ഈദ് ആഘോഷം; ചരിത്രനഗരിയിൽ പൈതൃകപ്പെരുന്നാൾ
text_fieldsറിയാദ്: പുരാതന അറേബ്യയിലെ പെരുന്നാളാഘോഷക്കാഴ്ചകൾ പുനർജനിപ്പിച്ച് ചരിത്രനഗരിയായ ദറഇയ്യയിൽ പെരുന്നാൾ ആഘോഷം പൊടിപൊടിച്ചു. ദറഇയ ഗേറ്റ് ഡെവലപ്മെൻറ് അതോറിറ്റി സംഘടിപ്പിച്ച കലാസാംസ്കാരിക പരിപാടികളിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ആസ്വാദകർ. ബുജൈരി ടെറസ്, ദറയ്യയിലെ പാർക്കുകൾ, ചത്വരങ്ങൾ, തുറൈഫ് മേഖല തുടങ്ങി എല്ലായിടങ്ങളിലും വർണവിസ്മയം തീർത്ത് പെരുന്നാളിന് പൊലിവേറ്റി.
ഒന്നാം പെരുന്നാൾ ദിനത്തിൽ ആരംഭിച്ച നാല് ദിവസത്തെ പരിപാടികളിൽ അർദനൃത്തം, കവിയരങ്ങ് തുടങ്ങിയ ജനപ്രിയ കലാപരിപാടികൾക്ക് ആബാലവൃദ്ധം ആസ്വാദകരുണ്ടായി. കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ വിവിധ പരിപാടികളിലെ മത്സരാർഥികൾക്ക് 25,000ത്തോളം സമ്മാനപ്പൊതികൾ വിതരണം ചെയ്തു. അറേബ്യൻ കുതിരകളുടെ പ്രദർശനവും ശ്രദ്ധേയമായിരുന്നു.
പെരുന്നാളാഘോഷിക്കാൻ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത് ബുജൈരി ടെറസിലാണ്. സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽനിന്നും ഖത്തർ, കുവൈത്ത്, ബഹ്റൈൻ ഉൾപ്പടെ അയൽരാജ്യങ്ങളിൽനിന്നും പ്രവാസികളും സ്വദേശികളും റിയാദിലെ പെരുന്നാളറിയാൻ നഗരത്തിലെത്തി. ഊദ്, റബാബ, ഖാനൂൺ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള തത്സമയ സംഗീതപരിപാടികൾ അതിഥി ആസ്വാദകർക്ക് പുതിയ അനുഭവമാണ് സമ്മാനിച്ചത്.
കടുത്ത ചൂടായതിനാൽ റിയാദ് നിവാസികളായ മലയാളികൾ ഉൾപ്പെടെ സ്വദേശി വിദേശികളിൽ പലരും പുലർച്ചെ നഗരം വിട്ടിരുന്നു. മഴയും തണുപ്പുമുള്ള അബഹയിലേക്കാണ് ഏറെപ്പേരും യാത്രപോയത്. മലയാളി കുടുംബങ്ങൾ ഒറ്റക്കായും യാത്രാസംഘങ്ങളായും അബഹയിലേക്ക് തിരിച്ചിട്ടുണ്ട്. റിയാദിനേക്കാൾ അസഹ്യ ചൂടാണെങ്കിലും ബന്ധുക്കളെയും സൗഹൃദങ്ങളെയും സന്ദർശിക്കാനും പെരുന്നാൾ ഒത്തുചേരലിനും ദമ്മാമിലേക്ക് പോയവരും കുറവല്ല. വാരാന്ത്യ അവധി ഉൾപ്പെടെ ഒരാഴ്ചയോളം നീളുന്ന പെരുന്നാൾ അവധിയുള്ളത് ജോർജിയ, അസർബൈജാൻ, കിർഗിസ്താൻ ഉൾപ്പെടെ രാജ്യങ്ങളിലേക്കും യാത്ര പോയവരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.