മക്കയിലെ ഇറച്ചിവിൽപന ശാലകളിൽ ഇലക്ട്രോണിക് ത്രാസ് നിർബന്ധം
text_fieldsമക്ക: പാർട്ടികൾക്കും മറ്റും ഭക്ഷണമൊരുക്കുന്ന മക്കയിലെ ഭക്ഷണശാലകളിലും (മത്ബഖുകൾ) റസ്റ്റാറന്റുകളിലും ഇറച്ചിവിൽപനക്ക് ഇലക്ട്രോണിക് ത്രാസ് (മീസാൻ) നിർബന്ധമാക്കി. മൂന്നു മാസം മുമ്പാണ് മക്ക മുനിസിപ്പാലിറ്റി ‘മത്ബഖു’കൾക്കും റസ്റ്റാറന്റുകൾക്കും പരീക്ഷണാർഥം ‘മീസാൻ’ സംരംഭം ആരംഭിച്ചത്. അതാണ് ഇപ്പോൾ നിർബന്ധമാക്കിയിരിക്കുന്നത്. തീരുമാനം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് 1,000 റിയാൽ മുതലാണ് പിഴ. ആവർത്തിച്ചാൽ പിഴ 10,000 റിയാൽ വരെയാകും.
മത്ബഖുകളിലും റസ്റ്റാറന്റുകളിലും നടത്തുന്ന ഇറച്ചിവിൽപന വ്യവസ്ഥാപിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പാലിറ്റി ഡെപ്യൂട്ടി മേയർ എൻജി. അബ്ദുല്ല അൽസാഇദി പറഞ്ഞു. ആളുകളുടെ എണ്ണത്തിനനുസരിച്ച് തൂക്കത്തിലും അളവിലും നിയന്ത്രണമില്ലാതെ ഇറച്ചിവിൽപന നടത്തുന്ന രീതിക്കു പകരമാണ് ഡിജിറ്റൽ മീസാൻ സംവിധാനമേർപ്പെടുത്തിയിരിക്കുന്നത്. ഇത് ഉപഭോക്താവിന് ന്യായമായ അളവിൽ ഇറച്ചി ലഭിക്കാൻ സഹായിക്കും.
ഓരോ സ്ഥാപനത്തിലും ഡിജിറ്റൽ തൂക്കയന്ത്രം ഉണ്ടാകേണ്ടതുണ്ട്. ഉപഭോക്താവിനു മുന്നിൽ ഇറച്ചിയുടെ തരവും വിലയും കാണിക്കുന്ന ബോർഡുകൾ സ്ഥാപിക്കുകയും വേണം. ഓർഡർ സ്വീകരിക്കേണ്ടത് തൂക്കത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. അസ്ഥികൾ, കുടൽ പോലുള്ളവ കൂട്ടിക്കലർത്തി തൂക്കം വ്യക്തമാക്കാതെ ആളുകളെ വാങ്ങാൻ നിർബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മക്കയിലെ മത്ബഖുകൾ, റസ്റ്റാറന്റുകൾ എന്നിവയുടെ ഉടമകൾക്കുള്ള ബോധവത്കരണം മുനിസിപ്പാലിറ്റിക്കു കീഴിൽ മൂന്നു മാസമായി തുടരുകയാണ്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഡിജിറ്റൽ അളവ് യന്ത്രം നടപ്പാക്കൽ ആരംഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.