പെരുന്നാൾക്കാലം സന്ദർശകർക്ക് പ്രിയം പകർന്ന് ഖതീഫിലെ സ്ട്രോബറിത്തോട്ടം
text_fieldsദമ്മാം: കോവിഡ്കാല നിയന്ത്രണങ്ങൾക്കിടയിലും പെരുന്നാൾ കാലത്ത് സന്ദർശകർക്ക് പ്രിയമായി മാറുകയാണ് ഖതീഫിലെ സ്ട്രോബറിത്തോട്ടം. ഒത്തുചേരലുകളും കലാസംഗമങ്ങളും ഇല്ലാത്തതിനാൽ കുടുബവുമൊത്ത് പെരുന്നാൾ ആഘോഷിക്കാൻ പുതുമയുള്ള ഇടംതേടി നടക്കുന്നവർക്ക് ഏറെ പ്രിയം പകരുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. ദമ്മാമിൽനിന്ന് കേവലം 20 കിലോമീറ്റർ അകലെ ഖതീഫിലെ അബ്ദുൽ അസീസ് റോഡിൽനിന്ന് അൽപം ഉള്ളിലേക്ക് കയറിയാണ് ഹൈേഡ്രാപോണിക് സംവിധാനത്തിൽ ഈ തോട്ടം സംവിധാനിച്ചിട്ടുള്ളത്. പച്ചക്കറികൾ വിളയുന്ന തോട്ടങ്ങൾ ഖതീഫിൽ ധാരാളമായി കാണാമെങ്കിലും സ്ട്രാേബറിയുടെ തോട്ടം അപൂർവമാണ്.
പഴുത്ത് ചുവന്നുതുടുത്ത സ്ട്രോബറി പഴങ്ങൾ നിരയായി നിൽക്കുന്നത് മനോഹരമായ കാഴ്ചയാണ്. കൂട നിറയെ നമുക്ക് തന്നെ അത് പറിച്ചെടുക്കാൻ അനുവദിക്കുന്നു എന്നതും പ്രത്യേക അനുഭവമാണ്. ഹസൻ സുൽത്താൻ അബ്ദുല്ല എന്ന സ്വദേശിയുടേതാണ് തോട്ടം. ശനിയാഴ്ച ദിവസം സന്ദർശകർക്കായി ഈ തോട്ടം തുറന്നുകൊടുക്കുന്നു. വ്യവസായ പ്രമുഖനായ ഹസൻ സുൽത്താന് ഇത് കേവലം കച്ചവടം മാത്രമല്ല. പഴങ്ങളും പച്ചക്കറികളും ഉൽപാദിപ്പിക്കുന്നതിനൊപ്പം ഇതുമായി സല്ലപിക്കുേമ്പാൾ ലഭിക്കുന്ന സന്തോഷം അതിനേക്കാൾ വിലകൂടിയതാണെന്ന് അദ്ദേഹം പറയുന്നു.
ചെറിയ പ്രവേശന ഫീസ് സന്ദർശകരിൽനിന്ന് ഈടാക്കും. കയറുേമ്പാൾ തന്നെ പഴങ്ങൾ ശേഖരിക്കാനുള്ള കൂടയും മുറിച്ചെടുക്കാനുള്ള കത്രികയും ലഭിക്കും. കുറഞ്ഞ വിലയിൽ ശുദ്ധമായ സ്ട്രോബറി പഴങ്ങൾ നമുക്ക് വാങ്ങാം. ഇത് കൂടാതെ പപ്പായ, വിവിധയിനങ്ങളിലും നിറത്തിലുംപെട്ട തക്കാളികൾ, ബ്രഹ്മി മുതൽ തുളസി വരെയുള്ള ഔഷധച്ചെടികൾ, പച്ചമുളകും കാപ്സിക്കവും മുതൽ വെള്ളരി വരെയുള്ള പച്ചക്കറികൾ എന്നിവ ഇവിടെ സമൃദ്ധമായി കായ്ച്ചുനിൽക്കുന്നതും സന്ദർശകർക്ക് കുളിർമ പകരുന്ന കാഴ്ചയാണ്. കേരളത്തിൽ സമൃദ്ധമായി കാണാറുള്ള പപ്പായ പ്രത്യേക സംവിധാനത്തിൽ നിരനിരയായി വെച്ചുപിടിപ്പിച്ചിട്ടുണ്ട്. പഴുത്ത് സ്വർണനിറമാർന്ന പപ്പായ കൊതിയൂറുന്ന കാഴ്ചയാണ്.
വർഷത്തിൽ അഞ്ചു മുതൽ ഏഴു മാസം വരെയാണ് സ്ട്രോബറി വിളവെടുക്കുക. ഒരു തുള്ളി വെള്ളംപോലും പാഴായിപ്പോകാതെ ഉയർത്തിക്കെട്ടിയ മണ്ണുനിറച്ച ചാക്ക് പാളങ്ങളിൽ വളരെ സൂക്ഷ്മതയോടെയാണ് ഇതിനെ വെച്ചുപിടിപ്പിച്ചിട്ടുള്ളത്. പെരുന്നാൾ അവധിയായതോടെ സ്വദേശികളും വിദേശികളുമായി നൂറുകണക്കിന് ആളുകളാണ് തോട്ടം സന്ദർശിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്. പെരുന്നാൾ അവധിക്കാലത്ത് കൂടുതൽ ദിവസങ്ങൾ സന്ദർശകർക്കായി തോട്ടം തുറന്നുകൊടുക്കാനാണ് ഇവരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.