റിയാദിലും കിഴക്കൻ പ്രവിശ്യയിലും പൊടിക്കാറ്റ്
text_fieldsറിയാദ് / ദമ്മാം: റിയാദിലും കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റ്. റിയാദ് നഗരത്തിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ തുടങ്ങിയ ചുടുകാറ്റ് ബുധനാഴ്ച പകലോടെ ശക്തമായി. കടുത്ത ചൂടുള്ള ശക്തമായ കാറ്റാണ് വീശിയത്. പൊടിപടലങ്ങളാൽ അന്തരീക്ഷം നിറഞ്ഞു. ഗതാഗതം പ്രയാസപൂർണമായിരുന്നു. ദുസ്സഹമായിരുന്നു പകൽ. ചൂട് 44 ഡിഡ്രി വരെയായിരുന്നു. പുറംജോലി അസാധ്യമാവും വിധമായിരുന്നു ഉഷ്ണക്കാറ്റ്.
കിഴക്കൻ പ്രവിശ്യയിൽ ഖഫ്‌ജി, ഹഫറുൽ ബാതിൻ എന്നിവിടങ്ങളിലും വടക്കൻ മേഖലകളിലുമാണ് പൊടിക്കാറ്റ് വീശിയത്. ഹഫറുൽ ബാതിനിൽ കഴിഞ്ഞ ബുധനാഴ്ചയോടെ തുടങ്ങിയ പൊടിക്കാറ്റ് രണ്ട് ദിവസത്തോളം നീണ്ടു. ഒരു ദിവസത്തെ ശമനത്തിന് ശേഷം വീണ്ടും കാറ്റ് വീശിയടിച്ചതായി പ്രദേശവാസികൾ പറഞ്ഞു. അതിവേഗ പാതകളിലും നഗര പ്രാന്തങ്ങളിലും ശക്തമായ പൊടിക്കാറ്റ് ജനജീവിതത്തെ ദുസ്സഹമാക്കി. ദൂരക്കാഴ്ച തടസ്സപ്പെട്ട് വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദീർഘ ദൂര യാത്രക്കാരെയാണ് പൊടിക്കാറ്റ് ഏറെ വലച്ചത്. ചിലയിടങ്ങളിൽ ജോലി ഭാഗികമായി നിർത്തിവെച്ചു. കാഴ്ചയുടെ ദൂരപരിധി വളരെ കുറവായതിനാൽ വാഹനങ്ങൾ വേഗത നിയന്ത്രിച്ചാണ് സഞ്ചരിച്ചത്. ട്രാഫിക്, സിവില്‍ ഡിഫന്‍സ്, റെഡ്ക്രസൻറ്, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കിഴക്കൻ സൗദിയിൽ വരും ദിവസങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.