പൊടിക്കാറ്റ് ശക്തം; 88 പേർ ആശുപത്രിയിൽ
text_fieldsയാംബു: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലും പശ്ചിമേഷ്യയിലെ മറ്റ് പ്രദേശങ്ങളിലും പൊടിക്കാറ്റും ചൂടും ശക്തമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ തുടരുന്ന ശക്തമായ കാറ്റ് വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. സൗദിയിൽ ചൊവ്വാഴ്ച ഉണ്ടായ പൊടിക്കാറ്റിനെ തുടർന്ന് ശാരീരിക അസ്വസ്ഥതയുണ്ടായ 88 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിച്ചതായി റെഡ് ക്രസന്‍റ് കമ്യൂണിക്കേഷൻ സെന്‍റർ അറിയിച്ചു.
121 പേർക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് സൈറ്റിൽനിന്ന് ചികിത്സ നൽകിയതായും വിദഗ്ധ ചികിത്സക്കായി 80ഓളം പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായും റെഡ് ക്രസന്‍റ് വക്താവ് അബ്ദുൽ അസീസ് അൽസുവൈനിഅ പ്രസ്താവനയിൽ വ്യക്തമാക്കി. റിയാദിൽ ശ്വാസകോശ സംബന്ധമായ കേസ് 42 ആണ്. മക്കയിൽ 29, മദീനയിൽ എട്ട്, കിഴക്കൻ പ്രവിശ്യയിൽ 16, അസീറിൽ ആറ്, അൽബഹയിൽ അഞ്ച്, ജിസാനിൽ ആറ്, ഖസീമിൽ ഒന്ന്, വടക്കൻ അതിർത്തിയിൽ രണ്ട്, തബൂക്കിൽ നാല് കേസുകളാണ് റെഡ് ക്രസന്‍റ് കൈകാര്യം ചെയ്തത്. വിവിധ ആവശ്യങ്ങൾക്കും ആശയ വിനിമയത്തിനുമായി കഴിഞ്ഞ ദിവസം തന്നെ 5151 ഫോൺ വിളികൾ റെഡ് ക്രസന്‍റിന് ലഭിച്ചതായും വക്താവ് അറിയിച്ചു.
പൊടിക്കാറ്റുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കരുതിയിരിക്കാൻ സിവിൽ ഡിഫൻസും ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നൽകി. പൊടിക്കാറ്റ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ വലുതാണെന്നും പുറത്തിറങ്ങുമ്പോൾ ആരോഗ്യ മുൻകരുതലുകൾ എടുക്കാൻ ശ്രദ്ധിക്കണമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
ഭൂമിശാസ്ത്രപരമായ സ്ഥാനവും പ്രകൃതവും കാലാവസ്ഥയിലെ സവിശേഷതകളുമാണ് പൊടിക്കാറ്റിന് ഹേതുവാകുന്നത്. മണ്ണിന്‍റെയും സസ്യജാലങ്ങളുടെ സവിശേഷതകളും ഭൂവിനിയോഗ രീതികളും പൊടിക്കാറ്റ് വർധിക്കാൻ നിമിത്തമായതായി ഈ രംഗത്തെ പഠനങ്ങൾ പറയുന്നു. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ ചിലയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.