ഗാർഹിക തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ ഇ-സംവിധാനം ഉടൻ
text_fieldsഅബ്ദുറഹ്മാൻ തുറക്കൽ
ജിദ്ദ: സൗദിയിൽ ഗാർഹിക തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ആശ്വാസം നൽകുന്ന നടപടി ഉടൻ. ഗാർഹിക തൊഴിൽ തർക്കങ്ങൾ പരിഹരിക്കാനായി പുതിയ ഇലക്ട്രോണിക് സംവിധാനം ആരംഭിക്കുമെന്ന് സൗദി ലേബർ സെറ്റിൽമെൻറ്സ് ഡയറക്ടർ ജനറൽ സുലൈമാൻ അൽതുവൈജരി അറിയിച്ചു.
സൗദി കിഴക്കൻ പ്രവിശ്യ സന്ദർശനവേളയിലാണ് അദ്ദേഹം വ്യക്തമാക്കിയത്. ആദ്യം റിയാദിലും പിന്നീട് കിഴക്കൻ പ്രവിശ്യയിലുമായിരിക്കും ഇൗ സംവിധാനം നടപ്പാക്കുക.
കിഴക്കൻ മേഖലയിലെ സന്ദർശനം അതിെൻറ ഒരുക്കങ്ങൾക്കു വേണ്ടിയാണ്.
തൊഴിലുടമയോ തൊഴിലാളിയോ ഇലക്ട്രോണിക് സംവിധാനത്തിലൂടെ സമർപ്പിക്കുന്ന പരാതികൾ പരിശോധിക്കുന്നതിനുള്ള ഗാർഹിക തൊഴിൽ സമിതികളുടെ സന്നദ്ധത ഉറപ്പുവരുത്തുന്നതിനു കൂടിയാണിത്. നേരത്തെ മന്ത്രാലയം ആരംഭിച്ച ഇലക്ട്രോണിക് സർവിസ് പോർട്ടലായ 'വുദി' എന്ന സംവിധാനം വഴിയായിരിക്കും ഇത് നടപ്പാക്കുക. പരാതി നൽകാനും ഒാൺലൈൻ സംവിധാനം വഴി അതിെൻറ ഫോളോഅപ്പ് പരിശോധിക്കാനും തൊഴിലുടമയെയും തൊഴിലാളിയെയും ഇത് സഹായിക്കും. ഇരു കക്ഷികളുടെയും സമയവും പ്രയത്നവും ലാഭിക്കാനും സാധിക്കും.
കോടതികളിൽ പോകാതെ തൊഴിലാളിയും തൊഴിലുടമയും ഷെഡ്യൂൾ ചെയ്യുന്ന സെഷനുകളിലൂടെ തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ 'വുദി' സംവിധാനത്തിലൂടെ സാധിച്ചിട്ടുണ്ട്.
ഗാർഹിക തൊഴിലാളികൾക്കും അതേ രീതിയിൽ രാജ്യത്തുടനീളം സംവിധാനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ലേബർ സെറ്റിൽമെൻറ്സ് ഡയറക്ടർ ജനറൽ പറഞ്ഞു.
ഇലക്ട്രോണിക് സർവിസുകൾ തൊഴിൽ പ്രശ്നങ്ങളിലെ തർക്കത്തിൽ കക്ഷികളുടെ സമയവും പ്രയത്നവും കുറച്ചതായി കിഴക്കൻ പ്രവിശ്യ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയ ബ്രാഞ്ച് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽമുഖ്ബിൽ പറഞ്ഞു.
ഗാർഹിക തൊഴിൽ തർക്കങ്ങൾക്കുള്ള ആപ്ലിക്കേഷനും പ്രയോഗത്തിനും അതേ ഫലമുണ്ടാകും.
കഴിഞ്ഞവർഷം 'വുദി' ഒത്തുതീർപ്പ് സംവിധാനത്തിൽ കിഴക്കൻ മേഖലക്ക് വലിയ സ്ഥാനം നേടാനായതിൽ സന്തോഷിക്കുന്നുവെന്നും അൽമുഖ്ബിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.