നാട് പെരുന്നാൾ സന്തോഷത്തിലേക്ക്: ഈദാശംസകളുടെ മൊഞ്ചണിഞ്ഞ് തെരുവുകൾ
text_fieldsയാംബു: പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ വിട പറയുന്നതോടെ നാട് ചെറിയ പെരുന്നാൾ സന്തോഷത്തിലേക്ക് നീങ്ങുകയാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് സാധ്യമാകുന്ന തരത്തിൽ പെരുന്നാൾ ആഘോഷിക്കാനൊരുങ്ങുകയാണ് എല്ലാവരും. വ്യാപാര സ്ഥാപനങ്ങളിൽ നേരത്തേ തന്നെ ഈദ് വിൽപന സജീവമായിട്ടുണ്ട്.
രാജ്യത്തെ പ്രധാന മാളുകളും ഹൈപർ മാർക്കറ്റുകളും പ്രത്യേക പെരുന്നാൾ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ചെറിയ പെരുന്നാൾ നമസ്കാരത്തിന് രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും വിപുല സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നത് കണക്കിലെടുത്തും കോവിഡ് പ്രോട്ടോകോൾ പാലനം ഉറപ്പുവരുത്താനും വേണ്ടിയാണ് ഇസ്ലാമിക കാര്യ മന്ത്രാലയം കൂടുതൽ പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിനുള്ള സൗകര്യങ്ങൾ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഹസ്തദാനം, ആലിംഗനം തുടങ്ങിയവ കോവിഡ് കാലത്ത് ഒഴിവാക്കണമെന്നും മന്ത്രാലയം പ്രത്യേകം ഉണർത്തിയിട്ടുണ്ട്.
ഈദുൽ ഫിത്റിനെ വരവേൽക്കാൻ രാജ്യത്തെ പ്രധാന തെരുവുകളിൽ ആകർഷണീയമായ ബോർഡുകളും ദീപാലങ്കാരങ്ങളും ഇതിനകം പ്രത്യക്ഷപ്പെട്ടു. പെരുന്നാൾ ആശംസകൾ (ഈദ് മുബാറക്) എന്നെഴുതിയ വൈവിധ്യങ്ങളായ ബോർഡുകളും ഫ്ലക്സ് ദീപങ്ങളും തെരുവോരങ്ങളെ നയനാനന്ദകരമാക്കുന്നു. യാംബു റോയൽ കമീഷനിലെ വാട്ടർ ഫ്രണ്ട് പാർക്കിനടുത്തുള്ള തെരുവോരങ്ങളിലെ പെരുന്നാൾ അലങ്കാര ദൃശ്യങ്ങൾ രാത്രി കാഴ്ചയെ വർണാഭമാക്കുന്നു. യാംബു റോയൽ കമീഷൻ റോഡ്സ് മാനേജ്മെൻറ് ടീം ഓരോ പെരുന്നാൾ സുദിനങ്ങളിലും തെരുവോരങ്ങൾ മോഡി പിടിപ്പിക്കുന്നതിന് പുതുമ നിറഞ്ഞ ആസൂത്രണമാണ് നടത്താറുള്ളത്.
റോയൽ കമീഷനിലെ വിവിധ പാർക്കുകളിലെത്തുന്ന സന്ദർശകർക്ക് ഇവിടത്തെ ചാരുതയേറിയ പെരുന്നാൾ അലങ്കരക്കാഴ്ചകൾ വേറിട്ട മറ്റൊരു ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.