ഇലക്ട്രിക് കാർ നിർമാണം സൗദിയിലും: ലൂസിഡ് വാഹന ഫാക്ടറി പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി
text_fieldsജിദ്ദ: ഇലക്ട്രിക് കാറുകൾ സൗദി അറേബ്യയിലും നിർമിക്കുന്നു. ലൂസിഡ് ഇലക്ട്രിക് വാഹന കമ്പനി സൗദിയിൽ ഫാക്ടറി നിർമിക്കാൻ പ്രവർത്തനമാരംഭിച്ചതായി സൗദി നിക്ഷേപ മന്ത്രാലയം അറിയിച്ചു. 123 കോടി റിയാലിലേറെ മുതൽമുടക്കി നിർമിക്കുന്ന ഫാക്ടറിയിൽ പ്രതിവർഷം 1,55,000 കാറുകൾ ഉൽപാദിപ്പിക്കും.
രാജ്യത്ത് ഇലക്ട്രിക് കാർ വ്യവസായം വികസിപ്പിക്കുന്നതിന്‍റെ തുടക്കം ഗുണനിലവാരമുള്ള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള ഭരണകൂടത്തിന്‍റെ ശക്തമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ് പറഞ്ഞു.
സൗദി സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും സാങ്കേതികവിദ്യ കൈമാറുന്നതിനും കഴിവുകൾ വികസിപ്പിക്കുന്നതിനും ഇത് സഹായിക്കും. ഹരിത സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും കാർബൺ ഉദ്വമനം കുറക്കുന്നതിനുമുള്ള രാജ്യത്തിന്‍റെ ആഗോള പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നു. സൗദിയിൽ ഫാക്ടറി നിർമാണം ആരംഭിക്കുന്നതിനുള്ള ലൂസിഡ് ഇലക്ട്രിക് വാഹന കമ്പനിയുടെ പ്രഖ്യാപനത്തെ മന്ത്രി സ്വാഗതം ചെയ്തു.
ഏറ്റവും ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾക്ക് അനുസൃതമായ രാജ്യത്തെ ബിസിനസ് അന്തരീക്ഷത്തിന്‍റെ മത്സരക്ഷമത ഇത് സ്ഥിരീകരിക്കുന്നതാണ്. ആധുനിക സാങ്കേതികവിദ്യകളും കണ്ടുപിടിത്തങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയെ നയിക്കുകയും അതിന്‍റെ ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്നതാണെന്നും മന്ത്രി പറഞ്ഞു.
വ്യാവസായിക മേഖലകളുടെയും നൂതന വ്യവസായങ്ങളുടെയും പുരോഗതിക്കായി സൗദിയുടെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഇലക്ട്രിക് വാഹന നിർമാണമേഖലയുടെ വികസനമെന്നും മന്ത്രി പറഞ്ഞു. ലൂസിഡ് ഫാക്ടറിയിൽ അടുത്തവർഷം മുതൽ നാല് വ്യത്യസ്ത തരം ഇലക്ട്രിക് കാറുകളാണ് നിർമിക്കുക. 2028-ൽ 1,55,000 കാറുകൾ നിർമിച്ച് ഫാക്ടറി അതിന്‍റെ പൂർണശേഷിയിലെത്തും. ഉൽപാദിപ്പിക്കുന്ന കാറുകളിൽ 95 ശതമാനവും കയറ്റുമതി ചെയ്യും.
ഫാക്ടറിയുടെ ആസ്ഥാനം റിയാദിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ ഇൻഡസ്ട്രിയൽ വാലിയിലായിരിക്കും. ഒരു ലക്ഷം ഇലക്ട്രിക് കാറുകൾ വാങ്ങാൻ സൗദി അറേബ്യ ലൂസിഡ് കമ്പനിയുമായി നേരത്തെ തന്നെ കരാർ ഒപ്പിട്ടിട്ടുണ്ട്.
10 വർഷത്തിനുള്ളിൽ ഒരു ലക്ഷം ഇലക്ട്രിക്കൽ വാഹനങ്ങൾ വാങ്ങാനാണ് ഗവൺമെന്‍റ് ധാരണ. ഈ വർഷം സൗദി വിപണിയിൽ ഫാക്ടറിയുടെ ഇലക്ട്രിക് വാഹനങ്ങൾ വിതരണം ചെയ്യാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.