‘ഇജാർ’ വാടകക്കരാർ; സമയത്ത് വാടക അടയ്ക്കാനായില്ലെങ്കിൽ നിയമക്കുരുക്കിൽപ്പെടും
text_fieldsദമ്മാം: സൗദിയിൽ വാടകക്കരാർ പ്രകാരം വീട്ടുവാടക കൃത്യസമയത്ത് അടയ്ക്കാനായില്ലെങ്കിൽ നിയമക്കുരുക്കിൽ പെടും. കരാർ രേഖകൾ ഓൺലൈനായി ‘ഇജാർ’ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ നിശ്ചിത ദിവസത്തിനുള്ളിൽ വാടക നൽകിയില്ലെങ്കിൽ കാത്തിരിക്കുന്നത് നിയമക്കുരുക്കാണ്. പ്രവാസികളാണ് അധികവും ഇങ്ങനെ നിയമക്കുരുക്കിൽപെടുന്നത്. വാടകക്കെടുത്തയാളുടെ ‘അബ്ശിർ’ സിസ്റ്റവുമായി ‘ഇജാർ’ സിസ്റ്റം ബന്ധിപ്പിച്ചതിനെ കുറിച്ചുള്ള അറിവില്ലായ്മയാണ് മിക്കവരെയും നിയമക്കുരുക്കിൽ അകപ്പെടുത്തുന്നത്.
മൂന്നുവർഷം മുമ്പാണ് എല്ലാ വാടകക്കരാറുകളും ഇജാർ ഫ്ലാറ്റ്ഫോം മുഖാന്തരം രജിസ്റ്റർ ചെയ്യണമെന്ന നിയമവ്യവസ്ഥ നിലവിൽവന്നത്. വാടകക്കാരന്റെയും കെട്ടിടമുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കാനാണ് ഈ പദ്ധതി മന്ത്രാലയം നടപ്പിലാക്കിയത്. സൗദിയിലെ ഭൂരിപക്ഷം വാടകക്കരാറുകളും ഇജാർ ഫ്ലാറ്റ്ഫോമിൽ ഇതിനകം ബന്ധിപ്പിച്ചുകഴിഞ്ഞു. വാടക അടയ്ക്കാനുള്ള സമയപരിധി അവസാനിച്ച് 15 ദിവസം കഴിഞ്ഞാൽ അത് കർശനമായി ആവശ്യപ്പെടാനും 30 ദിവസത്തിനുശേഷം കോടതിയിലേക്ക് നീങ്ങാനും കെട്ടിടമുടമക്ക് അവകാശമുണ്ടെന്ന് ഇജാർ പ്ലാറ്റ്ഫോം വ്യക്തമാക്കുന്നു. ഇതിനാവശ്യമായ നിയമപരിരക്ഷയും സൗദി കോടതികൾ നൽകുന്നുണ്ട്. നിയമ മന്ത്രാലയത്തിെൻറ ‘നാജിസ്’ പോർട്ടലിലൂടെ വാടകക്കരാർ അറ്റാച്ച് ചെയ്തതിനുശേഷം കെട്ടിടമുടമക്ക് വാടകക്കാരനെതിരെ കേസ് നൽകാം.
കേസ് ഫയലിൽ സ്വീകരിക്കുന്നപക്ഷം വാടകക്കെടുത്ത വ്യക്തിയുടെ മൊബൈലിലേക്ക് പണമടയ്ക്കാനായി അഞ്ചുദിവസത്തെ സമയപരിധി നൽകിയുള്ള സന്ദേശമെത്തും. പണമൊടുക്കാത്ത പക്ഷം ഈ തീയതി അവസാനിക്കുന്നതോടെ കോടതി സെൻട്രൽ ബാങ്കിൽ വിവരമറിയിക്കുന്നതോടെ വാടകക്കാരെൻറ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. അക്കൗണ്ടിൽ പണമുണ്ടെങ്കിൽ കെട്ടിടമുടമയുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യപ്പെടും. തുകയില്ലെങ്കിൽ പണമടയ്ക്കുന്നതുവരെ അക്കൗണ്ട് മരവിച്ച സ്ഥിതിയിലായിരിക്കും. 10 വർഷം വരെ യാത്രവിലക്കുമുണ്ടാകും.
കേസ് നൽകിയത് കെട്ടിടമുടമയോ റിയൽ എസ്റ്റേറ്റ് കമ്പനിയോ ആണെങ്കിൽ അവരുമായി ബന്ധപ്പെട്ട് പണം അടച്ചതിനുശേഷമാണ് നിയമനടപടികൾ നീക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടത്. പണം ലഭിച്ചിട്ടുണ്ടെന്നും കേസ് പിൻവലിക്കുകയാണെന്നും വാദിഭാഗം കോടതിയെ ഓൺലൈൻ വഴി അറിയിക്കാം. തുടർന്ന് കോടതി യാത്രവിലക്ക് നീക്കി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി പിൻവലിക്കാൻ സെൻട്രൽ ബാങ്കിനോട് ആവശ്യപ്പെടും. അതോടെ രണ്ടു, മൂന്ന് ദിവസത്തിനകം നടപടികൾ പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.