സാമ്പത്തിക ഇടനാഴി പദ്ധതി: ഇന്ത്യയും പശ്ചിമേഷ്യയും യൂറോപ്പും തമ്മിൽ വ്യാപാര വിനിമയം വർധിപ്പിക്കും -സൗദി കിരീടാവകാശി
text_fieldsജിദ്ദ: ഇന്ത്യ, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവയ്ക്കിടയിൽ സാമ്പത്തിക ഇടനാഴി പദ്ധതിക്ക് ധാരണാപത്രം ഒപ്പുവെച്ചതായി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ന്യൂഡൽഹിയിൽ ജി 20 ഉച്ചകോടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കും പശ്ചിമേഷ്യക്കും യൂറോപ്പിനും ഇടയിൽ ഒരു സാമ്പത്തിക ഇടനാഴി പദ്ധതിക്കായി ധാരണാപത്രം ഒപ്പിടാൻ ഈ സൗഹൃദ രാജ്യത്ത് ഇന്ന് ഒരുമിച്ച് കൂടിയതിൽ ഞാൻ സന്തുഷ്ടനാണ്. ഈ സാമ്പത്തിക പദ്ധതിക്കായുള്ള ധാരണാപത്രം ഒപ്പുവെക്കാനായത് കഴിഞ്ഞ മാസങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചതിെൻറ പര്യവസാനമായിരുന്നു. സാമ്പത്തിക പരസ്പരാശ്രിതത്വം വർധിപ്പിച്ച് രാജ്യങ്ങളുടെ പൊതുതാൽപ്പര്യങ്ങൾ ഇതിലൂടെ കൈവരിക്കാനാകും. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ അനുകൂലമായി പ്രതിഫലിപ്പിക്കും.
കൂടാതെ അടിസ്ഥാന സൗകര്യ വികസനത്തെയും ഇത് സഹായിക്കും. ഇതിൽ പശ്ചിമേഷ്യ, യൂറോപ്പ്, ഇന്ത്യ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുണ്ടെന്നും കിരീടാവകാശി പറഞ്ഞു. സാമ്പത്തിക ഇടനാഴി ദീർഘകാല തൊഴിലവസരങ്ങൾ പ്രദാനം ചെയ്യും. ഇന്ത്യയും പശ്ചിമേഷ്യയും യൂറോപ്പും തമ്മിലുള്ള വ്യാപാര വിനിമയം വർധിപ്പിക്കും. ആഗോള ഊർജ സുരക്ഷ ഉറപ്പാക്കുന്നതിന് സംഭാവന ചെയ്യും. വൈദ്യുതിയും ഹൈഡ്രജനും കയറ്റുമതി ചെയ്യാൻ പൈപ്പ് ലൈനുകൾ നിർമിക്കുമെന്നും കിരീടാവകാശി പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് സൗദി കിരീടാവകാശി ഇന്ത്യയിലെത്തിലെത്തിയത്. ന്യൂഡൽഹിയിൽ ജി 20 നേതാക്കളുടെ ഉച്ചകോടിയുടെ ആദ്യ സെഷനിൽ അദ്ദേഹം പങ്കെടുത്തു. ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ എന്നിവരും പങ്കെടുത്തു.
സൗദി അറേബ്യയും അമേരിക്കയും തമ്മിൽ ഈ മാസം എട്ടിന് ഒരു ധാരണാപത്രം ഒപ്പുവച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഭൂഖണ്ഡാന്തര ഗ്രീൻ ട്രാൻസിറ്റ് ഇടനാഴികൾ സ്ഥാപിക്കുന്നതിന് സഹായിക്കുന്ന ഒരു പ്രോട്ടോക്കോൾ വികസിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ ചട്ടക്കൂടുകൾ ഉഭയകക്ഷി ധാരണാപത്രം നിർവചിക്കുന്നു. ഏഷ്യയിലെയും യൂറോപ്പിലെയും രണ്ട് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന രാജ്യത്തിെൻറ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം പ്രയോജനപ്പെടുത്തിയാണിത്.
കേബിളുകൾ വഴിയും പൈപ്പ് ലൈനുകളിലൂടെയും പുനരുപയോഗിക്കാവുന്ന വൈദ്യുതിയും ശുദ്ധമായ ഹൈഡ്രജനും കൊണ്ടുപോകുന്നതിനും റെയിൽവേ ലൈനുകളുടെ നിർമ്മാണത്തിനും ഊർജ സുരക്ഷ വർധിപ്പിക്കാനും ശുദ്ധ ഊർജ വികസന ശ്രമങ്ങളെ പിന്തുണയ്ക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. കണക്റ്റിവിറ്റിയിലൂടെയും ഫൈബർ ഒപ്റ്റിക് കേബിളുകളിലൂടെയും ഡാറ്റയുടെ ഡിജിറ്റൽ ട്രാൻസ്മിഷനിലൂടെയും ഡിജിറ്റൽ സമ്പദ് വ്യവസ്ഥ വികസിപ്പിക്കുക, ഊർജ സുരക്ഷ വർധിപ്പിക്കുക, ശുദ്ധ ഊർജ വികസന ശ്രമങ്ങളെ പിന്തുണയ്ക്കുക, റെയിൽവേയും തുറമുഖങ്ങളും ബന്ധിപ്പിക്കുന്നതിലൂടെ വ്യാപാരവിനിമയം വർധിപ്പിക്കുക, ചരക്കുകളുടെ കൈമാറ്റം വർധിപ്പിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ഗ്രീൻ ട്രാൻസിറ്റ് ഇടനാഴികളുമായി ബന്ധപ്പെട്ട രാജ്യങ്ങളെ ഉൾപ്പെടുത്തുന്നതിനായി പ്രൊട്ടോക്കോൾ സ്ഥാപിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള ചർച്ചകളെ പിന്തുണയ്ക്കുന്നതിനും സുഗമമാക്കുന്നതിനും അമേരിക്ക വഹിച്ച പങ്കിനെ സൗദി അറേബ്യ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.