സൗദി തൊഴിൽനിയമ പരിഷ്കാരം: തൊഴിലുടമ-വിദേശ തൊഴിലാളി ബന്ധം മെച്ചപ്പെടുത്തും
text_fieldsറിയാദ്: പതിറ്റാണ്ടുകളായി സൗദി അറേബ്യയിൽ നിലനിൽക്കുന്ന വിദേശികളുടെ തൊഴിൽ വ്യവസ്ഥയിൽ വരുത്തുന്ന മാറ്റം രാജ്യത്തെ തൊഴിൽ വിപണിയിൽ നല്ല ഗുണങ്ങൾ സൃഷ്ടിക്കുമെന്ന് വിലയിരുത്തൽ. തൊഴിലുടമയും വിദേശ തൊഴിലാളിയും തമ്മിലെ കരാർ ബന്ധം മെച്ചപ്പെടുകയും മികച്ച തൊഴിൽ അന്തരീക്ഷം സംജാതമാവുകയും ചെയ്യുമെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. അടുത്ത വർഷം മാർച്ച് 14ന് നടപ്പിൽ വരുന്ന തൊഴിൽ നിയമപരിഷ്കാര പദ്ധതി (എൽ.ആർ.െഎ) ബുധനാഴ്ചയാണ് സൗദി മാനവശേഷി മന്ത്രാലയം പ്രഖ്യാപിച്ചത്. സൗദി തൊഴില് വിപണിയെ കൂടുതല് ആകർഷകമാക്കുമെന്നും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും താൽപര്യങ്ങള് ഒരുപോലെ സംരക്ഷിക്കപ്പെടുമെന്നുമുള്ള അഭിപ്രായമാണ് ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങി വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും പ്രകടിപ്പിച്ചത്. എല്ലാവരും എൽ.ആർ.െഎ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായാണ് നിലവിലെ സ്പോൺസർഷിപ് വ്യവസ്ഥയിൽ മാനവശേഷി മന്ത്രാലയം എൽ.ആർ.െഎ പ്രകാരം മൂന്ന് സുപ്രധാന മാറ്റങ്ങൾ വരുത്തുന്നത്.
സ്പോൺസറുടെ അധികാരങ്ങൾ കുറയും
നിലവിലെ സ്പോൺസർഷിപ് സംവിധാനം പൂർണമായും റദ്ദാക്കുന്നതല്ല എൽ.ആർ.െഎ. പകരം വിദേശ തൊഴിലാളിക്കുമേൽ സ്പോൺസർക്കുള്ള ചില അധികാരങ്ങളെ എടുത്തുകളയുന്നതാണ്. സ്വദേശി സ്പോൺസർഷിപ്പിനുകീഴിൽ വിദേശ തൊഴിലാളി റിക്രൂട്ട്മെൻറ് നിലവിലുള്ള രീതിയിൽ തന്നെ തുടരും. നിലവിൽ ഒരു ലിഖിത തൊഴിൽ കരാറിെൻറ അടിസ്ഥാനത്തിലാണ് റിക്രൂട്ട്മെൻറ് നടക്കുന്നത്.
ഇരുകൂട്ടരും ഒപ്പുവെക്കേണ്ട ആ രേഖയിൽ കരാർ കാലാവധി (പീരിയഡ് ഒാഫ് കോൺട്രാക്ട്) കൃത്യമായി കാണിച്ചിരിക്കും. ഒന്ന് മുതൽ മൂന്നുവർഷം വരെയാണ് സാധാരണ കാലാവധി രേഖപ്പെടുത്താറ്. ഇപ്പോൾ അത് പൊതുവേ രണ്ടുവർഷമായി മാറിയിട്ടുണ്ട്. ഇൗ കാലാവധി കഴിഞ്ഞാൽ തൊഴിലാളിയുടെ മുകളിൽ സ്പോൺസറുടെ സ്വാഭാവിക അധികാരങ്ങൾ ഇല്ലാതാക്കുന്നതാണ് എൽ.ആർ.െഎ. കരാർ കഴിഞ്ഞാലും തൊഴിലാളിയെ തുടരാൻ അനുവദിക്കണോ നാട്ടിലേക്ക് തിരിച്ചയക്കണോ എന്ന് തീരുമാനിക്കുന്നത് നിലവിൽ സ്പോൺസറാണ്. മറ്റൊരു സ്ഥാപനത്തിലേക്കുള്ള ജോലിമാറ്റവും ഫൈനൽ എക്സിറ്റും സ്പോൺസറുടെ അനുമതി പ്രകാരമേ നടക്കൂ.
