ഫാഷന്റെ അതുല്യമായ അനുഭവമൊരുക്കാൻ റിയാദ് സീസണിൽ ‘എലീ സാബ്’
text_fieldsറിയാദ്: ‘റിയാദ് സീസൺ 2024’ലെ സന്ദർശകർക്ക് ഫാഷന്റെ അതുല്യമായ അനുഭവം പകരാൻ ലോകപ്രശസ്ത ഫാഷൻ ഡിസൈനറായ എലീ സാബ് എത്തുന്നു. സാംസ്കാരിക മന്ത്രാലയത്തിന്റെയും ഫാഷൻ അതോറിറ്റിയുടെയും സഹകരണത്തോടെ പൊതുവിനോദ അതോറിറ്റി മേധാവി തുർക്കി ആലുശൈഖിന്റെ സാന്നിധ്യത്തിൽ റിയാദ് സീസൺ സി.ഇ.ഒ ഫൈസൽ ബാഫറത് ലണ്ടനിൽ എലീ സാബുമായി ധാരണപത്രം ഒപ്പുവെച്ചു. അടുത്തിടെ സന്ദർശകരുടെ വലിയൊരു സാന്നിധ്യത്തിന് സാക്ഷ്യം വഹിച്ച നിരവധി പ്രധാന അന്താരാഷ്ട്ര ഇവന്റുകൾക്കിടയിൽ ഫാഷനും വിനോദവും സമന്വയിപ്പിക്കുന്ന അദ്വിതീയ അനുഭവം റിയാദ് സീസൺ സന്ദർശകർക്ക് ഒരുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഫാഷൻ ലോകത്തെ ഏറ്റവും ആഡംബരപൂർണമായ അന്താരാഷ്ട്ര പേരുകളുമായി ബന്ധപ്പെടുത്തി വിനോദ ഓപ്ഷനുകൾ സമ്പന്നമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്ന് പൊതുവിനോദ അതോറിറ്റി മേധാവി തുർക്കി ആലുശൈഖ് പറഞ്ഞു. ഒപ്പിട്ട ധാരണപത്രത്തിൽ എലീ സാബിന്റെ 2025ലെ റിയാദ് സീസൺ കളക്ഷന്റെ ലോഞ്ചും ഉൾപ്പെടുമെന്നും ആലുശൈഖ് പറഞ്ഞു. എലീ സാബ് ഫാഷൻ ലോകത്ത് വിശിഷ്ടമായ പേരുകളിലൊന്നാണ്.
അടുത്ത സീസണിൽ ഫാഷൻ ലോകത്തു താൽപര്യമുള്ളവരുടെ ചർച്ചാവിഷയമാകുന്ന ഡിസൈനുകൾ അവതരിപ്പിക്കുമെന്നും ആലുശൈഖ് പറഞ്ഞു. ഇതിനായുള്ള ശ്രമത്തിന് സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ, സാംസ്കാരിക ഡെപ്യൂട്ടി മന്ത്രി ഹാമിദ് ബിൻ മുഹമ്മദ് ഫാഇസ് എന്നിവർക്കും ആലുശൈഖ് നന്ദിയും അഭിനന്ദനവും അറിയിച്ചു. റിയാദ് സീസണിൽ പങ്കെടുക്കാൻ കഴിയുന്നതിൽ എലീ സാബ് സന്തോഷം പ്രകടിപ്പിച്ചു.
റിയാദ് നഗരത്തിലെ സുപ്രധാനമായ ഈ സന്ദർഭം ആഘോഷിക്കാൻ ഞങ്ങൾ അഭുതപൂർവവും പുതിയതുമായ എന്തെങ്കിലും തയാറാക്കും. അത് മേഖലയിലെ സർഗാത്മകതയെയും സംസ്കാര വൈവിധ്യത്തെയും പിന്തുണയ്ക്കുന്നതായിരിക്കുമെന്നും എലീ സാബ് പറഞ്ഞു.
റിയാദ് സീസൺ വേദികളിലൊന്നായ ‘വയാ റിയാദ്’ ഏരിയയിൽ എലീ സാബ് അടുത്തിടെയാണ് സ്വന്തം ഷോപ്പ് തുറന്നത്. ഫാഷൻ ലോകത്ത് താൽപ്പര്യമുള്ള നിരവധി ആളുകളുടെ സാന്നിധ്യത്തിന് സാക്ഷ്യം വഹിച്ച വലിയ ചടങ്ങായിരുന്നു അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.