ജനകീയ സംഭാവന 14.5 കോടി റിയാൽ കവിഞ്ഞു
text_fieldsയാംബു: തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കെ.എസ്. റിലീഫ് സെൻറർ സൗദിയിൽ ബുധനാഴ്ച ആരംഭിച്ച ജനകീയ കാമ്പയിനിലൂടെ പ്രവഹിക്കുന്ന സംഭാവന 14.5 കോടി റിയാൽ കവിഞ്ഞു. രാജ്യത്തെ സ്വദേശികളും വിദേശികളുമാണ് സെൻറർ ആരംഭിച്ച സാഹിം പ്ലാറ്റ്ഫോമിലേക്ക് സംഭാവനകൾ അയച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ 3,96,039 ആളുകൾ സംഭാവന നൽകി.
ആകെ സംഭാവന 14,65,98,168 റിയാൽ ആയി. ഓരോ നിമിഷവും ഈ സംഖ്യകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. കിങ് സൽമാൻ സെൻറർ ഫോർ ഹ്യുമാനിറ്റേറിയൻ റിലീഫ് സെൻറർ എന്ന കെ.എസ്. റിലീഫ് സെൻററിന്റെ നേതൃത്വത്തിലാണ് രാജ്യമൊട്ടാകെ ധനസമാഹരണം നടക്കുന്നത്. ‘സാഹിം’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയാണ് സംഭാവനകൾ സ്വീകരിക്കുന്നത്. സിറിയയിലും തുർക്കിയയിലും ദുരിതമനുഭവിക്കുന്നവരെയും പരിക്കേറ്റവരെയും സഹായിക്കാൻ നിരവധി സൗദി ഏജൻസികളുടെയും മന്ത്രാലയങ്ങളുടെയും സഹകരണം അതോറിറ്റി തേടുന്നുണ്ട്.
https://sahem.ksrelief.org/SYTR എന്ന ലിങ്കിലൂടെയാണ് സംഭാവന നൽകേണ്ടത്. തുര്‍ക്കിയ-സിറിയ ദുരിതാശ്വാസ ഫണ്ടിലേക്ക് അനായാസം ഇതിലൂടെ സംഭാവന നല്കാൻ കഴിയും.
ബാങ്ക് അക്കൗണ്ട് കാർഡുകൾ ഉപയോഗിച്ചോ ആപ്പിൾ പേയിലൂടെയോ എല്ലാവർക്കും പണമയക്കാം. പണമടച്ചാൽ ഉടൻ രസീത് ലഭിക്കും. ഇതുവരെ പണം നൽകിയവരുടെ എണ്ണവും ലഭിച്ച മൊത്തം സംഖ്യയും ഈ ആപ്പിൽനിന്ന് അറിയാനും കഴിയും. സൗദിയുടെ മാനുഷിക-ജീവകാരുണ്യ പ്രവർത്തനങ്ങൾ രാഷ്ട്രീയമോ മതപരമോ സൈനികമോ ആയ അജണ്ടയുടെ ഭാഗമല്ലെന്ന് സൗദി രാജകീയ ഉപദേഷ്ടാവും സെൻററിന്റെ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽ റബീഅ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.