മുൻകരുതലുകൾക്കിടയിൽ സൗദിയിൽ ഈദുൽ ഫിത്വർ ആഘോഷം; സ്നേഹസാഹോദര്യം പുതുക്കി വിശ്വാസികൾ
text_fieldsജിദ്ദ: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തിക്കുറിന്ച്ച് സൗദിയിലെങ്ങും അത്യാഹ്ളാദപൂർവം ഈദുൽ ഫിത്വർ ആഘോഷിച്ചു. കോവിഡ് മുൻകരുതലുകൾക്കിടയിൽ വലിയ ആഘോഷപ്പൊലിമയില്ലാതെയാണ് ഇത്തവണയും രാജ്യത്തെ പൗരന്മാരും താമസക്കാരും ഈദുൽ ഫിത്വർ ആഘോഷിച്ചത്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള മുൻകരുതൽ നടപടികൾ പാലിച്ചാണ് വിവിധ മേഖലകളിലെ പള്ളികളിൽ ഈദ് നമസ്കാരം നടന്നത്. നമസ്കാരത്തിനു കൂടുതൽ പള്ളികൾക്ക് മതകാര്യ മന്ത്രാലയം അനുമതി നൽകിയിരുന്നു. ഒത്തുച്ചേരലുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ വീടകങ്ങളിൽ കഴിഞ്ഞു കൂടിയാണ് സ്വദേശികളും വിദേശികളും പ്രധാനമായും ഈദാഘോഷം കൊണ്ടാടിയത്. ഫോണുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഈദാശംസകൾ കൈമാറി കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമിടയിൽ സ്നേഹവും സാഹോദര്യവും ഐക്യവും പുതുക്കി. നോമ്പിലൂടെ നേടിയെടുത്ത ആത്മീയ കരുത്ത് നിലനിർത്താനും സൽഗുണങ്ങൾ മുറുകെ പിടിക്കാനും ഇമാമുമാർ ഖുതുബയിൽ ഉദ്ബോധിപ്പിച്ചു.
സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇത്തവണ പെരുന്നാൾ നമസ്കാരം നിർവ്വഹിച്ചത് തബൂക്ക് നിയോം പള്ളിയിലായിരുന്നു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിലും നമസ്കാരത്തിൽ പങ്കെടുത്തു. റമദാൻ അവസാന പത്തിൽ മക്കയിലെ മസ്ജിദുൽ ഹറാമിനടുത്ത് കഴിഞ്ഞു കൂടാൻ സൽമാൻ രാജാവ് എത്തുക പതിവാണ്. ഈദുൽ ഫിത്വർ നമസ്കാരത്തിൽ കൂടി പങ്കെടുത്ത ശേഷമാണ് സൽമാൻ രാജാവ് മക്കയിൽ നിന്ന് മടങ്ങുക. എന്നാൽ കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ രണ്ട് വർഷമായി സൽമാൻ രാജാവ് റമദാനിൽ മക്കയിൽ കഴിഞ്ഞു കൂടാനെത്തിയിട്ടില്ല. നിയോം പള്ളിയിലെ പെരുന്നാൾ നമസ്കാരത്തിൽ ഗവർണർമാരും അമീറുമാരും സുരക്ഷ ഉദ്യോഗസ്ഥരും പങ്കെടുത്തു. നമസ്കാര ശേഷം ഗവർണർമാരും അമീറുമാരും സൽമാൻ രാജാവിനു ഈദാംശസകൾ കൈമാറി.
ഇരുഹറമുകളിൽ നടന്ന ഈദ് നമസ്കാരത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. മസ്ജിദുൽ ഹറാമിൽ നടന്ന നമസ്കാരത്തിനു ഡോ. സ്വാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് നേതൃത്വം നൽകി. മക്ക മേഖല ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ എന്നിവർക്ക് പുറമെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നെത്തിയ സ്വദേശികളും വിദേശികളും മസ്ജിദുൽ ഹറാമിൽ ഈദ് നമസ്കാരം നിർവഹിച്ചു. അനുമതി പത്രം ലഭിച്ചവർക്ക് മാത്രമാണ് ഹറമുകളിലേക്ക് നമസ്കാരത്തിനു പ്രവേശനം നൽകിയത്. ആരോഗ്യ മുൻകരുതൽ നടപടികൾ പാലിച്ചെന്ന് ഉറപ്പുവരുത്താൻ കൂടുതൽ പേരെ ഇരുഹറം കാര്യാലയം നിയോഗിച്ചിരുന്നു.
മദീനയിലെ മസ്ജിദുന്നബവിയിൽ നടന്ന നമസ്കാരത്തിന് ശൈഖ് അഹ്മദ് ബിൻ ത്വാലിബ് നേതൃത്വം നൽകി. മേഖല ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ, ഡെപ്യുട്ടി ഗവർണർ അമീർ സഊദ് ബിൻ ഖാലിദ് അൽഫൈസൽ, സ്വദേശികളും വിദേശികളും സന്ദർശകരുമടക്കം ആയിരങ്ങൾ മസ്ജിദുന്നബവിയിലെ നമസ്കാരത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.