പെരുന്നാൾ പൊലിമയുടെ മൊഞ്ചിൽ കിഴക്കൻ പ്രവിശ്യ
text_fieldsദമ്മാം: ബലിപെരുന്നാൾ ആഘോഷത്തിന്റെ നിറവിലാണ് സൗദി കിഴക്കൻ പ്രവിശ്യ. പരീക്ഷകൾ കഴിഞ്ഞ് സ്കൂൾ അവധി ആരംഭിച്ച വ്യാഴാഴ്ച മുതൽ പ്രവാസകുടുംബങ്ങൾ പെരുന്നാൾ ആഘോഷത്തിനുള്ള ഒരുക്കം ആരംഭിച്ചിരുന്നു. വാർഷികാവധി കൂടി അടുത്തുവരുന്നതോടെ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് ഇത്തവണത്തെ പെരുന്നാൾ ആഘോഷം വന്നത്. ശനിയാഴ്ച അറഫ നോമ്പ് തുറക്കലിന് കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുകൂടിയതോടെ ആഘോഷങ്ങൾ പാരമ്യത്തിലെത്തി.
മൈലാഞ്ചിച്ചോപ്പണിഞ്ഞും പാട്ടുപാടിയും അവർ പെരുന്നാളിനെ വരവേറ്റു. രാവിലെ അഞ്ചിന് തന്നെ ഈദ് ഗാഹുകളിൽ പ്രവാസികൾ നമസ്കാരത്തിനെത്തിയിരുന്നു. ചൂടുകാലാവാസ്ഥ കാരണം പുറത്തുള്ള ആഘോഷങ്ങളും ഒത്തുകൂടലുകളും അധികം പേരും ഒഴിവാക്കായിട്ടുണ്ട്. കിഴക്കൻ പ്രവിശ്യയിൽനിന്നുള്ള ഹജ്ജ് വളൻറിയർ സംഘങ്ങൾ ശനിയാഴ്ച രാവിലെ ഇവിടെനിന്ന് മക്ക ലക്ഷ്യമാക്കി പുറപ്പെട്ടിരുന്നു. ഹൈപ്പർ മാർക്കറ്റുകളും വസ്ത്രവ്യാപാര ശാലകളും ദിവസങ്ങൾക്ക് മുന്നേ തന്നെ ഓഫറുകൾ പ്രഖ്യാപിച്ചു. പ്രവാസികളുടെ പെരുന്നാൾ ആഘോഷങ്ങൾക്ക് മൊഞ്ചു കൂട്ടി. ഹോട്ടലുകളാണ് ഗംഭീരമായി ഈദ് ആഘോഷിച്ചത്. പലയിടങ്ങളിലും ഉച്ചയോടെ തന്നെ ഭക്ഷണങ്ങൾ കഴിഞ്ഞിരുന്നു. കുടുംബങ്ങളായി താമസിക്കുന്നവരാണ് ഇത്തവണ ഏറ്റവും കൂടുതൽ പാർസലുകൾ വാങ്ങിയതെന്ന് ഹോട്ടൽ വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു.
കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചർ (ഇത്റ) പെരുന്നാൾ ആഘോഷങ്ങൾക്കായി നിരവധി സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.തിങ്കൾ മുതൽ ബുധൻ വരെ നീളുന്ന ആഘോഷപരിപാടികളിൽ കുവൈത്ത് കലാകാരൻ ഹുമൂദ് അൽഖുദറിന്റെ കലാപ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുന്ന പരിപാടിയാണ്. കൂടാതെ ഇത്റയുടെ തിയറ്ററുകളിൽ വിവിധ നാടകങ്ങളും സ്റ്റേജ് ഷോകളും എക്സിബിഷനുകളും മത്സരങ്ങളും അരങ്ങേറും.
എല്ലാ പ്രായത്തിലുമുള്ള ആളുകൾ ഇഷ്ടപ്പെടുന്ന തരത്തിലാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നതെന്ന് ഇത്റ അധികൃതർ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. ഇത്റയിലെ അതിവിശാലമായ ലൈബ്രറിയിൽ ഹജ്ജിന്റെ പഴയകാല ചരിത്രവും വിവിധ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരുടെ സംസ്കാരങ്ങൾ പഠിക്കാനും പ്രത്യേകം അവസരമൊരുക്കിയിട്ടുണ്ട്. ഹജ്ജ് കാലത്ത് രൂപപ്പെടുന്ന ചരിത്രപ്രസിദ്ധമായ ഹജ്ജ് മാർക്കറ്റുകളുടെ കാഴ്ചകളും ശബ്ദങ്ങളും തയാറാക്കി അവതരിപ്പിക്കുന്ന പ്രത്യേക പ്രദർശനം ആളുകൾക്ക് പുതുമയുള്ള കാഴ്ചയാകും. പുരാതന കാലത്ത് ആളുകൾ സമയപാലനത്തിനും ദിക്ക് കണ്ടെത്താനും നക്ഷത്രങ്ങളെ എങ്ങനെ ഉപയോഗിച്ചുവെന്ന് കാണിക്കുന്ന ഒരു ജ്യോതിശാസ്ത്ര പ്രദർശനവും ഇവിടെയുണ്ട്. കൂടാതെ ഹജ്ജാൻ, ഹാദി ആലീസ് തുടങ്ങിയ ചിത്രങ്ങളും ഇത്റ തിയറ്ററിൽ പ്രദർശിപ്പിക്കുന്നുണ്ട്. പെരുന്നാൾ ആഘോഷങ്ങളെ മനോഹരമാക്കാൻ ടൂറിസ്റ്റ്, മുനിസിപ്പാലിറ്റി കേന്ദ്രങ്ങൾ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാൻ പാകത്തിൽ പാർക്കുകളും കോർണീഷുകളും പ്രത്യേകം ഒരുക്കിയതായി ഡെപ്യൂട്ടി സെക്രട്ടറി മഹമൂദ് ബിൻ ഹസൻ അൽ-റത്തൂയി പറഞ്ഞു. കിഴക്കൻ പ്രവിശ്യയിൽ 979 പൊതു ഉദ്യാനങ്ങളും 18 പൊതു പാർക്കുകളും 14 വാട്ടർഫ്രണ്ടുകളും 213 നടപ്പാതകളും ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
20 ലക്ഷത്തിലധികം പൂച്ചെടികൾ ഈദ് ആഘോഷങ്ങൾക്ക് മുന്നോടിയായി വെച്ചുപിടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. കൂടാതെ 30ലധികം അലങ്കര ശിൽപങ്ങളും 11 ജലധാരകളും സ്ഥാപിക്കുകയും ചെയ്തു. സാധാരണ പെരുന്നാൾ ആഘോഷങ്ങൾക്കൊപ്പമുള്ള വെടിക്കെട്ടുകളും ഡിജിറ്റൽ ഷോകളും കോർണീഷുകളിൽ നടക്കും. അൽഖോബാർ അദ്നാൻ മേഖലയിൽ പ്രത്യേക സംഗീതനിശയും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.