വിദ്യാഭ്യാസ നയം കൂടുതൽ ചർച്ച ചെയ്യപ്പെടണം
text_fieldsദേശീയ തലത്തിലും സംസ്ഥാന തലത്തിലും പുതുതായി രൂപംകൊണ്ട നയരേഖകളും ചട്ടങ്ങളും വലിയ ചർച്ചകൾ ആവശ്യപ്പെടുന്ന ഒന്നാണ്. വിദ്യാഭ്യാസ പരിഷ്കാരങ്ങളും നവീകരണവുമെല്ലാം അതതു കാലങ്ങളിൽ സംഭവിക്കുന്നതാണെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയപരമായ വിയോജിപ്പുകൾ ഇത്രമാത്രം വൈരുധ്യാത്മകമാകുന്നത് ഒരുപക്ഷേ ഇതാദ്യമാണ്. പാർലമെൻറ് ചേരാതെയും കോവിഡിെൻറ മറവിലും രാജ്യത്തിനുമേൽ അടിച്ചേൽപിക്കാനാണ് കേന്ദ്ര നീക്കം.
34 വർഷത്തിനു ശേഷമുള്ള സമഗ്രമായ പരിഷ്കരണവും ഇതുതന്നെ. ഉദാരതയും സ്വയംഭരണവുമാണ് കേന്ദ്ര കരടുരേഖ മുന്നോട്ടുവെക്കുന്നതെങ്കിലും ബഹുസ്വരത തകർക്കുന്ന ചില ശക്തികളായിരിക്കും വിദ്യാഭ്യാസ മേഖല ൈകയാളുക. ഏതോ പൗരാണിക മാതൃകയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രപഠനവും സാമൂഹികശാസ്ത്ര- മാനവിക വിഷയങ്ങളും ചേര്‍ന്ന ഒരു അഴകൊഴമ്പന്‍ പരിപ്രേക്ഷ്യത്തിലാണ് സിലബസുകൾ കുത്തിനിറക്കപ്പെടുക.
വിദ്യാഭ്യാസ രംഗത്തെ എല്ലാ മേഖലകളിലും ഏറ്റവും പ്രധാന വിഷയമായ ജനാധിപത്യത്തോടും ഫെഡറലിസത്തോടും മുഖംതിരിഞ്ഞു നില്ക്കുന്നു എന്നതാണ് കേന്ദ്ര സർക്കാറിെൻറ നയരേഖയുടെ മുഖ്യ ദൗർബല്യം. 5+3+3+4 പാറ്റേണും ആറാം ക്ലാസിൽ തുടങ്ങുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും എത്രമാത്രം അവസരോചിതമാണെന്ന് കണ്ടറിയണം. ഇത് കോർപറേറ്റുകൾക്കുവേണ്ടി നമ്മുടെ യുവസമൂഹത്തെ പാകപ്പെടുത്തലായിരിക്കും. കഴിഞ്ഞ 1000 വർഷത്തെ ചരിത്രത്തെ തമസ്കരിക്കുന്നതും അറബി പോലെയുള്ള അന്തർദേശീയ ഭാഷയെ നിരാകരിക്കുന്നതും ദുരൂഹത ഉയർത്തുന്നു.
പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂൾ സംവിധാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുക എന്നതാണ് സംസ്ഥാന സർക്കാർ നടപ്പാക്കാൻ പോകുന്ന ഡോ. ഖാദർ കമീഷൻ റിപ്പോർട്ട്. ഇത് പഠന രംഗത്ത് ഗുണനിലവാരം മെച്ചപ്പെടുത്തുമോ ഇല്ലയോ എന്ന കാര്യം സംവാദാത്മകമാണെങ്കിലും അടുത്ത അധ്യയന വർഷത്തിൽ നിലവിലുള്ള കാമ്പസിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ തുടങ്ങേണ്ടിവരുമെന്നാണ് വിദ്യാഭ്യാസ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സർവകലാശാല വിദ്യാഭ്യാസത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് അതിനനുയോജ്യമായ ഉയർന്ന അക്കാദമിക അന്തരീക്ഷവും കൗമാരഘട്ടത്തിലേക്ക് കടക്കുന്നവരെന്ന നിലയിൽ മികച്ച സാഹചര്യവും പ്രദാനം ചെയ്യപ്പെടണം. അതുകൊണ്ടാണ്, കോത്താരി കമീഷൻ 10+2+3 എന്ന ദേശീയ പാറ്റേൺ മുന്നോട്ടുവെച്ചത്. കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ നയങ്ങൾ പുതിയ തലമുറയെ എങ്ങനെ ബാധിക്കുമെന്നതാണ് ഗൗരവമായി ആലോചിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.