ജിദ്ദ വിമാനത്താവളത്തിൽ ഇലക്ട്രിക് ബസുകൾ സർവിസ് തുടങ്ങി
text_fieldsജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ യാത്രക്കാർക്കായി ഇലക്ട്രിക് ബസുകൾ സർവിസ് തുടങ്ങി. രാജ്യത്താദ്യമായി മദീന വിമാനത്താവളത്തിലാണ് സർവിസ് ആരംഭിച്ചത്. അതിന് തൊട്ടുപിന്നാലെയാണ് ജിദ്ദ വിമാനത്താവളത്തിലും ഇത് ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം സിവിൽ ഏവിയേഷൻ പ്രസിഡൻറ് അബ്ദുൽ അസീസ് അൽദുവൈലജ് നിർവഹിച്ചു. വിമാനത്താവള സർവിസ് കമ്പനിയായ അൽഅമദിന് കീഴിലാണ് പൂർണമായും വൈദ്യുതോർജത്തിൽ പ്രവർത്തിക്കുന്ന ബസുകൾ ഒരുക്കിയിരിക്കുന്നത്. ബസിനകത്ത് യാത്രക്കാരുടെ കാബിനുള്ളിൽ മൂന്ന് സ്ക്രീനുകളും യാത്രയുടെ എല്ലാ വിശദാംശങ്ങളും കാണിക്കുന്ന നാല് ഡ്രൈവർ സ്ക്രീനുകളുമുണ്ട്. ഏകദേശം 110 പേർക്ക് യാത്രചെയ്യാം. ബസിനുള്ളിലെ എല്ലാ വിവരങ്ങളും വസ്തുതകളും റെക്കോഡ് ചെയ്യാനും രേഖപ്പെടുത്താനും കഴിയുന്ന 14 കാമറകൾ അകത്തും പുറത്തുമുണ്ട്. ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള എയർകണ്ടീഷനിങ് സംവിധാനവും ഭിന്നശേഷിക്കാർക്കായി പ്രത്യേക സൗകര്യങ്ങളും ബസിനകത്തുണ്ട്. പരിസ്ഥിതിയെ സൗഹൃദപരമായ ഈ ബസ് ശബ്ദമലിനീകരണമുണ്ടാക്കുന്നില്ല. കാർബൺ പുറന്തള്ളൽ ഇല്ലെന്നതിനാൽ ഒരുതരത്തിലുള്ള അന്തരീക്ഷമലിനീകരണവും ഉണ്ടാക്കുന്നില്ല.
'വിഷൻ 2030'ന് അനുസൃതമായി ശുദ്ധമായ ഊർജത്തെ ആശ്രയിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിവിൽ ഏവിയേഷൻ അതോറിറ്റി രാജ്യത്തെ വിമാനത്താവളങ്ങളിൽ ഇലക്ട്രിക് ബസ് സർവിസ് ഏർപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.