മദീന പള്ളിക്കും വിമാനത്താവളത്തിനുമിടയിൽ ഇലക്ട്രിക് ബസ് സർവിസിന് തുടക്കം
text_fieldsമദീന: മസ്ജിദുന്നബവിക്കും മദീന വിമാനത്താവളത്തിനുമിടയിൽ ഇലക്ട്രിക് ബസ് സർവിസ് ആരംഭിച്ചു. മദീന റീജനൽ ഡെവലപ്‌മെൻറ് അതോറിറ്റിയും (എം.ഡി.എ) മദീന മുനിസിപ്പാലിറ്റിയും സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയുമായി (ടി.ജി.എ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനങ്ങളുടെ ആധുനിക പതിപ്പ് ഇലക്ട്രിക് ബസുകളാണ് സർവിസിന് ഉപയോഗിക്കുന്നത്. എം.ഡി.എ ചെയർമാൻ കൂടിയായ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് സർവിസ് ഉദ്ഘാടനം ചെയ്തു.
ഗതാഗത, ലോജിസ്റ്റിക് സർവിസ് മന്ത്രിയും ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജി. സാലിഹ് അൽ-ജാസർ, സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി (സാപ്‌റ്റ്‌കോ) സി.ഇ.ഒ എൻജി. ഖാലിദ് അബ്ദുല്ല അൽ ഹൊഗൈൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്‌ഘാടന ചടങ്ങ്. പ്രത്യേക ട്രാക്കിലൂടെ സഞ്ചരിക്കുന്ന ബസ് ഒറ്റ ചാർജിൽ 250 കിലോമീറ്റർ ദൂരം ഓടും. അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനും മസ്ജിദുന്നബവിക്കുമിടയിൽ 38 കിലോമീറ്റർ ദൂരമാണുള്ളത്. 18 മണിക്കൂറിനുള്ളിൽ പ്രതിദിനം 16-ലധികം ട്രിപ്പുകളാണ് നടത്തുക.
നൂതന എയർ കണ്ടീഷനിങ് സംവിധാനം, യാത്രയുടെ വിശദാംശങ്ങൾ കാണിക്കുന്ന ഡിസ്പ്ലേ സ്ക്രീനുകൾ, പ്രത്യേക ആവശ്യങ്ങളുള്ള സേവനം നൽകുന്നതിന് പ്രത്യേക സീറ്റുകൾ എന്നിവ ഇലക്ട്രിക് ബസിെൻറ സവിശേഷതകളാണ്. ഗതാഗത പ്രവർത്തനങ്ങളിലും സേവനങ്ങളിലും ആധുനിക രീതികളും സാങ്കേതിക വിദ്യകളും സ്വീകരിക്കാനും കാർബൺ പുറന്തള്ളൽ 25 ശതമാനമായി കുറയ്ക്കാനും ലക്ഷ്യമിടുന്ന ദേശീയ ഗതാഗത നയത്തിെൻറ ഭാഗമായാണ് ഇലക്ട്രിക് ബസ് പുറത്തിറക്കുന്നത്. മദീന നിവാസികളെ കൂടാതെ പ്രവാചക പള്ളി സന്ദർശിക്കുന്ന ആയിരങ്ങൾക്കും ബസ് സർവിസ് പ്രയോജനപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.