ്ജ് മിഷനും വളൻറിയർമാരും ഹാജിമാരെ ഹറമിലേക്ക് എത്തിച്ചുതുടങ്ങി. രാവിലെ 10.30 ഓടെ മുഴുവൻ ഇന്ത്യൻ തീർഥാടകരും ഹറമിൽ സംഗമിച്ചിരുന്നു.
കോൺസൽ ജനറൽ നൂർ മുഹമ്മദ് റഹ്മാൻ ശൈഖ്, ഹജ്ജ് കൗൺസിൽ വൈ. സാബിർ എന്നിവർക്ക് കീഴിൽ മുഴുവൻ ഇന്ത്യൻ ഹജ്ജ് മിഷൻ ഓഫിസർമാരും ഹാജിമാരെ ഹറമിൽ എത്തിക്കുന്നതിനും തിരിച്ചെത്തിക്കുന്നതിനും വിവിധ ഇടങ്ങളിലായി തമ്പടിച്ചിരുന്നു. മലയാളികളടക്കമുള്ള വിവിധ സന്നദ്ധ സേവകർ കത്തുന്ന വെയിലിൽ ഹാജിമാർക്ക് തണലായി. പാനീയങ്ങൾ, കുട, ചെരിപ്പ് എന്നിവ ഇവർ ഹാജിമാർക്ക് വിതരണം ചെയ്തു. ഹജ്ജ് മിഷൻ നൽകിയ പ്രത്യേക നിർദേശമനുസരിച്ച് ശിഅ്ബ് ആമിർ , ബാബ് അലി, മഹബ്ബസ് ജിൻ എന്നിവിടങ്ങളിൽ ആയിരുന്നു വളൻറിയർമാരുടെ സേവനം. ജുമുഅക്ക് ശേഷം സാവധാനം പള്ളിയിൽനിന്ന് പുറത്തിറങ്ങാൻ ഹാജിമാർക്ക് പ്രത്യേകം നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് വൈകീട്ട് അഞ്ചുമണിയോടെയാണ് മുഴുവൻ ഹാജിമാർക്കും ഹറമിൽനിന്ന് പുറത്തുകടക്കാൻ ആയത്. ജുമുഅയിലും നമസ്കാരത്തിലും പ്രാർഥനയിലും പങ്കെടുത്ത് ഹാജിമാർ സംതൃപ്തിയോടെയാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.