യാത്ര കൺവെയർ ബെൽറ്റിൽ കുടുങ്ങി; കുരുക്കഴിച്ച് എംബസിയും സാമൂഹിക പ്രവവർത്തകനും
text_fieldsറിയാദ്: റിയാദിൽനിന്ന് ഡൽഹിയിലേക്ക് പോകേണ്ട യു.പി വാരാണസി സ്വദേശിയുടെ പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ നഷ്ടപ്പെട്ട് യാത്ര മുടങ്ങി. ബോഡിങ് പസ്സും എമിഗ്രേഷൻ പരിശോധനയും കഴിഞ്ഞ് സുരക്ഷ പരിശോധനക്കായി എക്സ്റേ മെഷീനിലേക്കുള്ള കൺവെയർ ബെൽറ്റിലെ പ്ലാസ്റ്റിക് തട്ടിൽ പാസ്പോർട്ടും ബോഡിങ് പാസും വെച്ചിരുന്നു. ദേഹ പരിശോധന പൂർത്തിയാക്കി ബെൽറ്റിനടുത്ത് ചെന്നപ്പോൾ പാസ്പോർട്ടും രേഖകളുമില്ലാത്ത ഒഴിഞ്ഞ ട്രേയാണ് കണ്ടത്. പ്ലാസ്റ്റിക് ട്രേ കടന്ന് വന്ന വഴികളെല്ലാം ഉദ്യോഗസ്ഥരുടെ സഹായത്തോടെ തിരഞ്ഞെങ്കിലും പാസ്പോർട്ട് കിട്ടിയില്ല. യാത്രക്കാരിൽ ആരോ അറിയാതെ അവരുടേതാണെന്ന് കരുതി മാറി എടുത്തുകൊണ്ട് പോയതാണെന്നാണ് സംശയിക്കുന്നത്. എമിഗ്രേഷൻ നടപടി പൂർത്തിയാക്കി എയർപോർട്ടിനകത്ത് പ്രവേശിച്ചതിനാൽ പാസ്പോർട്ടില്ലാതെ തിരിച്ചിറങ്ങലും സാധ്യമായില്ല. അങ്ങോട്ടും ഇങ്ങോട്ടും പോകാനാകാതെ കുടുങ്ങിയ സമയത്താണ് സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാടിന്റെ സഹായം തേടുന്നത്.
ഫോണിലൂടെ വിശദാംശങ്ങൾ പൂർണമായും മനസ്സിലാക്കിയ ശിഹാബ് ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ടു. അടിയന്തര പാസ്പോർട്ടിന് അപേക്ഷിക്കാൻ നിർദേശം കിട്ടിയതോടെ ശിഹാബ് ഓൺലൈനിൽ അപേക്ഷ ഫോറം പൂരിപ്പിച്ച് ഒപ്പും ഫോട്ടോയും വാങ്ങാൻ എയർപോർട്ടിലെത്തി. വെള്ളിയാഴ്ച അവധി ദിവസമായിട്ടും എംബസിയിലെ പാസ്പോർട്ട് വിഭാഗം ഉദ്യോഗസ്ഥർ നടപടികൾ പൂർത്തിയാക്കാൻ എംബസിയിലെത്തി പുതിയ പാസ്പോർട്ട് നൽകി. പാസ്പോർട്ട് ലഭിച്ചതോടെ തൊഴിലെടുക്കുന്ന കമ്പനിയുടെ ലീഗൽ ഓഫിസറുടെ സഹായത്തോടെ വിസ പുതിയ പാസ്പോർട്ടിലേക്ക് മാറ്റി വെള്ളിയാഴ്ച യാത്ര സാധ്യമാക്കി. ഞായറാഴ്ച വാരാണസിയിൽ നടക്കുന്ന സഹോദരന്റെ കല്യാണത്തിൽ പങ്കെടുക്കാൻ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത തടസ്സം നേരിട്ടത്. വ്യാഴാഴ്ച പോകേണ്ടയാൾ നടപടിക്രമങ്ങൾ പൂർത്തിയായി വെള്ളിയാഴ്ച വൈകീട്ടുള്ള വിമാനത്തിലാണ് യാത്ര തിരിച്ചത്.പാസ്പോർട്ട് എക്സ്റേ മെഷീനിലേക്ക് അയക്കുന്ന കാര്യത്തിൽ സൂക്ഷ്മത പുലർത്തണമെന്നും അലക്ഷ്യമായി ട്രേയിൽ നിക്ഷേപിക്കാതെ ഹാൻഡ് ബാഗിലോ അല്ലെങ്കിൽ സുരക്ഷിതമായ പാക്കിലോ വെച്ച് രേഖകൾ നഷ്ടപ്പെടാതെ ജാഗ്രത പുലർത്തണമെന്നും സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.