റിയാദിലെ പെരുന്നാൾ ബിരിയാണിക്ക് കരുതലിന്റെ രുചി
text_fieldsറിയാദ് : സൗദി തലസ്ഥാനത്ത് വിളമ്പിയ പെരുന്നാൾ ബിരിയാണിയുടെ ഓരോ അരിമണിയിലുമുണ്ടായിരുന്നു കാരുണ്യത്തിന്റെ രുചി, ബിരിയാണിപ്പൊതി തുറന്നപ്പോൾ മനുഷ്യസ്നേഹത്തിന്റെ സുഗന്ധം പരന്നിരുന്നു. സൗദി ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനത്തിന് പണം സമാഹരിക്കാൻ റിയാദ് അബ്ദുൽ റഹീം സഹായ സമിതി നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചാണ് റിയാദിൽ അവിസ്മരണീയമായത്. 20,000 ബിരിയാണിപ്പൊതികളാണ് ഓർഡർ നൽകിയവരുടെ വീട്ടു പടിക്കലെത്തിച്ചത്. നേരത്തേ നിശ്ചയിച്ച യാത്രകളും മാറ്റിവെച്ചു .
റിയാദിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ സംഘടനകൾ ഒരു മെയ്യായി പ്രവർത്തിച്ചു. ഡ്രൈവേഴ്സ് യൂനിയനുകൾ വിതരണത്തിനായെത്തി. തിരക്ക് നിയന്ത്രിക്കാനും മറ്റ് ക്രമീകരണങ്ങൾക്കും വളന്റിയർമാർ സജീവമായി ഇടപെട്ടു. ഒരു ജീവന് വേണ്ടി ഒരായിരം പേർ ഒരുമിച്ചപ്പോൾ അന്ന് പെരുന്നാളായി. റിയാദ് നഗരത്തിന് പുറമെ ചെറുപട്ടണങ്ങളിലേക്കും സംഘടന വേരുകൾ ഉപയോഗിച്ച് ഭക്ഷണപ്പൊതികളെത്തിച്ചു.ഒടുവിൽ ലക്ഷ്യം നേടി സാമ്പത്തികമായി മാത്രമല്ല. എല്ലാ അർഥത്തിലും മലയാളികളുടെ ഐക്യം ഒരിക്കൽക്കൂടി അടിവരയിട്ടു. ബിരിയാണി ആവശ്യമില്ലാത്തവർ ലേബർ ക്യാമ്പിലെ നിർധനരായ തൊഴിലാളികൾക്ക് നൂറും ഇരുനൂറും ഭക്ഷണപ്പൊതികൾ സ്പോൺസർ ചെയ്ത് ചലഞ്ചിന്റെ ഭാഗമായി.അതെല്ലാം സമയത്തെത്തിച്ചു അവരുടെ സന്തോഷവും പ്രാർഥനയും റഹീമിന്റെ അക്കൗണ്ടിലേക്ക് സമാഹരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.