സൗദി അറേബ്യ ഈദുൽ ഫിത്വർ നിറവിൽ; അനുകമ്പയുടെയും സാഹോദര്യത്തിന്റെയും സന്തോഷ ദിനം -സൽമാൻ രാജാവ്
text_fieldsസൽമാൻ രാജാവ് ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ
നടന്ന ഈദ് നമസ്കാരത്തിൽ പങ്കെടുത്തപ്പോൾ
റിയാദ്: ഐക്യത്തിന്റെയും അനുകമ്പയുടെയും സാഹോദര്യത്തിന്റെയും അർഥങ്ങൾ പ്രകടമാകുന്ന സന്തോഷത്തിന്റെ സുദിനമാണ് ഈദുൽ ഫിത്വറെന്ന് സൽമാൻ രാജാവ്. ഈദുൽ ഫിത്വർ പ്രമാണിച്ച് സൗദിയിലെ പൗരന്മാർക്കും വിദേശി താമസക്കാർക്കും ലോകമുസ്ലിംകൾക്കും രാജാവ് ഈദ് ആശംസകൾ നേർന്നു. അനുഗ്രഹീതമായ ഈദുൽ ഫിത്വറിൽ നിങ്ങളെ അഭിനന്ദിക്കുന്നു. റമദാൻ മാസം നോമ്പെടുക്കാനും അനുഷ്ഠിക്കാനും സഹായിച്ച ദൈവത്തിന് നന്ദി പറയുന്നു. നമ്മുടെ പ്രാർഥനകളും സൽപ്രവൃത്തികളും സ്വീകരിക്കാൻ ദൈവത്തോട് പ്രാർഥിക്കുന്നുവെന്നും സൽമാൻ രാജാവ് പറഞ്ഞു.
ദൈവം നമ്മുടെ രാജ്യത്തിന് എണ്ണമറ്റ അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇരുഹറമുകൾക്കും അതിലെ തീർഥാടകരെയും ഉംറ നിർവഹിക്കുന്നവരെയും സന്ദർശകരെയും സേവിക്കുകയും അവരുടെ ആചാരങ്ങൾ സുരക്ഷിതമായും ശാന്തമായും സമാധാനത്തോടെയും നിർവഹിക്കാൻ സാധ്യമായതെല്ലാം ചെയ്യുകയും ചെയ്യുന്നുവെന്നതാണ്. ഈ വർഷം റമദാൻ മാസത്തിൽ ദശലക്ഷക്കണക്കിന് തീർഥാടകർക്ക് ഉംറ നിർവഹിക്കാനും ആരാധനകൾ സമാധാനത്തോടും ആശ്വാസത്തോടും നിർവഹിക്കാനും സൗകര്യമൊരുക്കാനായതിന് ദൈവത്തിന് നന്ദി പറയുന്നു.
വിവിധ വകുപ്പുകൾക്കുകീഴിൽ വിവിധ മേഖലകളിൽ വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന രാജ്യത്തെ ആൺ, പെൺ മക്കളുടെ മഹത്തായ ശ്രമങ്ങൾക്ക് നന്ദി പറയുന്നു. ഈദ് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിവസമാണ്. അതിൽ ഐക്യത്തിന്റെയും അനുകമ്പയുടെയും സാഹോദര്യത്തിന്റെയും അർഥങ്ങൾ പ്രകടമാണ്.
അത് നൽകിയതിന് ദൈവത്തിന് സ്തുതിയും നന്ദിയും നേരുന്നു. രാജ്യത്തെയും ഇസ്ലാമിക രാഷ്ട്രങ്ങളെയും മുഴുവൻ ലോകത്തെയും സുരക്ഷിതത്വവും സമാധാനവും നൽകി അനുഗ്രഹിക്കണമേയെന്നും എല്ലായിടത്തും സ്ഥിരതയും സമൃദ്ധിയുമുണ്ടാകട്ടെയെന്നും ഈ അവസരത്തിൽ ദൈവത്തോട് പ്രാർഥിക്കുന്നുവെന്നും ഈദ് സന്ദേശത്തിൽ സൽമാൻ രാജാവ് പറഞ്ഞു.
ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ സൽമാൻ രാജാവ് ഈദ് നമസ്കാരത്തിൽ പങ്കെടുത്തു.
സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇൗദുൽ ഫിത്വർ നമസ്കാരം ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ നിർവഹിച്ചു. ഗവർണർമാർ, അമീറുമാർ, ഉപദേഷ്ടാക്കൾ തുടങ്ങിയവർ രാജാവിനൊപ്പം ഇൗദ് നമസ്കാരത്തിൽ പെങ്കടുത്തു. നമസ്കാര ശേഷം അവർ സൽമാൻ രാജാവിന് ഇൗദാംശസകൾ നേർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.