വിദേശ വിദ്യാർഥികൾക്കിനി സൗദിയിലേക്ക് വരാൻ ‘വിദ്യാഭ്യാസ വിസ’
text_fieldsറിയാദ്: സൗദി അറേബ്യയിൽ വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് വിസ നൽകുന്നതിനുള്ള സേവനം ആരംഭിച്ചു.
വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രാലയങ്ങൾ സംയുക്തമായി ഒരുക്കിയ ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയാണ് വിദ്യാഭ്യാസ വിസ അനുവദിക്കുന്നത്. റിയാദിൽ നടന്ന ‘ഹ്യൂമൻ കപ്പാസിറ്റി ഇനിഷ്യേറ്റീവ്’ സമ്മേളനത്തോടനുബന്ധിച്ചാണ് വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽബുനിയാൻ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ സൗദിക്കകത്തും പുറത്തുമുള്ള വിദേശികൾക്ക് രാജ്യത്തെ വിവിധ സർവകലാശാലക്കു കീഴിലെ കോളജുകളിൽ ഹ്രസ്വകാല കോഴ്സുകൾക്ക് അപേക്ഷിക്കാനും വിസ നേടാനുമാകും. പ്ലാറ്റ്ഫോമിൽ വിവിധ ഭാഷകളിൽ സേവനം ലഭ്യമാണ്.
സൗദിയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് നടപടിക്രമങ്ങൾ സുഗമമാക്കുന്നതാണ് ഈ പോർട്ടൽ.
വിദ്യാഭ്യാസ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, അനുബന്ധ വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട നടപടികൾ ഈ സംവിധാനംവഴി എളുപ്പത്തിൽ പൂർത്തീകരിക്കാൻ കഴിയും. ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ പ്ലാറ്റ്ഫോമിലൂടെ സൗദിയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഇഷ്ടപ്പെട്ട വിദ്യാഭ്യാസ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ കഴിയും.
ആഗോള വിദ്യാഭ്യാസകേന്ദ്രമാകുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. വിദേശ വിദ്യാർഥികൾക്ക് സൗദി സർവകലാശാലകളിൽ പ്രവേശനം നേടുന്നതിന് അപേക്ഷ നൽകാനും പ്രവേശന നടപടികൾ പൂർത്തിയാക്കാനും ഇതിലൂടെ കഴിയും.
വിശിഷ്ടവും ആധുനികവുമായ വിദ്യാഭ്യാസ അന്തരീക്ഷത്തിൽ ഹ്രസ്വകാല, ദീർഘകാല അക്കാദമിക്, പരിശീലന, ഗവേഷണ പരിപാടികൾക്ക് വിസ നേടാനുമാകും. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ വിസ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.