സൗദി പുതിയ ചരിത്രം കുറിച്ചു; ഇ-സ്പോർട്സ് ലോകകപ്പിന് റിയാദിൽ ഉജ്ജ്വല തുടക്കം
text_fieldsറിയാദ്: ഇ-സ്പോർട്സ് ഗെയിമുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇവൻറിന് റിയാദിൽ തുടക്കമായി. ഇലക്ട്രോണിക് സ്പോർട്സ് രംഗത്ത് പുതുചരിത്രം രചിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടനത്തിന് ചൊവ്വാഴ്ച രാത്രി റിയാദിലെ ബൊളിവാഡ് സിറ്റിയാണ് വേദിയായത്. ഒളിമിന്നും ഉദ്ഘാടന ചടങ്ങിനാണ് ബൊളിവാഡ് സിറ്റി സാക്ഷിയായത്. ചരിത്രത്തിലാദ്യമായി നടക്കുന്ന ടൂർണമെൻറിന്റെ ആഹ്ലാദത്തിൽ റിയാദിന്റെ ആകാശം വർണപ്പകിട്ടാർന്ന കരിമരുന്ന് പ്രയോഗം കൊണ്ട് അലങ്കൃതമായി.
ഇനി രണ്ടു മാസം ബൊളിവാഡ് സിറ്റി ആവേശകരമായ ഇ-സ്പോർട്സ് ടൂർണമെൻറുകളുടെയും ആരാധകരുടെയും വേദിയും ലക്ഷ്യസ്ഥാനവുമാകും. സൗദിയിൽ ആദ്യമായാണ് ഇത്തരമൊരു ലോകകപ്പ്. വിവിധ ഇലക്ട്രോണിക് ഗെയിമുകളിലായി 22ലധികം ടൂർണമെൻറുകളാണ് നടക്കുന്നത്. 500ലധികം ടീമുകളിലായി 1500ലേറെ പ്രഫഷനൽ കളിക്കാർ ടൂർണമെൻറിൽ പെങ്കടുക്കും. ഇ-സ്പോർട്സ് മേഖലയിൽ ദേശീയ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് 10 സൗദി ക്ലബുകളും നിരവധി അന്താരാഷ്ട്ര ക്ലബുകളും ലോകകപ്പിൽ മത്സരിക്കും.
60 ദശലക്ഷം ഡോളറാണ് വിജയികൾക്കുള്ള മൊത്തം സമ്മാനത്തുക. ഇ- സ്പോർട്സ് മേഖലയിലെ ചരിത്രപരവും അഭൂതപൂർവവുമായ സമ്മാനമാണിത്. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വിനോദ, സാംസ്കാരിക, കായിക പരിപാടികൾ എന്നിവയോടെയാണ് ഇ-സ്പോർട്സ് ലോകകപ്പ് ആരംഭിച്ചത്. ടൂർണമെൻറ് കാലയളവിൽ ലോകമെമ്പാടുമുള്ള 29 ലക്ഷം സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആരംഭിച്ച ഗെയിമിങ്ങിനും ഇ- സ്പോർട്സിനും വേണ്ടിയുള്ള ദേശീയ പദ്ധതികളുടെ ഭാഗമായാണ് ഇ-സ്പോർട്സ് വേൾഡ് കപ്പ് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ 23നാണ് എല്ലാവർഷവും ഇലക്ട്രോണിക് സ്പോർട്സ് ലോകകപ്പ് നടത്തുമെന്ന് കിരീടാവകാശി പ്രഖ്യാപിച്ചത്. ടൂർണമെൻറിനായി ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ സ്ഥാപിക്കാനും കിരീടാവകാശി നിർദേശിച്ചിരുന്നു.
വിപുല ഒരുക്കങ്ങളോടെയാണ് ഇ- സ്പോർട്സ് ലോകകപ്പിന് തുടക്കമായിരിക്കുന്നത്. ലോകകപ്പിൽ പങ്കെടുക്കാൻ ടിക്കറ്റെടുത്ത കാണികൾക്ക് 90 ദിവസം കാലാവധിയുള്ള ഓൺലൈൻ വിസയും ലഭിക്കും. ഇതിനാവശ്യമായ എല്ലാ സൗകര്യങ്ങളും സൗദി ഇലക്ട്രോണിക് സ്പോർട്സ് ഫൗണ്ടേഷൻ ഒരുക്കിയിട്ടുണ്ട്. ടൂർണമെൻറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ https://www.esportsworldcup.com/ എന്ന വെബ്സൈറ്റും ഒരുക്കിയിട്ടുണ്ട്. ഇ-സ്പോർട്സ് മേഖല വികസിപ്പിക്കുന്നതിനുള്ള ഫൗണ്ടേഷന്റെ ശ്രമത്തിലെ ഒരു സുപ്രധാന ഘട്ടമാണ് ലോകകപ്പിലൂടെ പൂർത്തിയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.