ജീവനക്കാരുടെ കരാർ ‘ഖിവ’ പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തണം
text_fieldsജിദ്ദ: സ്വകാര്യസ്ഥാപനങ്ങൾ ജീവനക്കാരുടെ സേവന-വേതന കരാറുകൾ ‘ഖിവ’ പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തണമെന്ന് ആവർത്തിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളോടുമാണ് ഓൺലൈൻ സംവിധാനത്തിലൂടെ കരാർ രജിസ്റ്റർ ചെയ്യാനും അപ്ലോഡ് ചെയ്യാനും മന്ത്രാലയം ആവശ്യപ്പെട്ടത്. തൊഴിലുടമയുടെയും ജീവനക്കാരന്റെയും അവകാശങ്ങൾ സംരക്ഷിക്കുകയും തൊഴിലാളിയുടെ ജോലിസ്ഥിരതയും ഉൽപാദനക്ഷമതയും വർധിപ്പിക്കുന്നതിനും അനുയോജ്യമായ തൊഴിലന്തരീക്ഷം ഒരുക്കാൻ സഹായിക്കുന്നതിനാണ് ഈ നടപടി. തൊഴിൽനിയമങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കൽ, കരാർ ഡേറ്റയുടെ സാധുത ഉറപ്പുവരുത്തൽ, തർക്കങ്ങളും തൊഴിൽപ്രശ്നങ്ങളും കുറയ്ക്കൽ എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.
സ്വകാര്യമേഖലയിലെ സ്വദേശി, വിദേശി ജീവനക്കാരുടെ കരാറുകളെക്കുറിച്ചുള്ള വിവരങ്ങൾ അപ്ലോഡ് ചെയ്യാനും പുതിയ വിവരങ്ങൾ അതത് സമയങ്ങളിൽ അപ്ഡേറ്റ് ചെയ്യാനും ‘ഇലക്ട്രോണിക് കരാർ ഡോക്യുമെന്റേഷൻ’ സേവനം തൊഴിലുടമകളെ അനുവദിക്കുന്നുണ്ട്. തൊഴിലാളികൾക്ക് അവരുടെ കരാർ ഡേറ്റയുടെ സാധുത പരിശോധിക്കാനും ഇതിലൂടെ സാധിക്കും. സ്ഥാപനം തൊഴിൽക്കരാർ ഉണ്ടാക്കിയശേഷം ജീവനക്കാരന് കരാർ അംഗീകരിക്കാനോ നിരസിക്കാനോ വ്യക്തിഗത ഖിവ അക്കൗണ്ട് വഴി അതിന്റെ ഭേദഗതിക്ക് അപേക്ഷിക്കാനോ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇരു കക്ഷികളുടെയും അംഗീകാരമുണ്ടായാൽ മാത്രമേ കരാർ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഡോക്യുമെൻറായി പരിഗണിക്കൂ. 2023ലെ ഓരോ പാദത്തിനും അനുസരിച്ച് സ്ഥാപനത്തിലെ മൊത്തം ജീവനക്കാരുടെ കരാറുകൾ രേഖപ്പെടുത്തുന്നതിനുള്ള ശതമാനം നിർണയിച്ചിട്ടുണ്ട്. ആദ്യപാദം 20 ശതമാനവും രണ്ടാം പാദം 50 ശതമാനവും മൂന്നാം പാദം 80 ശതമാനവുമാണെന്നും മന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.