കേളി ‘പ്രതീക്ഷ’ പുരസ്കാര വിതരണോദ്ഘാടനം റിയാദിൽ നടന്നു
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 2023-24 അധ്യയന വർഷത്തെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാര (പ്രതീക്ഷ) വിതരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം റിയാദിൽ നടന്നു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, ട്രഷറർ ജോസഫ് ഷാജി എന്നിവർ സംസാരിച്ചു. കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും പത്താം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന വിദ്യാർഥികളിൽ തുടർപഠനത്തിന് അർഹത നേടിയവർക്കാണ് കാഷ് അവാർഡും ഫലകങ്ങളും അടങ്ങുന്ന കേളിയുടെ ‘പ്രതീക്ഷ’ പുരസ്കാരം.
റിയാദിലെ വിദ്യാലയങ്ങളിൽനിന്നും വിജയം നേടിയ 14 കുട്ടികളും കേരളത്തിലെ ഇടുക്കി, കാസർകോട് ജില്ലകളിൽ നിന്നൊഴികെയുള്ള 12 ജില്ലകളിൽ നിന്ന് 223 കുട്ടികളുമടക്കം പത്താം ക്ലാസിൽ വിജയിച്ച 128 കുട്ടികളും പ്ലസ്-ടുവിൽ വിജയിച്ച 109 കുട്ടികളും ഈ വർഷം പുരസ്കാരത്തിന് അർഹരായി. ഇതിൽ നാട്ടിൽനിന്നുള്ള ഒരു വിദ്യാർഥിയുൾപ്പടെ പത്താം ക്ലാസ് വിജയിച്ച എട്ട് കുട്ടികളും പ്ലസ് ടുവിൽ വിജയിച്ച ആറ് കുട്ടികളും ഉദ്ഘാടന വേദിയിൽ പുരസ്കാരങ്ങൾ സ്വീകരിച്ചു.
പുരസ്കാരത്തിന് അർഹരായ റീബ ബിജി, എം. ദേവനന്ദ, നേഹ പുഷ്പരാജ്, അയന ഇർസ, ഹിസ്ന തസീം, അനസ ഷെറിന്, ഹന്ന വടക്കുംവീട്ടില്‍, ഫാത്തിമ ഹര്‍ഷാദ്, ആമിന നസീര്‍, ഫിസ സുള്‍ഫിക്കര്‍, ഫാത്തിമ നസീര്‍, ആല്വിന് എം. ബെന്നി, അലീന മറിയം പെരുമാള്‍, സിദാന് ഷമീര്‍ എന്നിവർക്ക് രക്ഷധികാരി സമിതി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ കുടുംബവേദി സെക്രട്ടറി എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
10 കുട്ടികൾ തങ്ങൾക്ക് ലഭിച്ച സമ്മാനത്തുക കേളി നടപ്പാക്കുന്ന കേരളത്തിലെ ‘ഹൃദയപൂർവം കേളി’ ഒരു ലക്ഷം പൊതിച്ചോറ് പദ്ധതിയിലേക്ക് സംഭാവന ചെയ്തു. കേരളത്തിലെ വിതരണം വരും ദിവസം അതത് ജില്ല ആസ്ഥാനങ്ങളിൽ നടക്കും. പുരസ്കാര വിതരണത്തിന്റെ സംസ്ഥാനതല കോഓഡിനേറ്റർമാരായി കേളി മുൻ സെക്രട്ടറിമാരായ ഷൗക്കത്ത് നിലമ്പൂർ, റഷീദ് മേലേതിൽ എന്നിവർ പ്രവർത്തിക്കും. പുരസ്കാര വിതരണോദ്ഘാടന പരിപാടിയിൽ സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും വൈസ് പ്രസിഡൻറ് രജീഷ് പിണറായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.