എന്നാൽ, ഇൗ രീതിക്കാണ് മാറ്റം വരാൻ പോകുന്നത്. കരാറിെൻറ കാലാവധി അവസാനിച്ചാൽ മറ്റൊരു സ്ഥാപനത്തിലേക്ക് സ്പോൺസറുടെ അനുമതി കൂടാതെ തൊഴിലാളിക്ക് ജോലി മാറാം. അല്ലെങ്കിൽ സ്വന്തം നിലക്ക് ഫൈനൽ എക്സിറ്റ് വിസ നേടി നാട്ടിലേക്ക് തിരിച്ചുപോകാം. അതുപോലെ തൊഴിലാളിക്ക് റീ എൻട്രി വിസയിൽ രാജ്യത്തിന് പുറത്തുപോകാനും സ്പോൺസറുടെ അനുമതി ആവശ്യമില്ലാതാവും. ആഭ്യന്തര മന്ത്രാലയത്തിെൻറ സ്മാർട്ട്ഫോൺ ആപ്പായ 'അബ്ഷീർ', മാനവശേഷി മന്ത്രാലയത്തിെൻറ 'ഖിവ' പോർട്ടൽ എന്നിവ വഴി ഇൗ മൂന്ന് നടപടികളും തൊഴിലാളിക്ക് നടത്താം. ഇതിനൊന്നും സ്പോൺസറുടെ അനുമതി വേണ്ട, ഇടപെടലിെൻറ ആവശ്യവുമില്ല. ഫലത്തിൽ പ്രധാനമായും ഇൗ മൂന്ന് മാറ്റങ്ങളാണ് എൽ.ആർ.െഎ പ്രകാരം യാഥാർഥ്യമാകാനൊരുങ്ങുന്നത്. എന്നാൽ, ഇതത്ര ലഘുവായ മാറ്റങ്ങളല്ലെന്നും വിവിധ ലോകരാജ്യങ്ങളിൽനിന്നുള്ള അനേകലക്ഷം തൊഴിലാളികൾ ആശ്രയിക്കുന്ന സൗദി സ്വകാര്യ തൊഴിൽ വിപണിയിൽ നല്ല ഗുണഫലമുണ്ടാക്കുന്ന സമൂല മാറ്റമാണെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.
ഗാർഹിക തൊഴിലുകൾ ഇൗ മാറ്റത്തിൽ ഉൾപ്പെടില്ല
ദമ്മാം: വീട്ടുകാവൽക്കാർ, വീട്ടുഡ്രൈവർ, മറ്റ് വീട്ടുജോലിക്കാർ, ഇടയൻ, തോട്ടക്കാരൻ എന്നീ അഞ്ച് ഗാർഹിക തൊഴിലുകൾ തൊഴിൽ പരിഷ്കാര പദ്ധതിയുടെ (എൽ.ആർ.െഎ) പരിധിയിൽപെടില്ലെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതോടെ ഗാർഹിക തൊഴിൽ വിസകളിൽ എത്തി വാണിജ്യ തൊഴിലുകളിൽ ഏർെപ്പടുന്നത് തടയാനാകും എന്നാണ് വിലയിരുത്തുന്നത്.
