ഇലക്ട്രിക് സൈക്കിളുകള്‍ ജിദ്ദയിലും വ്യാപകമാവുന്നു
text_fieldsജിദ്ദ: യു.എ.ഇയിലെ വിവിധ നഗരങ്ങളില്‍ പ്രവാസികള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഇലക്ട്രിക് സൈക്കിളുകള്‍ ജിദ്ദയിലും വ്യാപകമാകുന്നു. ഷാര്‍ജ, ദുബൈ, അജ്മാന്‍ ഉള്‍പ്പെടെ നഗരങ്ങളില്‍ പ്രവാസി ഇന്ത്യക്കാരും ആഫ്രിക്കക്കാരും ഫിലിപ്പീന്‍സുകാരുമെല്ലാം തൊഴിലാവശ്യങ്ങള്‍ക്കും മറ്റുമായി ഇലക്ട്രിക് ബൈസിക്കിളുകള്‍ ഉപയോഗിക്കുന്നുണ്ട്.
ചെലവ് കുറഞ്ഞവാഹനം എന്നനിലയില്‍ സാധാരണക്കാര്‍ക്കിടയില്‍ നല്ല പ്രചാരമാണ് ഇതിന് ലഭിക്കുന്നത്. ജിദ്ദയിലെ ബാബു ശരീഫില്‍ സാധാരണ സൈക്കിളുകള്‍ വില്‍ക്കുന്ന കടകളില്‍ ഈയടുത്ത കാലത്തായി ഇലക്ട്രിക് സൈക്കിളുകളും ഇടംപിടിച്ചിട്ടുണ്ട്. 1500 റിയാൽ മുതൽ വിലവരുന്ന ഇലക്ട്രിക് ബൈസിക്കിളുകള്‍ പല ആകൃതിയിലും ആകര്‍ഷകമായ ഡിസൈനുകളിലും ലഭ്യമാണ്. സാധാരണക്കാരുടെ പ്രിയ വാഹനമായി മാറിക്കഴിഞ്ഞ ഇലക്ട്രിക് സൈക്കിളുകള്‍ ഓടിക്കാന്‍ ഡ്രൈവിങ് ലൈസന്‍സോ ഇൻഷുറന്‍സോ വാഹന രജിസ്ട്രേഷനോ ഒന്നും ആവശ്യമില്ല എന്നതും സാധാരണക്കാര്‍ക്ക് ഈ വാഹനത്തോടുള്ള പ്രിയം വര്‍ധിപ്പിക്കുന്നു.
ഏത് ഊടുവഴികളിലും മിതമായ സ്പീഡില്‍ സഞ്ചരിക്കാന്‍ ഇലക്ട്രിക് സൈക്കിളുകളിലൂടെ സാധിക്കുന്നു. സ്കിൽഡ് തൊഴിലാളികളെ സംബന്ധിച്ചിടത്തോളം തൊഴില്‍സ്ഥലങ്ങളിലേക്കെത്താന്‍ ടാക്സികളായിരുന്നു ഇതുവരെ ആശ്രയം. ഇത് അമിത ചെലവിന് ഇടയാക്കുന്നതിനാല്‍ മലയാളികളില്‍ ചിലരെങ്കിലും ഇപ്പോള്‍ ഇത്തരം ഇലക്ട്രിക് സൈക്കിളുകള്‍ ഉപയോഗിക്കുന്നുണ്ട്. ബാറ്ററിയുടെ ഗുണനിലവാരമനുസരിച്ച് ഒരു ചാർജിങ്ങില്‍ 200 കിലോമീറ്റര്‍ വരെയും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെയും സഞ്ചരിക്കാന്‍ ബൈസിക്കിളുകള്‍ മുഖേന കഴിയുമെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
ഹൈവേ പോലുള്ള പ്രധാന റോഡുകളിൽ ഇത്തരം സൈക്കിളുകള്‍ ഓടിക്കുന്നത് അപകടകരമാണെങ്കിലും പലരും അത്തരം റോഡുകളിൽ വരെ ഇലക്ട്രിക് സൈക്കിളുകള്‍ ഉപയോഗിച്ച് യാത്രചെയ്യുന്നത് പതിവാണ്.
ചൂടുകാലത്ത് ഇവ ഓടിക്കുന്നത് പ്രയാസമാണെങ്കിലും ചെലവ് കുറഞ്ഞ വാഹനമെന്നനിലയില്‍ സാധാരണക്കാരുടെ ഉറ്റമിത്രമായിരിക്കുകയാണ് ഇലക്ട്രിക് സൈക്കിളുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.