അന്താരാഷ്ട്ര യോഗദിനത്തിൽ റിയാദിൽ വിപുലമായ ആഘോഷം
text_fieldsറിയാദ്: 10ാമത് അന്താരാഷ്ട്ര യോഗദിനാചരണത്തിെൻറ ഭാഗമായി റിയാദിൽ സൗദി യോഗ കമ്മിറ്റിയും സൗദി കായികമന്ത്രാലയവുമായി സഹകരിച്ച് ഇന്ത്യൻ എംബസി വിപുലമായ ആഘോഷം സംഘടിപ്പിച്ചു. ‘യോഗ സ്വന്തത്തിനും സമൂഹത്തിനും’ എന്ന ശീർഷകത്തിൽ റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് ഒളിമ്പിക് കോംപ്ലക്സിലാണ് ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ യോഗ ദൈനംദിന ജീവിതത്തിെൻറ ഭാഗമാക്കുന്നതിെൻറ ആവശ്യകതയെയും അതുകൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെയും കുറിച്ച് തെൻറ സ്വാഗത പ്രഭാഷണത്തിൽ പറഞ്ഞു.
സൗദി യോഗ കമ്മിറ്റി പ്രസിഡൻറും പദ്മശ്രീ അവാർഡ് ജേതാവുമായ നൗഫ് അൽമർവാഇ, ഇൻറർനാഷനൽ യോഗ സ്പോർട്സ് ഫെഡറേഷൻ പ്രസിഡൻറ് രാജശ്രീ ചൗധരി എന്നിവർ ചടങ്ങിൽ സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്തവരെല്ലാം പൊതുവായ യോഗാഭ്യാസ പ്രകടനം നടത്തി. തുടർന്ന് അവർ പ്രാണായാമവും ധ്യാനമുറകളും അഭ്യസിച്ചു. സൗദി യോഗ കമ്മിറ്റി അംഗം അൽഹനൂഫ് സഅദ് യോഗാഭ്യാസപ്രകടനങ്ങൾക്ക് നേതൃത്വം നൽകി.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും നയതന്ത്ര സമൂഹ പ്രതിനിധികൾ, പ്രവാസി ഇന്ത്യക്കാർ, സൗദിയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ, അധ്യാപകർ, സൗദി പൗരർ, ക്ഷണിക്കപ്പെട്ട വിവിധ രാജ്യക്കാർ, സൗദി കായിക, ടൂറിസം മന്ത്രാലയങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. മുഖ്യാതിഥികൾക്കും യോഗ ഗുരുവിനും മെഡിക്കൽ സംഘത്തിനും അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ പ്രശംസാ ഫലകങ്ങൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.