നിയമക്കുരുക്കിലായി എട്ടുവർഷം; ഒടുവിൽ കർണാടക സ്വദേശി നാടണഞ്ഞു
text_fieldsഅബഹ: എട്ട് വർഷമായി നാട്ടിൽ പോകാൻ കഴിയാതെ പ്രയാസമനുഭവിച്ചിരുന്ന കർണാടക സ്വദേശി മലയാളി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു. കർണാടക മംഗലാപുരം സ്വദേശി മുസ്തഫയാണ് നിയമക്കുരുക്കിൽപ്പെട്ട് ദീർഘകാലം നാട്ടിൽ പോകാൻ കഴിയാതെ കഴിഞ്ഞിരുന്നത്.
ബിൻ ലാദൻ കമ്പനിയിൽ ജോലിക്കാരനായിരുന്ന ഇദ്ദേഹം ജോലിക്ക് പോകാനായി റെന്റ് എ കാർ കമ്പനിയിൽനിന്ന് കാർ വാടകക്കെടുത്തിരുന്നു. കമ്പനി പ്രതിസന്ധിയിലായതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട മുസ്തഫ പിന്നീട് ഖമീസ് മുശൈത്തിൽ സ്വദേശി പൗരന് കീഴിൽ ജോലിക്ക് കയറി. സ്പോൺസർക്ക് തന്റെ വാടകക്കെടുത്ത കാർ നൽകി അദ്ദേഹത്തിന്റെ ട്രക്കിൽ ഡ്രൈവറായി മുസ്തഫ ജോലിചെയ്തുവരികയായിരുന്നു.
അതിനിടക്കാണ് കാറിന്റെ വാടക നൽകാത്തതിന് റെന്റ് എ കാർ കമ്പനി തനിക്കെതിരെ കേസ് കൊടുത്ത് എതിരായ വിധി സമ്പാദിച്ച വിവരം അറിയുന്നത്. 57,000 റിയാൽ നൽകിയാൽ മാത്രമേ കേസിൽനിന്ന് ഒഴിവാക്കാനാവൂ എന്ന് റെന്റ് എ കാർ കമ്പനി അറിയിച്ചു. തുടർന്ന് കമ്പനി അധികാരികളുമായി സംസാരിച്ച് അടയ്ക്കാനുള്ള പണം 35,000 റിയാലായി കുറച്ചു.
ഈ പണം സുഹൃത്തുക്കളുടെ സഹായത്തോടെ അടച്ചെങ്കിലും നാട്ടിൽ പോകാനുള്ള രേഖകൾ ശരിയാക്കാൻ മലയാളി സാമൂഹിക പ്രവർത്തകൻ പൈലി ജോസിന്റെ സഹായം തേടി. അദ്ദേഹത്തിന്റെ ശ്രമഫലമായി എക്സിറ്റ് ലഭിക്കാൻ ആവശ്യമായ നടപടികൾ പൂർത്തിയാക്കി. തുടർന്ന് വിമാന ടിക്കറ്റിന് ബുദ്ധിമുട്ടിയ മുസ്തഫക്ക് ഖമീസിലെ ബിസിനസുകാരനായ റഊഫ് വിമാനടിക്കറ്റ് നൽകി സഹായിക്കുകയും ചെയ്തു. ഇതോടെ 28 വർഷത്തെ പ്രവാസത്തിന് വിരാമമിട്ട് മുസ്തഫ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.