എംബസിയുടെ ഇടപെടൽ നിയമക്കുരുക്കിൽപെട്ട രോഗിയായ മലയാളി നാട്ടിലേക്ക് മടങ്ങി
text_fieldsദമ്മാം: രോഗത്തോടൊപ്പം ഇഖാമയോ ഇൻഷുറൻസോ ഇല്ലാതെ നിയമക്കുരുക്കിലകപ്പെട്ട മലയാളി ഇന്ത്യൻ എംബസിയുടെയും സാമൂഹികപ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങി.
തിരുവനന്തപുരം കോട്ടൂർ സ്വദേശി ഇബ്രാഹീം കുഞ്ഞാണ് ദുരിതപ്രവാസം താണ്ടി നാട്ടിലേക്ക് മടങ്ങിയത്. ദീർഘകാലമായി സൗദിയിൽ പ്രവാസിയായിരുന്ന ഇബ്രാഹീംകുഞ്ഞിന് അൽഹസ്സയിൽ കെട്ടിടനിർമാണ മേഖലയിലായിരുന്നു ജോലി. പ്രമേഹരോഗം ബാധിച്ച അദ്ദേഹത്തിന് ജോലിക്കിടെ കാലിലുണ്ടായ മുറിവ് അണുബാധ കാരണം പഴുത്തതോടെ ഗുരുതരമായ അവസ്ഥയിലായി.
ഇഖാമ കാലാവധി കഴിയുകയും ഇൻഷുറൻസ് പുതുക്കാൻ കഴിയാതെ വരുകയും ചെയ്തതോടെ ആശുപത്രിയിൽ ചികിത്സയും കിട്ടാതെയായി. തുടർന്നാണ് ഇബ്രാഹീംകുഞ്ഞിന്റെ സുഹൃത്തുക്കൾ നവയുഗം ജീവകാരുണ്യ പ്രവർത്തകനായ പത്മനാഭൻ മണിക്കുട്ടനെ ബന്ധപ്പെട്ട് സഹായം അഭ്യർഥിക്കുന്നത്.
മണിക്കുട്ടൻ റിയാദ് ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ട് ഇബ്രാഹീംകുഞ്ഞിന്റെ കാര്യം അറിയിക്കുകയും നിരന്തരമായി എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് തുടർപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. റിയാദ് ലേബർ ഓഫിസ് വഴി എക്സിറ്റ് അടിച്ചുകിട്ടി. സുഹൃത്തുക്കൾ തന്നെ ഒരുമിച്ചുകൂടി ടിക്കറ്റ് എടുത്തുനൽകി. തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് ഇബ്രാഹീംകുഞ്ഞ് നാട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.