ഹരിത ഭംഗിയിൽ മിന്നി കിഴക്കൻ പ്രവിശ്യ
text_fieldsദമ്മാം: ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് കിഴക്കൻ മേഖലയിലും ആഘോഷം പൊടിപൂരം. മുൻകാലങ്ങളേക്കാൾ ആവേശവും ആഹ്ലാദവും അലതല്ലിയ പ്രതീക്ഷകൾ തുടിക്കുന്ന സംഗമങ്ങളായിരുന്നു എങ്ങും. കോവിഡ് പ്രതിസന്ധി അപഹരിച്ച ഇരുണ്ട കാലത്തിൽനിന്ന് സജീവ ജീവിതതാളത്തിലേക്കുള്ള ആവേശം കൂടി ആഘോഷങ്ങളിൽ അലിഞ്ഞിരുന്നു.
പാതയോരങ്ങളും സർക്കാർ മന്ദിരങ്ങളും ദിവസങ്ങൾക്കു മുന്നേ ദേശീയ പതാകകൾ ഉയർത്തപ്പെട്ടിരുന്നു. ദമ്മാമിൽ നിന്ന് അൽഅഹ്സയിലേക്കുള്ള പാതയുടെ വശങ്ങളിലെ മലയിടുക്കുകൾ രാത്രിയിൽ ഹരിത വർണദീപങ്ങളാൽ അലങ്കരിക്കപ്പെട്ടിരുന്നു. കോർണിഷുകളും പാർക്കുകളും പൂക്കളും വർണ ദീപങ്ങളുംകൊണ്ട് നിറഞ്ഞു. ദമ്മാമിെൻറ ഏറ്റവുംവലിയ ആകർഷക കേന്ദ്രമായ ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് ലോക സാംസ്കാരിക കേന്ദ്രം (ഇത്ര) ഹരിതഭംഗിയിൽ മുങ്ങിനിന്നത് മനോഹര കാഴ്ചയായിരുന്നു.
ചെറുപ്പക്കാർ ദിവസങ്ങൾക്കു മുമ്പുതന്നെ തങ്ങളുടെ വാഹനങ്ങൾ ദേശീയ ആഘോഷങ്ങൾക്കായി ഒരുക്കിയിരുന്നു. ദേശീയ പതാകക്ക് അപ്പുറം രാജാവിെൻറയും കിരീടാവകാശിയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്തിരുന്നു. വനിതകൾ കൂടി ആഘോഷങ്ങൾക്കായി ഇറങ്ങിയതോടെ അത്യപൂർവ അനുഭവങ്ങളാണ് ഓരോ വേദിയും സമ്മാനിച്ചത്. ഇത്തവണ ശനിയാഴ്ചവരെ നീളുന്ന അവധി ദിവസങ്ങളെ ആഘോഷ പൂരിതമാക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. കിഴക്കൻ പ്രവിശ്യയിൽ തൊഴിൽ മന്ത്രാലയ നേതൃത്വത്തിൽ നടന്ന ഘോഷയാത്രയിൽ നൂറുകണക്കിന് ഇന്ത്യക്കാരും പങ്കാളികളായി. പ്രവാസികളായ ഒാരോ രാജ്യക്കാരും സൗദിയോടുള്ള കൂറു പുലർത്താൻ അവരുെടതായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ദേശീയദിന ഭാഗമായി അൽകോബാർ കോർണിഷിൽ എയർഷോയും കരിമരുന്ന് പ്രയോഗങ്ങളും അരങ്ങേറി.
'ഇത്ര'യിൽ വെള്ളിയാഴ്ചവരെ നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. രാജ്യത്തിെൻറ പൂർവകാല ജീവിതത്തെ അടയാളപ്പെടുത്തുകയും പുതിയകാലത്ത് അലങ്കാരമായി മാറുകയുംചെയ്ത കരകൗശല വസ്തുക്കളുടെ പ്രദർശനം, ബദൂവിയൻ ജീവിതശൈലിയിൽ മരുഭൂമിയുടെ വന്യതയിൽ രാവുകളെ പാടിയുണർത്തിയ നാടൻ പാട്ടുകൾ, രാജ്യത്തിെൻറ ഭൂമിശാസ്ത്ര മേഖലകളെ അടയാളപ്പെടുത്തുന്ന 'കളേഴ്സ് ഓഫ് കിങ്ഡം' തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. പ്രവിശ്യയിലെ ൈഹപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചും ദേശീയ ദിനാഘോഷം അരങ്ങേറി. ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും വ്യാപാര സ്ഥാപനങ്ങൾ ദേശീയ ദിനാഘോഷത്തെ സമ്പന്നമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.