മക്കയിൽ ഇന്ത്യൻ ഹാജിമാരുടെ സുഗമ യാത്രക്കായി വിപുല സംവിധാനങ്ങൾ
text_fieldsമക്ക: ഇന്ത്യൻ ഹാജിമാർ സൗദിയിലെത്തിയാൽ യാത്രകൾ മുഴുവൻ ക്രമീകരിച്ചിട്ടുള്ളത് ബസുകളിലാണ്. വിമാനത്താവളങ്ങൾ, മദീന, മക്ക, ഹജ്ജ് കർമങ്ങൾ നടക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇന്ത്യൻ ഹാജിമാർക്ക് അത്യാധുനിക സംവിധാനങ്ങളുള്ള ബസുകളാണ് ആശ്രയം.
ഈ സൗകര്യങ്ങൾ അതത് ഹജ്ജ് സർവിസ് കമ്പനികളാണ് ഒരുക്കുന്നത്. ഹജ്ജ് ദിനങ്ങളിൽ ഹജ്ജ് സർവിസ് കമ്പനികളുടെ അടിസ്ഥാനത്തിൽ കുറഞ്ഞ ശതമാനം ഹാജിമാർക്ക് മഷാഇർ മെട്രോ ട്രെയിൻ സർവിസുകളും ഉപയോഗപ്പെടുത്താനാവും. ഹാജിമാർ ഏറ്റവും കൂടുതൽ ദിനങ്ങൾ ചെലവഴിക്കുന്ന മക്ക അസീസിയയിലെയും നസീമിലെയും താമസ സ്ഥലങ്ങളിൽനിന്ന് ഹറമിലേക്കും തിരിച്ചുമുള്ള ഗതാഗതസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത് ഇന്ത്യൻ ഹജ്ജ് മിഷനാണ്.
മസ്ജിദുൽ ഹറാമിൽനിന്ന് എട്ട് മുതൽ 10 വരെ കിലോമീറ്റർ അകലെയാണ് ഇന്ത്യൻ ഹാജിമാരുടെ താമസകേന്ദ്രങ്ങൾ. ഇവിടെനിന്ന് മസ്ജിദുൽ ഹറാമിലേക്കും തിരിച്ചുമുള്ള യാത്രകൾ ക്രമീകരിച്ചിരിക്കുന്നത് ബസുകളിലാണ്. ഇതിനായി അത്യാധുനിക സൗകര്യങ്ങളുള്ള 500 ലധികം ബസുകളാണ് ഒരുക്കിയിരിക്കുന്നത്.
ഹാഫിൽ, അൽ ഖായിദ് എന്നീ കമ്പനികളുടെ ബസുകളാണ് സർവിസ് നടത്തുന്നത്. ഹറമിലേക്കുള്ള ബസുകൾ കുദായ്, മഹബസ് ജിന്ന് എന്നിവിടങ്ങളിലേക്കാണ് നേരിട്ട് സർവിസ്. അവിടെ നിന്ന് സൗദി സർക്കാറിന്റെ കീഴിലുള്ള മറ്റു ബസുകളിൽ കേറി വേണം ഹറമിലെത്താൻ. ബാബ് അലി, ക്ലോക്ക് ടവറിന് താഴെ എന്നിവിടങ്ങളിൽ ഒരുക്കിയ ബസ് സ്റ്റാൻഡുകളിലാണ് ഹറമിലേക്കെത്തുന്ന ഹാജിമാർ വന്നിറങ്ങുന്നത്.
24 മണിക്കൂറും ഷട്ടില്‍ സര്‍വിസുകള്‍ നടത്തുന്ന അസീസിയ ഹറം യാത്രകള്‍ മുഴുവൻ ക്രമീകരിച്ചിട്ടുള്ളത് ഇന്ത്യൻ ഹജ്ജ് മിഷന് കീഴിലാണ്.
ഇതിനായി ഡ്രൈവർമാരെ കൂടാതെ 400 ലധികം ജോലിക്കാർ രണ്ടു ഷിഫ്റ്റുകളിലായി 24 മണിക്കൂറും ജോലിചെയ്യുന്നുണ്ട്. ഇവർ ഹാജിമാരെ ബസുകളിൽ കയറ്റുന്നതടക്കമുള്ള ജോലികൾ നിർവഹിക്കുന്നു. താമസ സ്ഥലങ്ങളിലേക്കെത്തുന്ന ബസുകൾ 19 ബസ് പോയന്റുകളിലേക്കാണ് സർവിസ് നടത്തുന്നത്. 200 ഹാജിമാർക്ക് ഒരു ബസ് എന്ന ക്രമത്തിലാണ് സർവിസുകൾ. വനിതകൾക്ക് മാത്രമായി പ്രത്യേക ബസുകളും സർവിസ് നടത്തുന്നുണ്ട്. ബസുകൾ ഏകോപിപ്പിക്കുന്നതിനായി അസീസിയയിലെ മഹത്തുൽ ബങ്കിൽ ബിൽഡിങ് നമ്പർ 130 ൽ പ്രത്യേക ട്രാൻസ്പോർട്ടേഷൻ ഓഫിസും പ്രവർത്തിക്കുന്നുണ്ട്.
ബസ് നമ്പറുകളും സർവിസ് നടത്തുന്ന സ്ഥലങ്ങളും
അസീസിയയിൽനിന്നുള്ള 1, 2, 3A, 3B, 4, 5A, 5B, 10A, 10B എന്നീ പോയന്റ് നമ്പറുകൾ ഉള്ള ബസുകൾ ഖുദായ് ഭാഗത്തേക്കാണ് സർവിസുകൾ. ഹാഫിൽ എന്ന പേരിലുള്ള ബസുകളാണ് ഈ റൂട്ടിൽ സർവിസ് നടത്തുന്നത്.
6, 7A, 7B, 8, 9A, 9B,12, 13A, 13B എന്നീ പോയന്റ് നമ്പറുകളുള്ള ബസുകൾ മഹബസ് ജിന്ന് ഭാഗത്തേക്കായിരിക്കും സർവിസ്. അൽ ഖായിദ് എന്ന പേരിലുള്ള ബസുകളാണ് ഈ റൂട്ടിൽ സർവിസ് നടത്തുന്നത്.
നസീമിൽനിന്നുള്ള 11A, 11B എന്നീ പോയന്റ് നമ്പറുകളുള്ള ബസുകളും മഹബസ് ജിന്ന് ഭാഗത്തേക്കായിരിക്കും സർവിസ്. ഇവിടെ നിന്ന് ഖുദായ് ഭാഗത്തേക്ക് സർവിസുകൾ നടത്തുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.