ഈദുൽഫിത്ർ: വർണശബളമാക്കാൻ ഒരുക്കം തുടങ്ങി സൗദി
text_fieldsറിയാദ്: ശവ്വാൽ പിറ കാണാൻ ദിവസങ്ങൾ ബാക്കിനിൽക്കേ ചെറിയ പെരുന്നാൾ വർണശബളമാക്കാൻ ഇന്നേ ഒരുക്കം തുടങ്ങി സൗദി അറേബ്യ. രാജ്യമെങ്ങും ഈദുൽഫിത്ർ ആഘോഷങ്ങൾക്കുള്ള മുന്നൊരുക്കം തകൃതി. പതിവുപോലെ ഇത്തവണയും പൊതുവിനോദ അതോറിറ്റിക്ക് കീഴിൽ വിപുലമായ കലാസാംസ്കാരിക വിനോദ പരിപാടികളാണ് ഒരുങ്ങുന്നത്.
‘ഈദുൽ ഫിത്ർ 2024’ ആഘോഷം സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ ബുക്ക്ലെറ്റ് അതോറിറ്റി പുറത്തിറക്കി. വെടിക്കെട്ട്, സംഗീതക്കച്ചേരികൾ, നാടകങ്ങൾ തുടങ്ങിയ വിവിധ പരിപാടികളാണ് അരങ്ങേറുന്നത്. https://t.co/NjW38iuUYz എന്ന ലിങ്ക് വഴി ഈദ് പരിപാടികളുടെ ബുക്ക്ലെറ്റ് കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.
രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഈദ് ആഘോഷിക്കുന്നതിന് രാത്രി ഒമ്പതിന് കരിമരുന്ന് പ്രയോഗം നടത്തും. ജിദ്ദയിൽ രണ്ടു ദിവസമാണ് വെടിക്കെട്ട്. വിവിധ അറബ് രാജ്യങ്ങളിൽനിന്ന് നിരവധി പ്രതിഭകളും കലാസംഘങ്ങളും അവതരിപ്പിക്കുന്ന നാടകങ്ങളാണ് പ്രധാനമായും അരങ്ങേറുക.
ഏപ്രിൽ 14ന് റിയാദ് ബോളിവാർഡ് സിറ്റിയിലെ മുഹമ്മദ് അൽ അലി തിയറ്ററിൽ ‘അയൽക്കാരൻ’ എന്ന നാടകം അരങ്ങേറും. ഏപ്രിൽ 13ന് ജിദ്ദയിലെ ബാറ്റർജി കോളജ് തിയറ്റർ ‘ദി റെഡ് ബോക്സ്’ എന്ന നാടകത്തിനും അരങ്ങാവും. 14ന് ദമ്മാമിലെ അൽഅസല തിയറ്ററിൽ ‘ജിന്നിന്റെ കല്യാണം’ എന്ന നാടകം അരങ്ങേറും.
കൂടാതെ രാജ്യത്തെ വിവിധ നഗരങ്ങളിൽ എട്ട് സംഗീതക്കച്ചേരികൾ നടക്കും. റിയാദ് ബോളിവാർഡ് സിറ്റി ഈദ് ദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ പുലർച്ചെ രണ്ട് വരെയും ബോളിവാർഡ് വേൾഡ് വൈകീട്ട് നാല് മുതൽ പുലർച്ചെ ഒന്ന് വരെയും സന്ദർശകരെ സ്വീകരിക്കും.
റിയാദ് ദറഇയയിലെ ‘വയാ റിയാദ്’ പാർക്കിൽ രാത്രി എട്ട് മുതൽ പുലർച്ചെ മൂന്ന് വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം. ‘ജിദ്ദ പ്രൊമെനേഡിലെ മികച്ച അവധിദിനങ്ങൾ’ എന്ന ശീർഷകത്തിൽ 10 ദിവസം ജിദ്ദ പ്രൊമെനേഡിൽ ഈദ് പരിപാടികൾ നടക്കും.
‘നിങ്ങളുടെ കുടുംബത്തിനും ആളുകൾക്കും ഇടയിൽ നിങ്ങളുടെ ഈദ്’ എന്നതാണ് ഇത്തവണത്തെ ഈദുൽ ഫിത്ർ ആഘോഷങ്ങളുടെ തലക്കെട്ട്. ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും സൗദി ജനതയുടെയും സന്ദർശകരുടെയും ഹൃദയങ്ങളിൽ ആഹ്ലാദം നിറക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിത്.
13 ഇടങ്ങളിൽ വെടിക്കെട്ട്
•റിയാദ് - ടൈം സ്ക്വയർ, ബോളിവാർഡ് സിറ്റി
•ജിദ്ദ - പ്രൊമെനേഡ് വാൾക്ക് (പുതിയ കോർണിഷ് ഏരിയ)
•മദീന - അൽ ആലിയ മാളിന് എതിർവശം
•അൽഖോബാർ - വാട്ടർ ടവർ
•അബഹ - സമ അബഹ
•ഹാഇൽ - സലാം പാർക്കിന് പിറകിൽ
•ജിസാൻ - നോർത്ത് കോർണിഷ്
•അറാർ - അറാർ ടവറിന് പിറകിൽ
•അൽജൗഫ് - കിങ് സൽമാൻ കൾച്ചറൽ സെന്ററിന് പിറകിൽ
•അൽബഹ - പ്രിൻസ് ഹുസാം പാർക്ക്
•തബൂക്ക് - വാദി ദുബാൻ
•ബുറൈദ - കിങ് അബ്ദുല്ല നാഷനൽ പാർക്ക്
•നജ്റാൻ - പ്രിൻസ് ഹഥ്ലൂൽ സ്പോർട്സ് സിറ്റിക്ക് സമീപം
(പെരുന്നാൾ ആദ്യ ദിവസം രാത്രി ഒമ്പതിനാണ് എല്ലായിടത്തും. ജിദ്ദയിൽ മാത്രം രണ്ട് ദിവസം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.