സൗദിയിൽ പെരുന്നാളാഘോഷം തുടരുന്നു; മാനത്ത് മലരുകൾ വിരിയിച്ച് കരിമരുന്ന് പ്രയോഗം
text_fieldsറിയാദ്: കോവിഡ് നിഷ്പ്രഭമാക്കിയ മൂന്ന് വർഷത്തിനു ശേഷം കടന്നുവന്ന ഈദുൽ ഫിത്ർ ആഘോഷമാക്കി സൗദി ജനത. കുടുംബസമേതം പുറത്തിറങ്ങിയ അവർ ഈദ് അവധിക്കാലം മതിമറന്ന് ആസ്വദിക്കുന്ന കാഴ്ചകളാണെങ്ങും. ഈദ് ദിനം കുടുംബ, സുഹൃദ് സന്ദർശനങ്ങൾക്ക് വേണ്ടി മാറ്റിവെച്ചവരും പാർക്കുകളും ബീച്ചുകളും അടക്കമുള്ള വിനോദകേന്ദ്രങ്ങളിലേക്ക് നീങ്ങിയതോടെ എല്ലായിടത്തും തിരക്കേറി.
ജനറൽ എൻറർടൈൻമെൻറ് അതോറിറ്റിയുടെ പ്രവിശ്യ ഓഫീസുകളും അതത് മുനിസിപ്പാലിറ്റികളും നിരവധി പരിപാടികളാണ് ഈദ് ആഘോഷത്തിനായി സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങളില്ലാത്ത ഈദ് അവധിക്കാലം പ്രവാസികളും പ്രയോജനപ്പെടുത്തി. ചിലർ വിനോദയാത്രകൾക്ക് പുറപ്പെട്ടപ്പോൾ മറ്റ് ചിലർ സുഹൃദ് സന്ദർശനങ്ങൾക്കും പ്രാദേശിക പരിപാടികൾ അസ്വദിക്കുന്നതിനും സമയം കണ്ടെത്തി.
റമദാനിൽ ജോലിത്തിരക്കിലായിരുന്ന പലരും ഉംറ നിർവഹിക്കാനും മദീന സന്ദർശനത്തിനും അവധിക്കാലം വിനിയോഗിച്ചു. ഏറ്റവും കൂടുതൽ ജനങ്ങളെ ആകർഷിച്ചത് ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി സൗദിയിലെ 13 നഗരങ്ങളിൽ നടത്തിയ കരിമരുന്ന് പ്രയോഗമാണ്. ആകാശത്ത് വർണപ്പൊലിമ വിതറിയ വെടിക്കെട്ട് കാണാൻ എല്ലായിടത്തും വലിയ ജനക്കൂട്ടമായിരുന്നു. റിയാദ്, ജിദ്ദ, അൽ ഖോബാർ, മദീന, ബുറൈദ, ഹാഇൽ, തബൂക്ക്, സകാക്ക, അറാർ, അബഹ, അൽ ബാഹ, നജ്‌റാൻ, ജസാൻ എന്നീ നഗരങ്ങളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലായിരുന്നു കരിമരുന്ന് പ്രയോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.