മരുഭൂമിയിൽ ഇടയന്മാരോടൊപ്പം ഒരു പെരുന്നാളാഘോഷം
text_fieldsറിയാദ്: പുറംലോകവുമായി ബന്ധമില്ലാതെ ആട്ടിൻപറ്റങ്ങൾക്കും ഒട്ടക കൂട്ടങ്ങൾക്കുമൊപ്പം മരുഭൂമിയിലെ അവനവൻ തുരുത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന ഇടയന്മാരുടെ ജീവിതങ്ങളിൽ ആഘോഷ വർണങ്ങൾ വിതറി അവരെത്തി, ആഘോഷ പെരുന്നാളുമായി ഒരുകൂട്ടം മനുഷ്യസ്നേഹികൾ...
ചെറിയ പെരുന്നാൾ ദിവസം ഗൾഫ് മലയാളി ഫെഡറേഷൻ പ്രവർത്തകരുടെ പെരുന്നാൾ ആഘോഷം മരുഭൂമിയിലെ ആടിനെയും ഒട്ടകങ്ങളെയും മേയ്ക്കുന്ന ഇടയന്മാരോടൊപ്പമായിരുന്നു. റിയാദ് നഗരത്തിൽനിന്ന് 150 കിലോമീറ്റർ അകലെ മരുഭൂമിയിൽ വൈകീട്ട് നാല് മുതൽ ആഘോഷ പരിപാടികൾ ആരംഭിച്ചു.
സ്ത്രീകളും കുട്ടികളുമായി എത്തിയ സംഘം ഇടയന്മാർ താമസിക്കുന്ന താമസസ്ഥലങ്ങൾ, കൂടാരങ്ങൾ, ഒട്ടകത്തിെൻറ ആലയങ്ങൾ, ആട്ടിൻ കൂടുകൾ എന്നിവിടങ്ങളിൽ ആരവം തീർത്തും മധുരം വിതരണം ചെയ്തും പെരുന്നാൾ സുദിനത്തെ ആഘോഷമാക്കി. പലയിനം ആടുകളുടെ കൂടെ ഫോട്ടോയും വീഡിയോയും എടുത്തും അവർ ഓരോ നിമഷത്തെയും ആഹ്ലാദഭരിതമാക്കി.
കുട്ടികളും കുടുംബിനികളും മരുഭൂമിയിൽ ആട്ടിടയ കൂട്ടങ്ങളെയും ഒട്ടകങ്ങളെയും കാണുകയും അവയെ തൊടുകയും കൂടെനിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. മധുര പലഹാരങ്ങൾ വിതരണം ചെയ്തും അവരോടൊപ്പം ചെലവഴിച്ചും പെരുന്നാൾ ആഘോഷം പൊടിപൊടിച്ചു.
കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം കുറിച്ചത് ഇടയനായ സുഡാനി അബ്ദുൽ സിദ്ദീഖും ഗൾഫ് മലയാളി ഫെഡറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ മജീദ് ചിങ്ങോലിയും ഫെഡറേഷൻ ചെയർമാൻ റാഫി പാങ്ങോടും ചേർന്നാണ്. പെരുന്നാൾ ദിന ആശംസകൾ നേർന്ന് റാഫി പാങ്ങോട് സംസാരിച്ചു. പെരുന്നാളായാലും മറ്റ് ആഘോഷ അവസരങ്ങളിലായാലും അതൊന്നും അറിയാതെയും അതിലൊന്നും കൂടാനാവാതെയും മരുഭൂമിയിൽ എല്ലാ ദിവസവും പോലെ തള്ളിനീക്കുന്നവരാണ് ഇടയന്മാർ. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് അവരുടെ ഉപജീവനം.
ഇതേപോലെയുള്ള വിശേഷ ദിവസങ്ങളിൽ അവരെ കാണുകയും അവരോടൊപ്പം ആഹാരം പാചകം ചെയ്തു പരസ്പരം കഴിക്കുകയും സ്നേഹം പങ്കുവയ്ക്കുകയും ചെയ്യുക എന്നത് ഏറ്റവും മനുഷ്യത്വ പ്രവൃത്തിയാണെന്ന് മജീദ് ചിങ്ങോലി പറഞ്ഞു. നഗരങ്ങളിൽ ആഘോഷങ്ങളിൽ മതിമറക്കുേമ്പാൾ ഈ ഇടയ ജീവിതങ്ങളെ കുറിച്ചും നമ്മളോർക്കണമെന്നും ഇതുപോലൊരു ഒത്തുചേരലും ആഘോഷ പരിപാടിയും സംഘടിപ്പിക്കാനായതിൽ മാതൃകാപരമാണ് ഇതെന്നും എഴുത്തുകാരി ഷഫീന പറഞ്ഞു.
ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സനിൽകുമാർ, ബാബു, അഷ്റഫ് ചേലാമ്പ്ര, സാദത്ത് കല്ലറ, നസീർ കുന്നിൽ, ഷഫീന, മുന്ന, സുധീന കല്ലറ, മുഹമ്മദ് വസീം, മജീദ് ചിങ്ങോലി, സുബൈർ കുമ്മിൾ, സജീർ പൂന്തുറ, ആമിന റാഫി, ഫയാസ്, അൽസാഫിയ തുടങ്ങി നിരവധി പ്രവർത്തകർ ആഘോഷത്തിന് നേതൃത്വം നൽകാനെത്തി.
ഇടയന്മാരായ സുഡാനികളും തനത് അറബി പാട്ടുകൾ പാടിയും പരമ്പരാഗത നൃത്തങ്ങൾ ആടിയും ആഘോഷത്തിൽ പങ്കുചേർന്നപ്പോൾ മലയാളികൾ മാപ്പിളപ്പാട്ടുകൾ പാടി ആഘോഷത്തിന് പൊലിമയേറ്റി. ഇടയന്മാർ അവരുടെ ഇട്ടാവട്ടത്തെ പാചകപ്പുരയിൽ ആട്ടിൻ ബിരിയാണി പാചകം ചെയ്തു തങ്ങളെ തേടി വന്നവരെ പെരുന്നാളൂട്ടി. നഗരത്തിൽ നിന്ന് ചെന്നവർ ഇടയന്മാർക്കായി പെരുന്നാൾ സമ്മാനങ്ങൾ കൈയ്യിൽ കരുതിയിരുന്നു. അത് ഇടയന്മാർക്ക് സമ്മാനിച്ചു.
കൊച്ചുകുട്ടികൾ കളിചിരികളുമായി തങ്ങളോടൊപ്പം ചേർന്നപ്പോൾ ഇടയന്മാരുടെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ തിളങ്ങി. അവർ ആയിരം കാതങ്ങമകലെ തങ്ങളുടെ വീടുകളിലുള്ള സ്വന്തം മക്കളെ ഒരുവേള ഓർത്തുപോയിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.