എൽ ക്ലാസിക്കോ സൂപ്പർ കപ്പ് വോളിബാൾ ടൂർണമെന്റ്
text_fieldsജിദ്ദ: സൗദി മിനിസ്ട്രി ഓഫ് സ്പോർട്സിന്റെ കീഴിൽ എൽ ക്ലാസിക്കോ സ്പോർട്സ് ഇവന്റ് സംഘടിപ്പിക്കുന്ന എൽ ക്ലാസിക്കോ സൂപ്പർ കപ്പ് 2023 വോളിബാൾ ടൂർണമെന്റ് മേയ് 25, 26, 27 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ നടക്കും. ജിദ്ദ അമീർ അബ്ദുല്ല ഫൈസൽ (ഗ്രീൻ ഫീൽഡ് ഇൻഡോർ) സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ സൗദിയിലെ പ്രമുഖ ക്ലബുകളായ അൽ അഹ്ലി, ഇത്തിഹാദ് എന്നിവയോടൊപ്പം ട്രെയിനിങ് മാറ്റ്, അൽ നോർസ്, ടൈഗർ ക്ലബ്, അറബ്കോ എന്നീ ആറ് പ്രഗത്ഭ ടീമുകൾ മാറ്റുരക്കും.
പ്രമുഖ ഇന്ത്യൻ ടീമുകൾ ഉൾെപ്പടെ മാറ്റുരക്കുന്ന ടൂർണമെന്റിന്റെ ഫിക്സ്ചർ റിലീസിങ് ചടങ്ങ് ജിദ്ദ കാസബ്ളാങ്ക ഹോട്ടലിൽ നടന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് മത്സരങ്ങൾ ആരംഭിക്കുക. വ്യാഴം, വെള്ളി ദിവസങ്ങളിൽ ലീഗ് മത്സരങ്ങളും ശനിയാഴ്ച സെമി, ഫൈനൽ മത്സരങ്ങളുമായിരിക്കും നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.
ടൂർണമെന്റിലെ ചാമ്പ്യൻമാർക്ക് 20,000 റിയാൽ പ്രൈസ് മണിയും റണ്ണറപ്പിന് 15,000 റിയാൽ പ്രൈസ് മണിയും ലഭിക്കും. സ്റ്റേഡിയത്തിൽ പങ്കെടുക്കുന്ന കാണികൾക്ക് ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സരങ്ങൾക്കിടയിൽ പ്രവാസ ലോകത്തെ അറിയപ്പെടുന്ന കലാകാരന്മാർ അവതരിപ്പിക്കുന്ന ഇൻഡോ, അറബ് കൾച്ചറൽ പരിപാടികൾ ഉണ്ടായിരിക്കുമെന്നും എൽ ക്ലാസിക്കോ സ്പോർട്സ് ഇവൻറ് ഭാരവാഹികള്‍ അറിയിച്ചു.
ഫിക്സ്ചർ റിലീസിങ് ചടങ്ങിൽ ആദിൽ ബഖ്തിർ, അബു മുഹമ്മദ് ഖാസി, അയ്യൂബ് മുസ്ലിയാരകത്ത്, ഷിബു തിരുവന്തപുരം, പി.എം. മായിൻ കുട്ടി, സാദിഖലി തുവ്വൂർ എന്നിവർ സംസാരിച്ചു. വി.പി ഹിഫ്സുറഹ്മാൻ (ചെയർമാൻ, എൽ ക്ലാസിക്കോ), സൈനുദ്ധീൻ (മാനേജിങ് ഡയറക്ടർ), സഅദ് ആയിദ് അൽ യഹ്യാവി (വോളിബാൾ സൗദി നാഷനൽ കമ്മിറ്റി അംഗം), അഹ്മദ് മുഹമ്മദ് അൽ ഗാംദി (മാനേജർ, ജിദ്ദ വെസ്റ്റേൺ റീജ്യൻ കമ്മിറ്റി), സാമി അമീൻ ഫഖുറുദ്ധീൻ (ജിദ്ദ വെസ്റ്റേൺ റീജ്യൻ കമ്മിറ്റി അംഗം), ഹനാൻ (സൗദി വോളിബാൾ ഫെഡറേഷൻ) എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിച്ചു. റാഫി ബീമാപള്ളി, മുഹമ്മദ് ഗാസി സദഖ എന്നിവർ അവതാരകരായിരുന്നു. നൗഷാദ് ചാത്തല്ലുർ, നാസർ കോഴിത്തൊടി, ഹിബ, ഹനാൻ, ഫവാസ് മുത്ത്, വഹാബ്, അൻസാർ, മൻസൂർ വയനാട്, നൗഫൽ, അജി എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.