അവധി കഴിഞ്ഞെത്തുന്ന വീട്ടുജോലിക്കാരെ തൊഴിലുടമകൾ നേരിട്ട് സ്വീകരിക്കണം
text_fieldsറിയാദ്: അവധിക്ക് നാട്ടിൽപോയി തിരിച്ചെത്തുന്ന വീട്ടുജോലിക്കാരെ സൗദി വിമാനത്താവളങ്ങളിൽ സ്വീകരിക്കേണ്ട പൂർണ ഉത്തരവാദിത്തം തൊഴിലുടമകൾക്കാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള മുസ്നെദ് പ്ലാറ്റ്‌ഫോം അറിയിച്ചു. അവധി കഴിഞ്ഞെത്തുന്ന ഹൗസ് മെയ്ഡ് ഉൾപ്പടെയുള്ള ഗാർഹിക തൊഴിലാളികളെ സ്വീകരിക്കാൻ രാജ്യത്തെ ഏഴ് അന്തർദേശീയ വിമാനത്താവളങ്ങളിൽ സൗകര്യമുണ്ട്.
റിയാദ് കിങ് ഖാലിദ് വിമാനത്താവളം, ദമ്മാം കിങ് ഫഹദ് വിമാനത്താവളം, ഖസീമിലെ അമീർ നാഇഫ് വിമാനത്താവളം, മദീനയിലെ അമീർ മുഹമ്മദ് വിമാനത്താവളം എന്നിവ കൂടാതെ ഹാഇൽ, അൽ-അഹ്സ, അബഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഈ സൗകര്യമുണ്ടെന്ന് മുസ്നെദ് വ്യക്തമാക്കി. ഗാർഹിക തൊഴിലാളികളെ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് സ്വീകരിക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്നും കൂടുതൽ വിവരങ്ങൾക്ക് 920002866 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും മുസ്നെദ് അറിയിച്ചു.
സൗദിയിലേക്ക് ആദ്യമായി വരുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിക്കേണ്ടതും തൊഴിലുടമക്ക് കൈമാറേണ്ടതും റിക്രൂട്ടിങ് ഓഫീസുകളുടെ ഉത്തരവാദിത്തമാണെന്നും എക്‌സിറ്റ്-റീ എൻട്രി വിസയുമായി വരുന്നവരെ തൊഴിലുടമകൾ നേരിട്ട് സ്വീകരിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) നേരത്തെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.