മക്ക ഹറമിൽ കാഴ്ച പരിമിതർക്ക് ഇ-ബ്രെയിലി മുസ്ഹഫുകൾ
text_fieldsമക്ക: മസ്ജിദുൽ ഹറാമിലെത്തുന്ന കാഴ്ച പരിമിതർക്ക് സൗകര്യപ്രദമായി പാരായണം ചെയ്യാൻ ഇലക്ട്രോണിക് ബ്രെയിലി മുസ്ഹഫുകൾ ഒരുക്കിയതായി ഇരുഹറം കാര്യാലയം അറിയിച്ചു. പേജുകളും അധ്യായങ്ങളും ഭാഗങ്ങളും എളുപ്പത്തിലും സൗകര്യപ്രദമായും എടുക്കാനും വായിക്കാനും സഹായിക്കുന്ന വിധത്തിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. റമദാനിൽ കാഴ്ച പരിമിതരെ ഖുർആൻ വായിക്കാനും മനസ്സിലാക്കാനും പ്രാപ്തരാക്കുകയാണ് ഇലക്ട്രോണിക് ബ്രെയിലി മുസ്ഹഫ് പതിപ്പുകളെന്ന് ഇരുഹറം കാര്യാലയം പറഞ്ഞു.
കടലാസ് രൂപത്തിലുള്ള മുസ്ഹഫ് വായിക്കുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഇതിലുണ്ടാവില്ല. കാഴ്ച പരിമിതർക്കുള്ള കടലാസ് ബ്രെയിലി മുസ്ഹഫ് ആറ് വലിയ വാല്യങ്ങൾ അടങ്ങിയതാണ്. അത് കൊണ്ടുനടക്കാൻ പ്രയാസമുള്ളതാണ്. എന്നാൽ ഇലക്ട്രോണിക് ബ്രെയിലി മുസ്ഹഫുകൾക്ക് ഈ പ്രയാസമില്ല. നിശ്ചിത സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ അവിടെയിരുന്ന് വളരെ എളുപ്പത്തിൽ പാരായണം ചെയ്യാനാവും. കൂടാതെ വിവിധ ഭാഷകളിലുള്ള വിവർത്തനങ്ങളുമുണ്ട്. ഇംഗ്ലീഷ്, ഉർദു, ഇന്തോനേഷ്യൻ ഭാഷകളിലാണ് പരിഭാഷകൾ ലഭ്യം. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുംവേണ്ടി നിശ്ചയിച്ചിട്ടുള്ള നമസ്കാരസ്ഥലങ്ങളിൽ ഇവ ലഭ്യമാണെന്നും ഇരുഹറം കാര്യാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.