വിസ്മയമായി കിങ് സൽമാൻ സയൻസ് ഒയാസിസിലെ ‘ആന ഘടികാരം’
text_fieldsറിയാദ്: കിങ് സൽമാൻ സയൻസ് ഒയാസിസ് സംഘടിപ്പിക്കുന്ന ‘സ്റ്റീം 2024’ എന്ന ശാസ്ത്ര സാങ്കേതിക മേളയിൽ വിസ്മയമായി വളരെ പഴയ കാലത്ത് നിർമിച്ച ആന ക്ലോക്ക്.
അറബ് മുസ്ലിം ശാസ്ത്രജ്ഞനായ ബദീഉൽ സമാൻ അബു അൽ ഇസ്മാഈൽ അൽറസാസ് അൽജസാരിയുടെ ‘ആന ക്ലോക്കി’ന്റെ യഥാർഥ പകർപ്പാണ് ഫെസ്റ്റിവലിൽ ആളുകൾക്ക് വിസ്മയമായി മാറിയിരിക്കുന്നത്. എ.ഡി 1136-1206 കാലത്ത് ജീവിച്ചിരുന്ന ബദീഉൽ സമാൻ അൽറസാസ് അൽജസാരി എന്ന അറബ് ശാസ്ത്രജ്ഞനാണ് ആന ക്ലോക്ക് കണ്ടുപിടിച്ചത്.
ഇസ്ലാമിക നാഗരികതയുടെ സുവർണ കാലഘട്ടം മുതൽ ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, കല, ഗണിതശാസ്ത്രം എന്നീ മേഖലകളെ ഒരുമിച്ച് കൊണ്ടുവരുന്ന അത്ഭുതകരമായ മാസ്റ്റർപീസ് നിർമിതിയാണിത്.
കൃത്യമായ ശാസ്ത്രീയ തത്ത്വങ്ങൾ, സ്മാർട്ട് വാട്ടർ ടെക്നിക്കുകൾ, വിപുലമായ എൻജിനീയറിങ്, വൈവിധ്യമാർന്ന സംസ്കാരങ്ങളെ സമന്വയിപ്പിക്കുന്ന കലകൾ, കൃത്യമായ പ്രകടനം ഉറപ്പാക്കുന്ന ഗണിതശാസ്ത്രം എന്നിവയും ഘടികാരത്തിൽ പ്രതിഫലിപ്പിക്കുന്നു.
സമകാലിക ശാസ്ത്ര സാങ്കേതിക വിപ്ലവങ്ങളുടെ വേരുകൾ ആധികാരിക അറബ്-ഇസ്ലാമിക പൈതൃകത്തിൽ ആഴത്തിൽ വേരൂന്നിയതാണ് എന്നതിന്റെ ജീവിക്കുന്ന ഉദാഹരണം കൂടിയാണിത്. സമയത്തിന്റെയും സ്ഥലത്തിന്റെയും അതിരുകൾക്കപ്പുറത്തുള്ള സ്ഥിരമായ നവീകരണത്തിന്റെ പ്രതീകവും.
വലിയ വ്യവസായിക വിപ്ലവങ്ങൾക്ക് വഴിയൊരുക്കിയ ഇസ്ലാമിക നാഗരികതയുടെ ശേഷിപ്പുമാണിത്. ഭാവിയിലേക്ക് ആളുകളെ പ്രചോദിപ്പിക്കുന്നതിനും സമയം അളക്കുന്നതുമായി ബന്ധപ്പെട്ട ശാസ്ത്രീയ തത്ത്വങ്ങളിലൂടെയുമാണ് ഇൗ ക്ലോക്ക് പ്രവർത്തിക്കുന്നത്.
ആധുനിക ഹൈഡ്രോളിക് സംവിധാനങ്ങൾക്ക് സമാനമായ സമയം നിയന്ത്രിക്കുന്നതിനുള്ള ഗ്രീക്ക് ജല സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. ജലപ്രവാഹവും ഗിയറുകളും ഉപയോഗിച്ച് അതിമനോഹരമായ എൻജിനീയറിങ് ഡിസൈൻ ഇതിന്റെ രൂപകൽപ്പനയെ വ്യത്യസ്തമാക്കുന്നു.
പുരാതന സംസ്കാരങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു മിന്നുന്ന കലാസൃഷ്ടിയാണ് ആന ക്ലോക്ക്. ഇതിനുപയോഗിച്ച ആന ഇന്ത്യക്കാരെയും ആഫ്രിക്കക്കാരെയും ഡ്രാഗൺ ചൈനീസ് സംസ്കാരത്തെയും ഫീനിക്സ് പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തെയും ജലവേല പുരാതന ഗ്രീക്ക് സംസ്കാരത്തെയും പരവതാനി പേർഷ്യൻ സംസ്കാരത്തെയും തലപ്പാവ് ഇസ്ലാമിക സംസ്കാരത്തെയും പ്രതിനിധീകരിക്കുന്നു.
സയൻസ്, ടെക്നോളജി, എൻജിനീയറിങ്, ആർട്ട്, മാത്ത് (സ്റ്റീം) ഫെസ്റ്റിവൽ 2024 ഈ മാസം രണ്ടിനാണ് കിങ് സൽമാൻ ഒയാസിസിൽ ആരംഭിച്ചത്.
സെപ്റ്റംബർ 30 വരെ തുടരും. ‘ഡിസ്കവർ യുവർ പാഷൻ; അൺലോക്ക് യുവർ പൊട്ടൻഷ്യൽ’ എന്നതാണ് ഇൗ വർഷത്തെ പ്രമേയം. കിങ് സൽമാൻ സയൻസ് ഒയാസിസ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയം, വ്യവസായ-ധാതുവിഭവ മന്ത്രാലയം, കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി, സൗദി നാഷനൽ കമീഷൻ ഫോർ എജുക്കേഷൻ, കൾച്ചർ ആൻഡ് സയൻസ് എന്നിവ സഹകരിച്ചാണ് ‘സ്റ്റീം ഫെസ്റ്റിവൽ 2024’ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.