യു.എ.ഇയിൽ കുടുങ്ങിയ സൗദി പ്രവാസികൾക്ക് അടിയന്തര സഹായം എത്തിക്കണം –ഐ.സി.എഫ്
text_fieldsജിദ്ദ: സൗദി സർക്കാർ താൽക്കാലികമായി യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ യു.എ.ഇയിൽ കുടുങ്ങിയ സൗദി പ്രവാസികൾക്ക് അടിയന്തര സഹായമെത്തിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സൗദി ദേശീയ സമിതി ആവശ്യപ്പെട്ടു. നേരത്തേതന്നെ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവിസ് ഇല്ലാത്തതിനാല്‍ വിവിധ രാജ്യങ്ങളിൽ 14 ദിവസം ക്വാറൻറീന് പൂര്‍ത്തിയാക്കിയാണ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ സൗദിയിലേക്ക് മടങ്ങിയിരുന്നത്.
ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗപ്പെടുത്തിയിരുന്നത് യു.എ.ഇ വഴിയുള്ള യാത്ര ആയിരുന്നു. എന്നാൽ, നിലവിൽ സൗദി യാത്രനിയന്ത്രണം ഏർപ്പെടുത്തിയ 20 രാജ്യങ്ങളിൽ യു.എ.ഇയും ഉൾപ്പെട്ടതിനാൽ ഈ താൽക്കാലിക മാർഗവും അടഞ്ഞിരിക്കുകയാണ്. ഇതുമൂലം ആയിരക്കണക്കിന് മലയാളികളാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. വിവിധ ട്രാവൽ ഏജൻസികൾ 15 ദിവസത്തെ പാക്കേജ് ആയാണ് ആളുകളെ യു.എ.ഇയില്‍ എത്തിച്ചിട്ടുള്ളത്. യു.എ.ഇ വിസ 40 ദിവസം വരെ മാത്രമേ ലഭിക്കുകയുള്ളൂ. പാക്കേജില്‍ എത്തിയവര്‍ യു.എ.ഇയിലെ വിവിധ ഹോട്ടലുകളിലാണ് താമസിക്കുന്നത്. സൗദി വ്യോമ, കര ഗതാഗതം പുനരാരംഭിക്കുന്നതു വരെ അവിടെ കഴിയാൻ പറ്റാത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട്. നാട്ടിലേക്ക് തിരികെ പോകാന്‍ വിമാന ടിക്കറ്റ് ചാർജും വേണ്ടിവരുന്നു.
ഗതാഗതം ആരംഭിക്കുന്നതു വരെ നോർക്കയുടെ നേതൃത്വത്തിൽ താമസം, ഭക്ഷണം എന്നിവ ഒരുക്കുന്നതിന് ആവശ്യമായ ഇടപെടൽ ഉണ്ടാകണം. ഇതിന് നയതന്ത്ര, സാങ്കേതിക തടസ്സങ്ങൾ ഉണ്ടെങ്കിൽ അവിടെ കുടുങ്ങിക്കിടക്കുന്നവരെ എത്രയുംപെെട്ടന്ന് നാട്ടിലെത്തിക്കുന്നതിന് വിമാന സർവിസ് ഒരുക്കാൻ കേന്ദ്ര, കേരള സർക്കാറുകൾ തയാറാവണം. സൗദിയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന 14 ദിവസത്തെ ഇതരരാജ്യ ക്വാറൻറീൻ സംവിധാനം ഒഴിവാക്കി എയർ ബബ്ൾ കാരാറിലൂടെ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള സാഹചര്യം ഉണ്ടാക്കാനായി ഇന്ത്യൻ എംബസിയുടെ ശ്രമങ്ങളിൽ ഐ.സി.എഫ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഹബീബ് അൽബുഖാരി അധ്യക്ഷത വഹിച്ചു. ബഷീർ എറണാകുളം, മുജീബ് എ.ആർ. നഗർ, നിസാർ കാട്ടിൽ, അഷ്റഫ് അലി, ബഷീർ ഉള്ളണം, സലിം പാലച്ചിറ, അബൂസ്വാലിഹ് മുസ്ലിയാർ, അബ്ദു റഷീദ് സഖാഫി മുക്കം, അബ്ദുൽ ഖാദർ മാസ്റ്റർ, സുബൈർ സഖാഫി, അബ്ദുസ്സലാം വടകര, സിറാജ് കുറ്റ്യാടി, മുഹമ്മദലി വേങ്ങര തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.