ഇന്ന് പെരുന്നാൾ, രാജ്യമെങ്ങും ആഘോഷം
text_fieldsയാംബു: റമദാൻ 30 പൂർത്തിയാക്കി ആഗതമായ ചെറിയ പെരുന്നാളിന്റെ (ഈദുൽ ഫിത്ർ) ആഘോഷത്തിമിർപ്പിലേക്ക് സൗദി അറേബ്യ. വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്കൊടുവിൽ ആത്മീയ സായൂജ്യത്തിന്റെ ആഘോഷമായെത്തിയ സുദിനത്തെ വരവേൽക്കാൻ രാജ്യത്ത് എല്ലായിടത്തും അലങ്കാരവിളക്കുകളും തോരണങ്ങളും സ്വാഗത ഫലകങ്ങളും നിറഞ്ഞിരിക്കുന്നു. സൂര്യോദയത്തിന് 15 മിനിറ്റിനു ശേഷം രാജ്യത്തെങ്ങും ഈദ് നമസ്കാരം നടക്കും. ഈദ് ഗാഹുകളിലാണ് പതിവെങ്കിലും രാജ്യത്ത് പല മേഖലകളിലും മഴ പെയ്യുന്നതിനാൽ അത്തരം ഭാഗങ്ങളിൽ പള്ളികളിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ചാൽ മതിയെന്ന് മതകാര്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. നമസ്കാരശേഷം പരസ്പരം ആശ്ലേഷിച്ച് പിരിയുന്ന ജനങ്ങൾ വിവിധതരം ആഘോഷങ്ങളിൽ മുഴുകും. മിഠായിയും മധുരപലഹാരങ്ങളും സമ്മാനപ്പൊതികളും കൈമാറൽ ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമാണ് അറേബ്യൻ സംസ്കാരത്തിൽ. അതിനു പുറമെ ആഘോഷത്തിന് പൊലിമ കൂട്ടാൻ സൗദിയിലെങ്ങും രാത്രിയിൽ വെടിക്കെട്ടുണ്ടാവും.
ഈ വർഷം രാജ്യത്തെ13 പ്രധാന നഗരങ്ങളിലാണ് കരിമരുന്ന് പ്രയോഗം. പെരുന്നാൾ ദിനം രാത്രി ഒമ്പതിനാണ് മാനത്ത് ആയിരം നക്ഷത്രങ്ങൾ പൂത്തുവിടരുന്ന വെടിക്കെട്ട്. റിയാദിൽ ബോളിവാഡ് സിറ്റിയിലെ ടൈം സ്ക്വയറിലാണ് ഇത്. ജിദ്ദയിലെ പുതിയ കോർണിഷ് ഏരിയയിൽ ബുധൻ, വ്യാഴം ദിവസങ്ങളിലും. ഖോബാറിൽ വാട്ടർ ടവറിലും മദീനയിൽ അൽ ആലിയ മാളിന് എതിർവശത്തും ഹാഇലിൽ സലാം പാർക്കിന് പിൻവശത്തും അബഹയിൽ സാമ അബഹയിലും ജീസാനിൽ നോർത്ത് കോർണീഷിലും അറാറിൽ അറാർ ടവറിന്റെ പിൻവശത്തും അൽ ജൗഫിൽ കിങ് സൽമാൻ കൾചറൽ സെൻററിന് പിൻവശത്തും അൽ ബാഹയിൽ അമീർ ഹുസ്സാം പാർക്കിലും തബൂക്കിൽ വാദി ദുബാനിലും ബുറൈദയിൽ കിങ് അബ്ദുല്ല നാഷനൽ പാർക്കിലും നജ്റാനിൽ അമീർ ഹത്ലാൽ സ്പോർട്സ് സിറ്റിക്ക് സമീപവുമായും വെടിക്കെട്ട് നടക്കും.
പെരുന്നാൾ പ്രമാണിച്ച് ഈ മാസം ഒമ്പത് മുതൽ 11 വരെ രാജ്യത്തെ സ്വകാര്യ മേഖലയുൾപ്പെടെ സമസ്ത രംഗങ്ങളിലും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ‘നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം നിങ്ങളുടെ ഈദ്’ എന്നതാണ് ഇത്തവണത്തെ ആഘോഷത്തിന്റെ തലക്കെട്ട്. ജനറൽ എൻറർടെയിൻമെൻറ് അതോറിറ്റിയാണ് സംഘാടകർ. വെടിക്കെട്ടിന് പുറമെ സംഗീതക്കച്ചേരികളും നാടകാവതരണങ്ങളും കോമഡി സ്കിറ്റുകളും അരങ്ങേറും. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ലോകപ്രശസ്ത ഗായകർ ഉൾപ്പെടെ പങ്കെടുക്കുന്ന എട്ട് സംഗീത മേളകൾ അവതരിപ്പിക്കപ്പെടും. റിയാദ്, ജിദ്ദ, ഖോബാർ, മദീന, ഹാഇൽ, അബഹ, അൽ ജൗഫ്, അൽ ബാഹ, ജീസാൻ, അറാർ, തബൂക്ക്, ബുറൈദ, നജ്റാൻ എന്നീ നഗരങ്ങളിലാണ് പ്രധാന ആഘോഷ വേദികൾ.
റിയാദിലെ ബോളിവാഡ് സിറ്റിയിലും ബോളിവാഡ് വേൾഡിലും നിരവധി ആകർഷക പരിപാടികളുണ്ട്. രണ്ടിടങ്ങളിലും പെരുന്നാൾ ദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ പുലർച്ചെ രണ്ടുവരെയാണ് പ്രവേശനം. ‘വയ റിയാദ്’ പാർക്ക് രാത്രി എട്ട് മുതൽ പുലർച്ചെ മൂന്ന് വരെയും. ജിദ്ദ പ്രോമനൈഡിൽ വൈകീട്ട് അഞ്ച് മുതൽ പുലർച്ചെ രണ്ട് വരെയും. ഇവിടങ്ങളിൽ നാടൻ കലകളുടെ പ്രകടനം, സംഗീതക്കച്ചേരി, ഗാനമേള, മറ്റ് വിനോദ പരിപാടികൾ, നാടകം എന്നിവയാണ് ഉണ്ടായിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.