നിയമാനുസൃതമല്ലാത്ത എല്ലാവിധ തൊഴിൽ കണ്ടെത്തലുകളേയും നിയന്ത്രിക്കുകയും വിപണിയിലുള്ള തൊഴിലാളികൾക്ക് മെച്ചപ്പെട്ട സാധ്യത ഒരുക്കുകയുമാണ് ഇതിൽ പ്രധാനം. കരാർ കാലാവധി കഴിഞ്ഞാൽ തൊഴിലുടമയുടെ അനുമതിയില്ലാതെ എക്സിറ്റ് റീ-എൻട്രി വിസ, ഫൈനൽ എക്സിറ്റ് വിസ എന്നിവ ലഭിക്കാൻ അവസരമൊരുക്കും. സ്വകാര്യ മേഖലയിലെ മേൽ സൂചിപ്പിച്ച അഞ്ച് വിഭാഗങ്ങൾ ഒഴികെയുള്ള എല്ലാ പ്രവാസി തൊഴിലാളികൾക്കും ഇത് ബാധകമാണ്. കൂടാതെ കരാർ പാലനത്തിന് തൊഴിലാളിയുടേയും തൊഴിലുടമയുടേയും അവകാശ സംരക്ഷണത്തിനുള്ള പ്രത്യേക നിയന്ത്രണങ്ങളും ഉൽപ്പെടുത്തിയിട്ടുണ്ട്. ഈ പരിഷ്കരണ നടപടികളിലൂടെ ദശലക്ഷക്കണക്കിന് പ്രവാസി തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ സംരംഭം രാജ്യത്തെ തൊഴിൽ അന്തരീക്ഷത്തിെൻറ കാര്യക്ഷമത വർധിപ്പിക്കും. വേതന സംരക്ഷണ സംവിധാനം, തൊഴിൽ കരാറുകളുടെ ഡിജിറ്റൽ ഡോക്യുമെേൻറഷൻ, തൊഴിൽ വിദ്യാഭ്യാസം, ബോധവത്കരണം എന്നിവ സാധ്യമാക്കും. കൂടാതെ കരാർ അവസാനിക്കുമ്പോൾ പ്രവാസി തൊഴിലാളികളെ തൊഴിലുടമകൾക്കിടയിൽ കൈമാറാൻ അനുവദിക്കുകയും ചെയ്യും.
കാലാവധിക്കിടെ നിബന്ധനകളോടെ സ്പോൺസർഷിപ് മാറാം
ദമ്മാം: പുതിയ സ്പോൺസർഷിപ് നിയമ പ്രകാരം കരാർ കാലാവധിക്കിടെ തൊഴിലാളികൾക്ക് ജോലിസ്ഥലം മാറണമെങ്കിൽ നിരവധി നിബന്ധനകൾ പാലിക്കേണ്ടിവരും. കരാർ കാലാവധി അവസാനിച്ചാൽ തൊഴിൽ മാറ്റത്തിന് സ്പോൺസറുെട അനുമതി ആവശ്യമില്ല. എന്നാൽ, കാലാവധിക്കിടെ തൊഴിൽ മാറണമെങ്കിൽ മൂന്നുമാസം മുമ്പുതന്നെ തൊഴിലുടമയെ രേഖാമൂലം അറിയിക്കണം. ജോലിയിൽ പ്രവേശിച്ച് ഒരു വർഷത്തിന് ശേഷം മാത്രമേ ഇതിന് അനുമതിയുള്ളൂ. തൊഴിൽ കരാർ അനുശാസിക്കുന്ന നഷ്ടപരിഹാര വ്യവസ്ഥ പാലിക്കേണ്ടി വരും.
തൊഴിൽ കരാർ പുതുക്കിയ ശേഷമാണെങ്കിൽ ജോലി മാറ്റത്തിന് ഒരു വർഷം കാത്തുനിൽക്കേണ്ടതില്ല. തൊഴിലുടമയുടേയും തൊഴിലാളിയുടേയും യോഗ്യതക്കനുസരിച്ചായിരിക്കും തൊഴിൽ മാറ്റം അനുവദിക്കുക. മാനവവിഭവശേഷി സാമൂഹിക വികസ മന്ത്രാലയത്തിെൻറ 'ഖിവ' പോർട്ടൽ വഴിയാണ് തൊഴിലാളികൾ തൊഴിൽ മാറ്റത്തിന് അപേക്ഷിക്കേണ്ടത്. റീഎൻട്രി ലഭിക്കുന്നതിന് അബ്ഷീർ വഴി തൊഴിലാളികൾക്ക് അവസരമുണ്ടായിരിക്കും. അതേസമയം, തൊഴിൽ കരാർ കാലത്ത് തൊഴിൽ അവസാനിപ്പിച്ച് പോകുന്നതിന് നഷ്ടപരിഹാര വ്യവസ്ഥകൾ പാലിച്ച് തൊഴിലാളികൾക്ക് അവസരമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.